ആ വൈറല്‍ ചിത്രം പകര്‍ത്തിയത് ഇവിടെയാണ്; സഞ്ചാരികളുടെ പ്രിയയിടം

Whitaker-Point
SHARE

സമൂഹമാധ്യമങ്ങളിലെല്ലാം ഈയിടെ വൈറലായ ഒരു വിവാഹചിത്രമുണ്ട്. അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട്‌ ലോകമാകെ ചര്‍ച്ചയായി. 1900 അടി ഉയരത്തിലുള്ള മലമുകളില്‍ വരന്‍റെ കൈ വിട്ട് പിന്നോട്ട് വീഴാന്‍ പോകുന്ന രീതിയില്‍ നില്‍ക്കുന്ന വധുവിന്‍റെ ചിത്രം കണ്ട് ഇന്‍റര്‍നെറ്റ് ലോകം മുഴുവന്‍ രോഷാകുലമായി. അപകടകരമായ ഇത്തരം ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തി. എന്നാല്‍ സാഹസികപ്രിയരായ സഞ്ചാരികള്‍ അന്വേഷിച്ചത് ആ കൂറ്റന്‍ പാറ എവിടെയാണ് എന്നായിരുന്നു.

യു‌എസ്‌എയിലെ അർക്കൻ‌സാസിലുള്ള ഓസാർക്ക് നാഷണല്‍ ഫോറസ്റ്റിന്‍റെ ഭാഗമായ അപ്പര്‍ ബഫല്ലോ ഘോരവനത്തിനുള്ളിലാണ് വിറ്റേക്കർ പോയിന്റ് എന്നറിയപ്പെടുന്ന, അതിപ്രശസ്തമായ ഈ പാറ. 12,108 ഏക്കർ വിസ്തൃതിയുള്ള വനത്തിനുള്ളില്‍, സമുദ്രനിരപ്പില്‍ നിന്നും 1900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാറ ഏറെക്കാലമായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 

അർക്കൻസാസിലെ ഫയറ്റെവില്ലെയിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ബഫല്ലോ റിവർ നാഷണൽ റിവർ ഏരിയയില്‍ എത്താം. ഇതിനടുത്താണ് വിറ്റേക്കർ പോയിന്റ് സ്ഥിതിചെയ്യുന്നത്. ഏറെ ജനപ്രിയമായ ഒരു ഹൈക്കിംഗ് ഡെസ്റ്റിനേഷനാണ് ഇവിടം. മാത്രമല്ല, അർക്കൻസാസില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ഫോട്ടോഷൂട്ടുകള്‍ നടക്കുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടം. 

ഹോക്സ്ബിൽ ക്രാഗ് എന്നും അറിയപ്പെടുന്ന വിറ്റേക്കർ പോയിന്‍റ്  സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്. വസന്തകാലത്തും വേനൽക്കാലത്തും പച്ചനിറമണിയുന്ന ഇലച്ചാര്‍ത്തുകള്‍, ശിശിരമാകുമ്പോഴേക്കും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലേക്ക് മാറുന്ന കാഴ്ചതന്നെ നയനാനന്ദകരമാണ്. സെപ്തംബര്‍ അവസാനം മുതല്‍ നവംബര്‍ ആദ്യം വരെയുള്ള മഴക്കാലത്ത് ധാരാളം വെള്ളച്ചാട്ടങ്ങളും ഈ വഴിയിലുടനീളം കാണാം. 

യാത്രയില്‍ ഉടനീളം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെങ്കിലും വിറ്റേക്കർ പോയിന്റിലെത്തുമ്പോള്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ വേണം. പ്രധാന പാറയില്‍ നില്‍ക്കുന്നത് സുരക്ഷിതമാണെങ്കിലും ഇതിനടുത്ത് താഴേക്ക് തള്ളി നില്‍ക്കുന്ന പാറഭാഗം പൊട്ടലുള്ളതും  ശക്തിയില്ലാത്തതുമാണ്. താഴെ കുത്തനെയുള്ള ആഴം കൂടിയ ഭാഗത്തേക്ക് നോക്കുമ്പോള്‍ പലര്‍ക്കും തലകറക്കം അനുഭവപ്പെടാം. മുന്‍പേ ഈ പ്രദേശത്ത് ഇതേപോലെയുള്ള പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

English Summary: Whitaker Point Trail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA