ADVERTISEMENT

പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് മണല്‍ക്കല്ലുകൊണ്ട് പ്രകൃതി സ്വയം കൊത്തിയെടുത്ത മനോഹരമായ രണ്ടായിരത്തിലധികം കമാനങ്ങള്‍. അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിന്‍റെ കിഴക്കന്‍ പ്രദേശത്തുള്ള ആർച്ചസ് ദേശീയോദ്യാനം പ്രശസ്തമായത്‌ ഈ പ്രകൃതിദത്ത അത്ഭുതങ്ങളുടെ പേരിലാണ്.  എവിടെത്തിരിഞ്ഞു നോക്കിയാലും കമാനങ്ങള്‍ മാത്രം. കൊളറാഡൊ നദിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം ലോകത്തില്‍ത്തന്നെ ഈ പ്രത്യേകതയുള്ള ഒരേയൊരു ഇടമാണ്.

 

കൊളറാഡൊ പീഠഭൂമിയില്‍ ഏകദേശം 310 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വരുന്ന മരുപ്രദേശത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നത്. ഏതാണ്ട് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശമൊട്ടാകെ കടലിനടിയിലായിരുന്നത്രേ. പിന്നീട് ബാഷ്പീകരണം മൂലം കടല്‍ നാമാവശേഷമായതോടെ ഇവിടം മുഴുവന്‍ ലവണനിക്ഷേപമുണ്ടായി. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ നീണ്ട പരിണാമഫലമായി കല്ലും മണ്ണും മറ്റും അടിഞ്ഞുകൂടി ഈ പ്രദേശം ഭൂമിക്കടിയിലായി. ഈ ലവണപാളിക്ക് മുകളിലായാണ് ഇന്നത്തെ ആർച്ചസ് ദേശീയോദ്യാനം ഉള്ളത്. 

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മണല്‍ക്കല്ല് കമാനം എന്ന ഖ്യാതിയുള്ള ഡെലിക്കേറ്റ് ആര്‍ച്ച് ഇവിടെയാണ്‌ ഉള്ളത്. സഞ്ചാരികള്‍ക്ക് ഇത് വളരെപ്പെട്ടെന്നു തന്നെ തിരിച്ചറിയാം. രാവിലെയാണ് ഈ കാഴ്ച കാണാന്‍ ഏറ്റവും മികച്ച സമയം.

Arches-National-Park1
anthony heflin/Shutterstock

ഡെവിൾസ് ഗാർഡൻ റോഡിലൂടെയുള്ള ഡ്രൈവ് ആണ് സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു മനോഹര അനുഭവം. ടണൽ ആർച്ച്, പൈൻ ട്രീ ആർച്ച്, പ്രൈവറ്റ് ആർച്ച്, ലോങ്ങ്‌ തിന്‍ ലാൻഡ്‌സ്‌കേപ്പ് ആർച്ച്, ഡബിൾ ഓ ആർച്ച്, റോക്കി ഡെവിൾസ് ഗാർഡൻ എന്നിവയുൾപ്പെടെ എട്ട് മനോഹരമായ കമാനങ്ങളിലൂടെ ഡെവിൾസ് ഗാർഡൻ പാത കടന്നുപോകുന്നു. മൊത്തം ഏഴു മൈലില്‍ കൂടുതല്‍ നീളമുള്ള ഈ പാത താണ്ടാന്‍ 3-5 മണിക്കൂര്‍ സമയമെടുക്കും.

മൂന്ന് കൂറ്റൻ കമാനങ്ങളുടെ കൂട്ടമായ 'ദി വിൻഡോസ്' ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ആര്‍ച്ചസ് ദേശീയോദ്യാനത്തിന്‍റെ ഹൃദയമിടിപ്പ്‌ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈഡൻ ഗാർഡൻ, എലിഫന്റ് ബ്യൂട്ട്, ദി പരേഡ് ഓഫ് എലിഫന്‍റ്സ് എന്നിവയും മനോഹരമായ കമാനങ്ങളാണ്. ഇരുപതു മിനിറ്റ് കൊണ്ട് കയറിത്തീര്‍ക്കാവുന്ന സ്കൈലൈന്‍ ആര്‍ച്ച് ഹൈക്കിംഗും പരീക്ഷിക്കാവുന്നതാണ്.

 

അമേരിക്കന്‍ ഐക്യനാടുകളിലെ ദേശീയ സ്മാരകങ്ങളുടെ പട്ടികയില്‍പ്പെടുന്ന ഈ പ്രദേശം 1971 നവംബർ 12നാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്. അപൂര്‍വ്വമായ അനേകയിനം സസ്യജന്തുജാലങ്ങള്‍ ഇവിടെ വസിക്കുന്നു. നാഷണൽ പാർക് സർവീസിന്‍റെ കീഴിലാണ് ഏകോപനവും ഭരണപ്രവര്‍ത്തനങ്ങളും നടക്കുന്നത്. 

 

ഏപ്രിൽ മുതൽ മെയ് വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമാണ് ആർച്ച്‌സ് നാഷണൽ പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ മാസങ്ങളില്‍ പകൽ താപനില ശരാശരി 60 മുതൽ 80 ഡിഗ്രി വരെയാണ്. വേനൽക്കാലത്താവട്ടെ, 100 ഡിഗ്രിക്ക് പുറത്താണ് ഈ പ്രദേശത്തെ താപനില. രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുള്ള സമയമാണ് ഈ യാത്രക്ക് ഏറ്റവും നല്ലത്. യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളമാണ് ആർച്ചസ് നാഷണൽ പാർക്കിനടുത്തുള്ള എയര്‍പോര്‍ട്ട്

English Summary: Arches National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com