ADVERTISEMENT

സയാമീസ് ഫൈറ്റര്‍ ഫിഷ്‌ എന്ന് കേട്ടിട്ടുണ്ടോ? അലങ്കാരമത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സൗന്ദര്യമേറിയ ഒന്നാണ് ഇവ.മിക്കവരുടെയും വീട്ടിലിപ്പോൾ ഫൈറ്റർ ഫിഷുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. വീടുകളില്‍ അക്വേറിയങ്ങള്‍ അലങ്കരിക്കുന്ന മത്സ്യങ്ങളില്‍ ഒന്നായ ഇവയ്ക്ക് മറ്റു മത്സ്യങ്ങള്‍ തന്‍റെ വാസസ്ഥലത്ത് വരുന്നത് തീരെ ഇഷ്ടമല്ല. കണ്ടാല്‍ ശാന്തസ്വഭാവിയാണെന്ന് തോന്നുമെങ്കിലും മറ്റു മത്സ്യങ്ങളെ ആക്രമിച്ചോടിക്കുക എന്നതാണ് ഇവയുടെ യഥാര്‍ത്ഥ സ്വഭാവം!

ജലത്തിലുള്ള ഓക്സിജൻ കൂടാതെ, ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉപയോഗിച്ച് വായുവിൽ നിന്നു നേരിട്ടും ഫൈറ്ററുകൾ ശ്വസിക്കാറുണ്ട്‌. ഗൌരാമി കുടുംബത്തില്‍പ്പെടുന്ന ഈ ശുദ്ധജലമത്സ്യങ്ങള്‍  തായ്‌ലാന്‍ഡ്, മലേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. ഈ മത്സ്യങ്ങളുടെ ജനപ്രിയത കണക്കിലെടുത്ത് ഇവയ്ക്കായി മാത്രം ഒരു ഗാലറിയും ലോകത്തുണ്ട്. ബാങ്കോക്കിനടുത്തുള്ള ബാന്‍കചാവോ പെനിസുലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 

SiameseFightingFishGallery

'പുന്‍താര' എന്ന് പേരുള്ള ഫാമിലി റിസോര്‍ട്ടിനുള്ളിലായി 2009- ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ഗാലറിയില്‍ വിവിധ ഇനത്തില്‍പ്പെട്ട ഫൈറ്റര്‍ ഫിഷുകള്‍ക്കൊപ്പം അടുത്തുള്ള ചാവോ ഫ്രായ നദിയില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വ മത്സ്യങ്ങളെയും കാണാം.ശുദ്ധജല അക്വേറിയം മത്സ്യങ്ങളില്‍ ഏറ്റവും കൂടുതല്‍  സ്വീകാര്യതയുള്ള  ഒരു ഇനമാണ് ബെറ്റ സ്പ്ലെൻഡൻസ് എന്ന സയാമീസ് ഫൈറ്റര്‍ ഫിഷ്‌. സൗന്ദര്യവും പ്രഭയേറിയ നിറങ്ങളും കണക്കിലെടുത്ത് "ദി ജുവൽ ഓഫ് ഓറിയൻറ്" എന്ന് അവയെ വിശേഷിപ്പിക്കുന്നു. 

ക്ഷോഭം വരുമ്പോള്‍ മാത്രം കടുത്ത നിറങ്ങള്‍ കാണിക്കുന്നതാണ് സാധാരണയായി ഇവയുടെ സ്വഭാവം. എന്നാല്‍ സെലക്ടീവ് ബ്രീഡിംഗിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഗാലറിയിലെ ഫൈറ്റര്‍ ഫിഷുകളുടെ നിറം സ്ഥിരമായി അങ്ങനെ നിലനിര്‍ത്തിയിരിക്കുന്നു. ഇവയ്ക്ക് വ്യത്യസ്‌തമായ വാൽ‌ രൂപങ്ങളും ബ്രീഡര്‍മാര്‍‌ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയും ഈ ഗാലറിക്കുള്ളില്‍ കാണാം. 

മരങ്ങള്‍ വെട്ടി നശിപ്പിക്കാതിരിക്കുക എന്ന ആശയം പിന്തുടര്‍ന്നു കൊണ്ടാണ് ഈ ഗാലറി നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗാലറിയുടെ പരിസരം ഹരിതമനോഹരമാണ്. സഞ്ചാരികള്‍ക്ക് മികച്ച ഔട്ട്‌ഡോര്‍ അനുഭവം കൂടി ഇവര്‍ സാധ്യമാക്കുന്നു. പ്രപ്രാഡെംഗ് ഏരിയയിലൂടെ പക്ഷികളെയും ചിത്രശലഭങ്ങളെയും കണ്ടുകൊണ്ടു നടക്കാം. ആവശ്യമുള്ള സന്ദര്‍ശകര്‍ക്ക് രാത്രി ഇവിടെ ചെലവഴിക്കാനുള്ള സൗകര്യവുമുണ്ട്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു കീഴില്‍, തുറസ്സായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്തും ടെന്റ് കെട്ടിയും കഴിയാം. വാടകയ്ക്ക് ടെന്റ് കിട്ടും, ഒപ്പം ചെറിയ ഒരു വിളക്കും കിടക്കയും ഫാനും കിട്ടും. മുറികളും ആവശ്യമനുസരിച്ച് ലഭ്യമാക്കും.

ചാവോ ഫ്രായ നദിക്കരയില്‍ സഞ്ചാരികളുടെ കണ്ണിനു കുളിര്‍മ്മയേകി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട്. എണ്ണൂറു പേരെ ഉള്‍ക്കൊള്ളാനാകുന്ന ഈ പ്രദേശത്ത് ചെറിയ പാര്‍ട്ടികളും നടത്താനാകും. കൂടാതെ ബിസിനസ് വര്‍ക്ക്ഷോപ്പുകളും മീറ്റിങ്ങുകളും മറ്റും നടത്താനായി 80 സീറ്റുകള്‍ ഉള്ള ഒരു തിയേറ്റര്‍ സ്റ്റൈല്‍ ഹാളും ഇവിടെയുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിക്കാം : http://www.punntara.com/

English Summary: Siamese Fighting Fish Gallery 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com