ADVERTISEMENT

ഗതികിട്ടാത്ത ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ദുരൂഹമായ കഥകള്‍ ഉള്ള നിരവധി ‘ഭാര്‍ഗവീനിലയങ്ങള്‍’ നമ്മുടെ നാട്ടില്‍ത്തന്നെ ഉണ്ട്. ഇത്തരം വീടുകള്‍ കാണാന്‍ വേണ്ടി മാത്രം യാത്ര ചെയ്യുന്ന സാഹസിക സഞ്ചാരികളുമുണ്ട്! എന്നാല്‍ അത്തരത്തിലൊരു വീട് സ്വന്തമാക്കാന്‍ അവസരം കിട്ടിയാല്‍ എത്ര പേര്‍ അതിനു തയാറാകും?

പ്രേതങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഇത്തരത്തിലൊരു വീട് വില്‍പനയ്ക്കു വച്ചിരിക്കുകയാണ് അയര്‍ലൻഡിൽ. ലോഫ്റ്റസ് മാള്‍ എന്ന് പേരുള്ള ഈ ബംഗ്ലാവ്, രാജ്യത്തെ ഏറ്റവും ഭീതിജനകമായ താമസസ്ഥലം എന്നാണ് അറിയപ്പെടുന്നത്. 63 ഏക്കര്‍ സ്ഥലത്ത് 27,000 ചതുരശ്ര അടി വലുപ്പത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനു വില നിശ്ചയിച്ചിരിക്കുന്നത് 2.89 മില്യന്‍ ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപ ഏകദേശം 21.65 കോടി. സ്വകാര്യ ബീച്ച് അടക്കമുള്ള സൗകര്യങ്ങളോടു കൂടിയതാണ് മനോഹരമായ ഈ വീട്.

വെക്സ്ഫോർഡ് പട്ടണത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ കെട്ടിടം, നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന നിരവധി കഥകളുടെ ഉറവിടമാണ്. നിലവിലെ ഉടമകളായ ഷെയ്നും ഐദാൻ ക്വിഗ്ലിയും 2011 ലാണ് ഇത് ഏറ്റെടുക്കുന്നത്. പിന്നീട് ഇവര്‍ അത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പതിനെട്ടാം നൂറ്റാണ്ടിൽ ടോട്ടൻഹാം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വീട്. ഇവിടെ ഒരു അപരിചിതന്റെ ആത്മാവിനെ കണ്ട് ഭയന്ന ലേഡി ആൻ ടോട്ടൻഹാം മരിച്ചു പോയി എന്ന് പറയപ്പെടുന്നു. അവരുടെ ആത്മാവടക്കം രണ്ടു പ്രേതങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് കഥ.

ദ് ലെജന്റ് ഓഫ് ലോഫ്റ്റസ് ഹാൾ, ഗോസ്റ്റ് അഡ്വഞ്ചേഴ്സ് പോലുള്ള നിരവധി പ്രേത-വേട്ട, യാത്രാ ഷോകളിൽ ഈ വീട് പ്രദർശിപ്പിച്ചിട്ടുണ്ട്. 'ആർട്ടെമിസ് ഫൗൾ' പുസ്തക പരമ്പരയുടെ പ്രചോദനവും ഈ വീടാണെന്ന് പറയപ്പെടുന്നു. ആകെ 22 മുറികളാണ് ഈ വമ്പന്‍ വീട്ടില്‍ ഉള്ളത്.

English Summary : The Most Haunted House in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com