ADVERTISEMENT

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ് യൂട്ടാ. വരണ്ട മരുഭൂമികളും മണൽത്തീരങ്ങളും  പൈൻ വനങ്ങൾ അതിരിടുന്ന പർവത താഴ്‌വരകളുമെല്ലാം നിറഞ്ഞ യൂട്ടാ ജൈവവൈവിധ്യത്തിനു പേരുകേട്ടതാണ്. പാറകള്‍ നിറഞ്ഞ പർവതനിരകൾ, ഗ്രേറ്റ് ബേസിൻ, കൊളറാഡോ പീഠഭൂമി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളുടെ സംയോജനമാണ് യൂട്ടായുടെ ഭൗമശാസ്ത്രപരമായ സവിശേഷത. ഇതും വ്യത്യസ്ത മേഖലകളില്‍ അനുഭവപ്പെടുന്ന വ്യത്യസ്ത കാലാവസ്ഥകളുമാണ് പ്രധാനമായും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 2002-ല്‍ നടന്ന വിന്‍റര്‍ ഒളിമ്പിക്സ് മുതല്‍ യൂട്ടായിലെ ടൂറിസം മേഖലയില്‍ തുടര്‍ച്ചയായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

യൂട്ടായുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണ് ടൂറിസം. അലാസ്കയ്ക്കും കാലിഫോർണിയയ്ക്കും ശേഷം ഏറ്റവും കൂടുതൽ ദേശീയ പാർക്കുകൾ ഉള്ള മൂന്നാമത്തെ സംസ്ഥാനമാണ് യൂട്ടാ. ആര്‍ച്ചസ്, ബ്രൈസ് കാന്യന്‍, കാന്യന്‍ലാന്‍ഡ്സ്, ക്യാപിറ്റൽ റീഫ്, സിയോൺ എന്നിങ്ങനെ അഞ്ച് ദേശീയ പാർക്കുകള്‍ ഇവിടെയുണ്ട്. കൂടാതെ, സിദാർ ബ്രേക്ക്സ്, ദിനോസർ, ഗ്രാൻഡ് സ്റ്റെയർകേസ്-എസ്കലാൻറ്, ഹോവൻ‌വീപ്, നാച്ചുറൽ ബ്രിഡ്ജസ്, ബിയേഴ്സ് ഇയർസ്, റെയിൻബോ ബ്രിഡ്ജ്, ടിംപാനോഗോസ് കേവ് എന്നിങ്ങനെ എട്ട് ദേശീയ സ്മാരകങ്ങളും ഫ്ലേമിംഗ് ജോർജ്ജ്, ഗ്ലെൻ കാന്യോൺ എന്നീ ദേശീയ വിനോദ മേഖലകൾ, ആഷ്‌ലി, കരിബൌ- ടാർഗീ, ഡിക്‌സി, ഫിഷ്‌ലേക്ക്, മാന്തി-ലാ സാൽ, സാവൂത്ത്, യുന്‍റ-വാസാച്ച്-കാഷെ എന്നിങ്ങനെ ഏഴു ദേശീയ വനങ്ങള്‍ എന്നിവയും യൂട്ടായിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇവ കൂടാതെ നിരവധി സംസ്ഥാന പാർക്കുകളും സ്മാരകങ്ങളുമെല്ലാം വേറെയുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സഞ്ചാരികള്‍ക്ക് ഒരു ഫുള്‍ പാക്കേജാണ് യൂട്ടായിലേക്കുള്ള യാത്ര എന്ന് പറയാം. 

utah

ഈയിടെ പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം കൂടി യൂട്ടായിലുണ്ട്. ഇവിടത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്നായ കുഞ്ഞൻ മൂങ്ങകളെ നിരീക്ഷിക്കുന്നതിനായി കാട്ടിലൂടെയുള്ള യാത്രയാണ് അത്. ഈ സൗകര്യം നല്‍കുന്ന നിരവധി ടൂര്‍ കമ്പനികള്‍ ഇപ്പോള്‍ യൂട്ടായില്‍ ഉണ്ട്. 

മാന്റുവ പട്ടണത്തിനു സമീപമുള്ള ആസ്പന്‍ വനത്തിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. മരങ്ങള്‍ നിറഞ്ഞ കാട്ടുപാതകളിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഏറെ മനോഹരമാണ്. ജൂണിനു ശേഷമുള്ള സമയത്ത് ഈ പ്രദേശത്ത് വിവിധയിനത്തില്‍പ്പെട്ട ചിത്രശലഭങ്ങളെയും കാണാം. 

രാത്രിയാകുമ്പോള്‍ പുറത്തിറങ്ങുന്ന മൂങ്ങകളെ, മുന്‍പേ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച പെണ്‍മൂങ്ങകളുടെ ശബ്ദം കേള്‍പ്പിച്ചാണ് ആകര്‍ഷിച്ചു വരുത്തുന്നത്. ഇത് ശാസ്ത്രീയമായി ചെയ്യാന്‍, പക്ഷികളെക്കുറിച്ച് അറിയാവുന്ന ഒരു വിദഗ്ദ്ധനും കൂടെക്കാണും. സാധാരണയായി രണ്ടോ മൂന്നോ ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ പ്രകൃതിയുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ മെച്ചം.

സാഹസികസഞ്ചാരികള്‍ക്കും കൈ നിറയെ ആക്റ്റിവിറ്റികള്‍ ഉണ്ട് ഇവിടെ. സംസ്ഥാനത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള മോവാബ് പ്രദേശം സ്ലിക്കോറോക്ക് ഉൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ മൗണ്ടെയ്‌ൻ ബൈക്കിംഗ് പാതകൾക്ക് പേരുകേട്ടതാണ്. മോവാബ് ജീപ്പ് സഫാരിയും ഏറെ പ്രസിദ്ധമാണ്. യൂട്ടാ ഒളിമ്പിക് പാർക്ക്, യൂട്ടാ ഒളിമ്പിക് ഓവൽ എന്നിവയുൾപ്പെടെയുള്ള മുൻ ഒളിമ്പിക് വേദികൾ പരിശീലനത്തിനും മത്സരത്തിനുമായി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, കൂടാതെ സ്കൈ ജമ്പിംഗ്, ബോബ്സ്ലീ, സ്പീഡ് സ്കേറ്റിംഗ് തുടങ്ങിയ ആക്റ്റിവിറ്റികളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ടെമ്പിൾ സ്ക്വയർ, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, റെഡ് റോക്ക് ഫിലിം ഫെസ്റ്റിവൽ, ഡോകുട്ട ഫിലിം ഫെസ്റ്റിവൽ, യൂട്ടാ ഡാറ്റാ സെന്റർ, യൂട്ടാ ഷേക്സ്പിയർ ഫെസ്റ്റിവൽ തുടങ്ങി നിരവധി സാംസ്കാരിക ആകർഷണങ്ങളും യൂട്ടായിലുണ്ട്. അമേരിക്കയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പതിനാറാമത്തെ സ്ഥലമായി ഫോബ്‌സ് മാഗസിൻ തെരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രമാണ് ടെമ്പിൾ സ്ക്വയർ.മോന്യുമെന്‍റ് വാലി, ദി ഗ്രേറ്റ് സോള്‍ട്ട് ലേക്ക്, ദി ബോണ്‍വിലെ സോള്‍ട്ട് ഫ്ലാറ്റ്സ്, ലേക്ക് പോവെല്‍ തുടങ്ങിയവ ഇവിടത്തെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

സാൾട്ട് ലേക്ക് സിറ്റിയാണ് യൂട്ടാ സംസ്ഥാനത്തെ ഏക രാജ്യാന്തര വിമാനത്താവളം. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലുള്ള നൂറിലധികം സ്ഥലങ്ങളിലേക്കും ആംസ്റ്റർഡാം, ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലേക്കും ഇവിടെ നിന്നും തുടര്‍ച്ചയായി വിമാനങ്ങള്‍ ഉണ്ട്.

English Summary: Tracking Utah's Tiny Owls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com