ADVERTISEMENT

കടലിൽ മുങ്ങിയ പുരാതന നഗരമായ അറ്റ്ലാന്റിസിനെക്കുറിച്ചുള്ള നിരവധി കഥകൾ കേട്ടിട്ടുണ്ട്. സിനിമയിലൂടെയും നോവലുകളിലൂടെയും  പരിചിതമായ അറ്റ്ലാന്റീസിനോട് സാമ്യമുള്ള ഒരു നഗരം അങ്ങ് ചൈനയിലും ഉണ്ട്. ചൈനയുടെ അറ്റ്ലാന്റിസ് എന്നറിയപ്പെടുന്ന ഈ പുരാതന നഗരം വെള്ളത്തിനിടയിൽ ഇന്നും അധികം കേടുപാടുകളൊന്നുമില്ലാതെ നിലകൊള്ളുന്നു.

ചൈനയുടെ അറ്റ്ലാന്റിസ് - ലയൺ സിറ്റി

ചൈനയിലെ മനുഷ്യനിർമിത തടാകത്തിന്റെ അടിയിൽ സ്ഥിതിചെയ്യുന്ന ലയൺ സിറ്റി ലോകത്തിലെ ഒരേയൊരു മുങ്ങിപ്പോയ സാമ്രാജ്യങ്ങളിലൊന്നാണ്. എഡി 25 നും 200 നും ഇടയിൽ ഒരു സാമ്രാജ്യമായിരുന്ന ഷിചെങ് നഗരം അഥവാ ലയൺ സിറ്റി ഇപ്പോൾ ചൈനയിലെ ഏറ്റവും ശക്തമായ സ്ഥലങ്ങളിലൊന്നാണ്.

Lion-City-of-China1

ചൈനയിലെ അതിമനോഹരമായ ക്വിയാൻ‌ഡോ തടാകത്തിന് അടുത്ത് വു ഷി പർവതത്തിന്റെ താഴെയായിട്ടാണ്  വെള്ളത്തിൽ മുങ്ങിയ ലയൺ സിറ്റി. 50 വർഷത്തിലേറെയായി വെള്ളത്തിനടിയിലായിട്ടും നഗരം ഇന്നും കേടുകൂടാതെ നിലനിൽക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, 2014ൽ ഈ സ്ഥലം വിനോദസഞ്ചാരികൾ‌ക്കായി ഒരു ഡൈവിംഗ് സൈറ്റായി തുറന്നു. ഏകദേശം 1400 വർഷത്തിലേറെ പഴക്കമുള്ള വാസ്തുവിദ്യയുടെയും കൊത്തുപണികളുടെയും നേർക്കാഴ്ചയാണ് വെള്ളത്തിനടിയിലുള്ളത്.

നഗരം എങ്ങനെ മുങ്ങി? 

വാസ്തവത്തിൽ ഈ നഗരം വെള്ളത്തിൽ മുങ്ങിപ്പോയതല്ല മനപ്പൂർവ്വം മുക്കിയതാണ് 1959ൽ ചൈനീസ് സർക്കാർ സിൻ‌നാൻ റിവർ ഡാം പ്രോജക്റ്റ് പ്രഖ്യാപിച്ചതോടെയാണ് ഈ നഗരത്തിന്റെ കഷ്ടകാലം തുടങ്ങിയത്. ലയൺ സിറ്റി ഇരിക്കുന്ന പ്രദേശം ഡാം നിർമിക്കാനുള്ള സ്ഥലമായി തിരഞ്ഞെടുത്തു. അങ്ങനെ നൂറ്റാണ്ടുകളായി നഗരം അഭിമാനത്തോടെ നിലകൊണ്ടിരുന്ന താഴ്‌വര വെള്ളത്താൽ നിറഞ്ഞു, നഗരം മുങ്ങി. ക്വിയാൻ‌ഡോ തടാകത്തിന് താഴെ 131 അടി (40 മീറ്റർ) ആഴത്തിലാണ് ഈ നഗരം കിടക്കുന്നത്. ഇപ്പോൾ, ഈ പുരാതന നഗരം ഒരു ഡൈവിങ് സ്പോട്ടായി മാറിയിരിക്കുകയാണ്. എന്നാൽ പരിചയസമ്പന്നരായ മുങ്ങൽ വിദഗ്ധരെ മാത്രമേ അനുവദിക്കൂ.

Lion-City-of-China

ചരിത്രത്തിലെ ലയൺ സിറ്റി

പതിനാറാം നൂറ്റാണ്ടിലെ വാസ്തുവിദ്യയിലും ശിൽപകലയിലും അലങ്കരിച്ചിരിക്കുന്ന ലയൺ സിറ്റി, നമുക്ക് പലപ്പോഴും താങ്ങാനാവാത്ത ഭൂതകാലത്തിലേക്കുള്ള ഒരു ജാലകമാണ്. ഈ മനുഷ്യനിർമിത അറ്റ്ലാന്റിസ്, ചൈനയുടെ വാസ്തുവിദ്യാ കിരീടത്തിലെ ഒരു രത്നമാണ്. മന്ദാരിൻ ഭാഷയിലെ ലയൺ സിറ്റി എന്നർഥമുള്ള ഷി ചെംഗ് ഒരു കാലത്ത് സെജിയാങ്ങിലെ രാഷ്ട്രീയത്തിന്റെയും വാണിജ്യത്തിന്റെയും കേന്ദ്രമായിരുന്നു. ചൈനയിൽ ഏറ്റവും കൂടുതൽ ദ്വീപുകളുള്ള ഒരു പ്രവിശ്യയായിരുന്നു ഇത്. മിംഗ് രാജവംശം (1368-1644) ചൈന ഭരിച്ചിരുന്ന കാലത്താണ് നഗരം അഭിവൃദി പ്രാപിച്ചത്. നഗര മതിലുകൾ പതിനാറാം നൂറ്റാണ്ടിലേതാണ്. ഈ അണ്ടർവാട്ടർ സിറ്റിയിൽ വിശാലമായ തെരുവുകളും 265 കമാനപാതകളുമുണ്ട്.

ശരിക്കും ലയൺ സിറ്റിയ്ക്ക് അഞ്ച് കവാടങ്ങളും അഞ്ച് ഗോപുരങ്ങളുമുണ്ട്. ഇത് 62 ഫുട്ബോൾ മൈതാനങ്ങളുടെ അത്ര വലുതാണ്. കല്ലുകളും പതാകക്കല്ലും കൊണ്ട് നിർമിച്ച ആറ് തെരുവുകളാണ് അണ്ടർവാട്ടർ സിറ്റിയിലുള്ളത്. ഈ തെരുവുകൾ  ആ ടൗൺഷിപ്പിനെ  മുഴുവൻ ബന്ധിപ്പിക്കുന്നു.

English Summary :  Ancient Underwater Lion City of China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com