ADVERTISEMENT

തായ് വാൻ ഡേയ്‌സ് 

അദ്ധ്യായം 9 

തായ്‌വാൻ എന്ന രാജ്യത്തെക്കുറിച്ച് ഇന്റർനെറ്റിൽ പരതുമ്പോൾ 'സൺമൂൺ ലേക്ക്' കണ്ണിൽ പെടാതിരിക്കില്ല. പേരിന്റെ വശ്യത മാത്രമല്ല, അത്ര സുന്ദരവുമാണ് സൺമൂൺ തടാകവും പരിസരപ്രദേശങ്ങളും എന്ന് ചിത്രങ്ങളും വീഡിയോകളും വഴി മനസ്സിലായിരുന്നു.സൺമൂൺ ലേക്ക് തായ്‌പേയ് നഗരത്തിൽ നിന്ന് 146 കി.മീ അകലെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സാരഥിയായി എത്തിയ ചാങ്ങിനോടു ചോദിച്ചു, ഒരു ദിവസത്തെ യാത്രയ്ക്ക് എത്ര രൂപ വേണമെന്ന്. 16,000 രൂപ എന്നായിരുന്നു ഉത്തരം. അങ്ങോട്ടും ഇങ്ങോട്ടുമായി 292 കി.മീ ഓടാനാണ് ഈ തുക. 'ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്' അനുസരിച്ച് ഈ തുക കൂടുതലാണെങ്കിലും 'തായ്‌വാൻ നിലവാര'പ്രകാരം ഇത് ഒട്ടും കൂടുതലല്ലെന്ന് അവിടുത്തെ ഒരാഴ്ചത്തെ ജീവിതം കൊണ്ട് ഞാൻ മനസ്സിലാക്കിയിരുന്നു.

തടാക തീരത്തെ സൈക്കിൾ ട്രാക്ക്

 

സൺ മൂൺ ലേക്ക്

സൺമൂൺ ലേക്കിലേക്കുള്ള യാത്രയിൽ എന്റെ നാട്ടുകാരിയും കൂടുംബസുഹൃത്തും തായ്‌പേയ് നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയുമായ ധന്യ കൂടെ വരുന്നുണ്ട്. സൺമൂൺ ലേക്കിലേക്കുള്ള അവളുടെയും ആദ്യ യാത്രയാണ്.രാവിലെ 6 മണിക്ക് ധന്യ എന്റെ ഹോട്ടലിലെത്തി ചാങ് തന്റെ ടാക്‌സിയുമായി റെഡിയായി കിടപ്പുണ്ടായിരുന്നു. 

സൺ മൂൺ ലേക്ക്

സൺമൂൺ ലേക്കിലേക്കുള്ള യാത്ര എക്‌സ്പ്രസ് ഹൈവേയിലൂടെയായിരുന്നു. ഇതിനുമുമ്പുള്ള എന്റെ ദീർഘയാത്രകൾ തായ്‌വാന്റെ മലമ്പ്രദേശങ്ങളിലേക്കായിരുന്നെങ്കിൽ, സൺമൂൺ ലേക്ക് സ്ഥിതി ചെയ്യുന്ന നാൻടു കൗണ്ടി വരെ നിരപ്പായ പ്രദേശങ്ങളിലൂടെയുള്ള എക്‌സ്പ്രസ് ഹൈവേയാണ്. പക്ഷേ ലേക്കും പരിസരവും പർവതങ്ങളാൽ സമൃദ്ധമാണ്.ഈ യാത്രയിലാണ് തായ്‌വാന്റെ വ്യവസായ ലോകം കൺമുന്നിൽ തുറന്നത്. ഉയർത്തി നിർമ്മിച്ച 'എലിവേറ്റഡ്' പാതയുടെ താഴെ നൂറുകണക്കിന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളുണ്ട്. കേരളത്തെപ്പറ്റി പറയുംപോലെ, ഈ രാജ്യം മുഴുവൻ ഒരു നഗരമാണെന്നു തോന്നുംവിധം അംബരചുംബികളുടെ ലോകമാണ് എവിടെയും. ഉൾനാടൻ ഗ്രാമങ്ങൾ മലമ്പ്രദേശങ്ങളിൽ മാത്രമേ ഉള്ളൂവെന്നു തോന്നുന്നു. മറ്റെല്ലാ സ്ഥലങ്ങളും നഗരവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

തടാക തീരത്തെ ഫെസിലിറ്റേഷൻ സെന്റർ

ഇടയ്ക്ക് ഒരു 'ഡ്രൈവ് ഇൻ' സൂപ്പർമാർക്കറ്റിൽ കയറി സാൻഡ്‌വിച്ചും ചായയും കഴിച്ചു. അതാണ് ഇന്നത്തെ പ്രഭാതഭക്ഷണം. കാപ്പിയ്ക്കും മറ്റും പൊള്ളുന്ന വിലയാണ്. 150 രൂപയിൽ കുറഞ്ഞ് 'കപ്പുച്ചീനോ' കിട്ടാനില്ല. തായ്‌വാൻ സന്ദർശിക്കുന്നവർ ഇത്തരം ചെലവുകൾ പ്രതീക്ഷിക്കുക.

സൺമൂൺ ലേക്ക് പരിസരമെത്തിയപ്പോൾ ഒരു ചെറു നഗരത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. തുടർന്ന് അതിവിശാലമായ തടാകത്തിന്റെ സുന്ദരദൃശ്യം തെളിഞ്ഞു വന്നു. തടാകത്തിനു ചുറ്റും റോഡുണ്ട്. അതിലൂടെ വാഹനമോടിച്ചോ നടന്നോ കാഴ്ചകൾ കാണാം. കൂടാതെ സൈക്കിൾ ചവിട്ടാനായി തടികൊണ്ട് നിർമ്മിച്ച ഒരു ട്രാക്കുമുണ്ട്.

ഞങ്ങൾ ആദ്യം കണ്ട പാർക്കിങ്ങിൽ കാർ നിർത്തി തടാക തീരത്തേക്ക് നടന്നു. കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലെ തടാകങ്ങളുടെ ഒരു വലിയ രൂപം. അവയേക്കാൾ വൃത്തിയുണ്ടെന്നു മാത്രം.ഈ തടാകം മലമുകളിൽ നിന്ന് വീക്ഷിക്കുമ്പോൾ കിഴക്കുഭാഗത്ത് സൂര്യന്റെ ആകൃതിയും പടിഞ്ഞാറു ഭാഗത്ത് അർദ്ധചന്ദ്രന്റെ ആകൃതിയുമാണുള്ളതത്രേ. അതാണ് സൺ-മൂൺ ലേക്ക് എന്നു പേരു വരാൻ കാരണം. 7.93 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വിസ്തീർണ്ണം. 27 മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളും തടാകത്തിനുണ്ട്. തടാകത്തിൽ നീന്താൻ അനുവാദമില്ല. എന്നാൽ 1983 മുതൽ ഒരു വാർഷിക നീന്തൽ മത്സരം ഇവിടെ നടന്നുവരുന്നുണ്ട്. പതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന ആ നീന്തൽ മത്സരത്തിന്റെ ദൈർഘ്യം 3 കിലോമീറ്ററാണ്.

സൺ മൂൺ ലേക്കിന്റെ കരയിലെ നഗരം

തടാകത്തിനു ചുറ്റുമുള്ള മലനിരകളിൽ താവോ എന്നൊരു ആദിവാസി വിഭാഗമുണ്ട്. തടാകത്തിനു നടുവിലെ ലാല എന്ന ദ്വീപ് ദൈവത്തിന്റെ വാസസ്ഥാനമായാണ് ആദിവാസികൾ കരുതുന്നത്. ഇപ്പോൾ ലാലു ദ്വീപിൽ ഒരു ബുദ്ധക്ഷേത്രമാണുള്ളത്.

ലേക്കിൽ സഞ്ചാരികളെ കാത്തുകിടക്കുന്ന ബോട്ടുകൾ

നൂറ്റാണ്ടുകൾക്കു മുമ്പ് ഒരു താവോ യുവാവ് മാനിനെ വേട്ടയാടുമ്പോൾ വഴി തെറ്റി എത്തിയത് തടാക തീരത്താണെന്നും അങ്ങനെയാണ് തടാകത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞതെന്നുമാണ് അവിടെ പ്രചാരത്തിലുള്ള കഥ.വർഷങ്ങളോളം തായ്‌വാൻ ഭരിച്ചത് ജപ്പാൻകാരാണ്. അക്കാലത്ത് അവർ ഇവിടെ ജലവൈദ്യുത പദ്ധതികൾ ആരംഭിച്ചു. 1934ൽ കമ്മീഷൻ ചെയ്ത വുജിയോ അണക്കെട്ടും ജനറേറ്ററുമാണ് ഇതിൽ പ്രധാനം.കുറച്ചുനേരം തടാകക്കരയിൽ നിന്ന ശേഷം ഞങ്ങൾ വീണ്ടും കാറിൽ കയറി തടാകത്തിന് വലം വെച്ചു. അപ്പോഴാണ് ഒരു അത്യാധുനിക നിർമ്മിതി തടാകക്കരയിൽ കണ്ടത്. അതൊരു ഫെസിലിറ്റേഷൻ സെന്ററാണ്. പ്രാദേശിക ഭരണകൂടത്തിന്റെ ഓഫീസും ഒരു കഫറ്റീരിയയുമൊക്കെ ഉൾപ്പെടുന്ന ഒരു കെട്ടിടം. അതിന്റെ നിർമ്മാണ രീതിയാണ് ഞങ്ങളെ ആകർഷിച്ചത്. അതിവിശാലമായ ഇന്റീരിയറും മേൽക്കൂരയുമൊക്കെയുള്ള ഒരു മോഡേൺ ആർക്കിടെക്ചറാണ് കെട്ടിടത്തിന്. അതിന്റെ ഒരറ്റം തടാകത്തിലേക്ക് ഇറങ്ങി നിൽക്കുന്നു. അവിടെ നിന്ന് തടാകം വീക്ഷിക്കാം, ചൂടു കാപ്പി കുടിക്കുകയുമാവാം. സാധാരണ ദിവസങ്ങളിൽ ഇവിടെ നൂറുകണക്കിന് സന്ദർശകർ ഉണ്ടാകാറുള്ളതാണെന്ന് ചാങ് പറഞ്ഞു. ഇപ്പോൾ മഴക്കാലമായതുകൊണ്ട് നാമമാത്രമാണ് സന്ദർശകരുടെ എണ്ണം.

ബോട്ട്ജെട്ടിയിൽ നിന്ന് നോക്കുമ്പോഴുള്ള ഹോട്ടലുകളുടെ ദൃശ്യം

വീണ്ടും തടാകം ചുറ്റി നഗരത്തിലെത്തി. തടാകത്തിലേക്ക് കണ്ണും തുറന്നിരിക്കുന്ന ഹോട്ടലുകളും കഫേകളുമാണ് നഗരത്തിലുള്ളത്. ഇടയ്ക്ക് ചില ചെറിയ മാർക്കറ്റുകളും. ടാക്‌സി കാർ കണ്ടപ്പോൾ തന്നെ ചിലർ അടുത്തുകൂടി. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയ്ക്കുള്ള ടിക്കറ്റ് വിൽക്കുന്നവരാണ്. ബോട്ടിൽ കയറ്റി, ലാലുദ്വീപിൽ ഇറക്കി, വീണ്ടും അവിടെ നിന്ന് കയറ്റി മറുകരയിലെത്തിച്ചു തരുന്നതിന് 400 രൂപയാണ് നിരക്ക്.ഞങ്ങൾ തയ്യാറെന്നു കേട്ടപ്പോൾ തൊട്ടടുത്ത ട്രാവൽ ഏജൻസിയുടെ ഓഫീസിൽ കൊണ്ടുപോയി ടിക്കറ്റ് തന്നു. ഓഫീസിനു പിന്നിലെ ജെട്ടിയിൽ നിന്നാണ് ബോട്ട് പുറപ്പെടുന്നത്. അത്യാധുനിക ബോട്ടുകളാണ്. എല്ലാ സംവിധാനങ്ങളും കുറ്റമറ്റത്. ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരുംവിധമാണ് അവിടുത്തെ സജ്ജീകരണങ്ങൾ.

ലേക്കിൽ സഞ്ചാരികളെ കാത്തുകിടക്കുന്ന ബോട്ടുകൾ

ഞങ്ങൾ ബോട്ടിൽ കയറി. ഇന്ത്യക്കാരായിട്ട് ഞങ്ങൾ മാത്രമേ ഉള്ളൂ. മറുകരയിൽ കാറുമായി കാത്തു നിൽക്കാമെന്നു പറഞ്ഞിട്ട് ചാങ് പോയിട്ടുണ്ട്.ബോട്ട് യാത്രയിൽ, തടാകത്തിനു ചുറ്റും മതിൽ പോലെ നിലകൊള്ളുന്ന മലനിരകൾ കാണാം. സുന്ദരമായ കാഴ്ചയാണത്. അതുപോലെ തടാകക്കരയിലെ നക്ഷത്രഹോട്ടലുകളും സുന്ദരമായ കാഴ്ചയൊരുക്കുന്നു. ഒട്ടും മാലിന്യമില്ലാത്ത നീലജലമാണ് തടാകത്തിലേത്. അതിലൂടെ വെൺനുര തെറിപ്പിച്ചുകൊണ്ട് ബോട്ട് നീങ്ങുന്നു.

ദ്വീപിലെ ക്ഷേത്രത്തിലേക്കുള്ള പടവുകൾ
ദ്വീപിലെ ക്ഷേത്രത്തിലേക്കുള്ള പടവുകൾ

ഒരു ഭാഗത്തെ മലമുകളിലേക്ക് ഉയർന്നു പോകുന്ന കേബിൾ കാർ കാണാം. നിരവധി മലനിരകൾ കടന്ന് ഒരു ആദിവാസി ഗ്രാമത്തിലെ കാഴ്ചകളിലേക്കാണ് ആ കേബിൾ കാർ എത്തുക. ബോട്ടുയാത്ര കഴിഞ്ഞ് ആ കേബിൾ കാറിൽ സഞ്ചരിക്കുക എന്നതും ഞങ്ങളുടെ പരിപാടിയിൽ ഉൾപ്പെടുന്നു.

ബോട്ടിനുള്ളിൽ
ബോട്ടിനുള്ളിൽ

ഈ മലനിരകൾ മലകയറ്റത്തിന്റെ പേരിലും പ്രസിദ്ധമാണ്. അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ നിത്യഹരിതവനങ്ങളാണ് മലകളിലുള്ളത്. ഈ മലകൾ കയറാൻ യൂറോപ്പിൽ നിന്നുള്ളവർ വേനൽക്കാലത്ത് ഇവിടെയെത്തും.10 മിനുട്ടു നേരത്തെ യാത്രയ്ക്കു ശേഷം ബോട്ട് ലാലു ദ്വീപിന്റെ ജെട്ടിയിൽ അടുത്തു. ഇവിടെ നിന്ന് പടികൾ കയറിയാൽ ലാലുവിനെ ബുദ്ധക്ഷേത്രമായി. പടികൾക്കു താഴെ താഴെ പരമ്പരാഗത വസ്ത്രമണിഞ്ഞ ചിലർ വാദ്യോപകരണങ്ങളുമായി ഏതോ ചൈനീസ് പാട്ട് പാടുന്നുണ്ട്. ബുദ്ധനെ സ്തുതിക്കുന്ന ഗാനമായിരിക്കും.

ക്ഷേത്രത്തിനു മുന്നിൽ,സന്ദർശകർ.

മലമുകളിലെത്തുമ്പോൾ വളരെ ചെറുതെങ്കിലും സുന്ദരമായ ക്ഷേത്രം കാണാം. ചുറ്റും നോക്കുമ്പോൾ വിശാലമായ തടാകം, അതിന് ചുറ്റും മലനിരകൾ. കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയുണ്ട് ദ്വീപിൽ നിന്ന് പരിസരം കാണുമ്പോൾ.മറ്റൊരു കാര്യം കൂടിയുണ്ട്. സൂര്യന്റെയും ചന്ദ്രന്റെയും ആകൃതിയുണ്ട്, തടാകത്തിന് എന്നു പറഞ്ഞല്ലോ. ഈ രണ്ട് ആകൃതിയും കൂടിച്ചേരുന്നതിന്റെ നടുവിലാണത്രേ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലാലുദ്വീപ്. എന്നാൽ ഇവിടെ നിന്ന് നോക്കുമ്പോൾ സൂര്യനെയും ചന്ദ്രനെയുമൊന്നും കാണാനാവുന്നില്ല എന്നത് വേറെ കാര്യം.

ദ്വീപിലെ ക്ഷേത്രത്തിലേക്കുള്ള പടവുകൾ

ഈ ക്ഷേത്രത്തിന് ഒരു ഇന്ത്യാ ബന്ധമുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് ബുദ്ധദർശനങ്ങളിൽ  ആകൃഷ്ടനായി ഇന്ത്യയിലെത്തി നിരവധി വർഷങ്ങൾ ഇന്ത്യയിൽ ജീവിച്ച സുവാൻസാങ് എന്ന ചൈനീസ് ബുദ്ധസന്യാസിയുടെ ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന ക്ഷേത്രമാണിത്. സുവാൻസാങ് ഇന്ത്യയിൽ നിന്ന് ബുദ്ധശാസനങ്ങളും മറ്റും ചൈനയിലെത്തിക്കുകയും  ചൈനയിൽ ബുദ്ധമതം വ്യാപിപ്പിക്കാനായി ഏറെ പരിശ്രമിക്കുകയും ചെയ്ത ആളാണ്. അന്ന് തായ്‌വാൻ ചൈനയുടെ ഭാഗമായിരുന്നതുകൊണ്ട് അദ്ദേഹം തായ്‌വാനിലും ബുദ്ധമതവ്യാപനത്തിനായി പ്രയത്‌നിച്ചു.സുവാൻസാങ് മരിച്ചത് ജപ്പാനിൽ വെച്ചാണ്. അവിടെ നിന്ന് ചിതാഭസ്മം ഈ ദ്വീപിൽ, ഇപ്പോൾ ക്ഷേത്രം നിൽക്കുന്നിടത്ത് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് അവിടെ സൂക്ഷിക്കുകയാണുണ്ടായത്. 1955മുതൽ 65 വരെ ചിതാഭസ്മം ഇവിടെ ഉണ്ടായിരുന്നു. അതിനുശേഷം അത് മറ്റൊരു വലിയ ക്ഷേത്രത്തിലേക്ക് മാറ്റി. എന്നിട്ട് ആ കെട്ടിടം വലുതാക്കി പണിത് ബുദ്ധക്ഷേത്രമാക്കുകയും ചെയ്തു.

ദ്വീപിനു മേലെ നിന്നുള്ള തടാകത്തിന്റെ ദൃശ്യം.
ദ്വീപിനു മേലെ നിന്നുള്ള തടാകത്തിന്റെ ദൃശ്യം.

ആദ്യകാലത്ത് ഈ ക്ഷേത്രത്തിലെത്താൻ ബോട്ടല്ലാതെ മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇവിടെ നിന്ന് തടാകക്കരയിലേക്ക് റോഡുണ്ട്. അതായത്, ഇപ്പോൾ കാറോടിച്ചും ക്ഷേത്രത്തിലെത്താം എന്നർത്ഥം.എന്തായാലും ക്ഷേത്രത്തിന്റെ ഭംഗി മാത്രമല്ല, 360 ഡിഗ്രിയിൽ സൺമൂൺ ലേക്കിന്റെയും അതിന് അതിർത്തി നിർണ്ണയിക്കുന്നതുപോലെ നിലകൊള്ളുന്ന മലനിരകളുടെയും ദൃശ്യം കാണാം എന്നതും ഈ ദ്വീപിനെ ശ്രദ്ധേയമാക്കുന്നു.

(തുടരും)

English Summary : Taiwan Diary-9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com