ADVERTISEMENT

ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണ മഹാമാരിയെ പേടിച്ച് എവിടേക്ക് പോകണം എന്നറിയാതെ പലരും നട്ടംതിരിയുകയാണ്. അങ്ങനെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ധാരാളം മനോഹരസ്ഥലങ്ങള്‍ നമ്മുടെ ഈ ഭൂമിയിലുണ്ട്. പുറംലോകത്തിന്‍റെ മാലിന്യങ്ങള്‍ പരന്നൊഴുകി അശുദ്ധമാകാതെ, കിടക്കുന്ന അത്തരമിടങ്ങളിലൊന്നാണ് ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകളുടെ സമൂഹമായ തുവാലു.

പണ്ടുകാലത്ത് എല്ലിസ് ദ്വീപുകൾ എന്നറിയപ്പെട്ട തുവാലുവിന്‍റെ  രാഷ്ട്രത്തലവൻ എലിസബത്ത് 2 രാജ്ഞിയുടെ പ്രതിനിധിയാണ്‌. ലോകത്തില്‍ ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിച്ച രാഷ്ട്രങ്ങളില്‍ ഒന്നുകൂടിയാണ് തുവാലു. വെറും 2000 സഞ്ചാരികള്‍ മാത്രമാണ് പ്രതിവര്‍ഷം ഇവിടെ എത്തിച്ചേരുന്നത് എന്നാണു കണക്ക്. അതുകൊണ്ടുതന്നെ ആരാലും സ്പര്‍ശിക്കപ്പെടാത്ത അപൂര്‍വ്വ സൗന്ദര്യമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 

തെക്കൻ പസഫിക്കിൽ ചിതറിക്കിടക്കുന്ന നൂറോളം ചെറിയ ദ്വീപുകളിൽ ഏറ്റവും ചെറുതാണ് 26 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീര്‍ണ്ണമുള്ള തുവാലു. 1568-ൽ സ്പാനിഷ് സഞ്ചാരിയായ അൽവാരോ ഡി മെൻഡാനയാണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത്. 2019- ലെ കണക്കുകൾ പ്രകാരം 11,646 ജനസംഖ്യയുള്ള തുവാലു രാജ്യം ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടു കിടക്കുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ്.

ഓഷ്യാനിയയിലെ പോളിനേഷ്യൻ ഉപപ്രദേശത്ത് ഹവായിക്കും ഓസ്ട്രേലിയയ്ക്കുമിടയിലാണ് തുവാലു. തലസ്ഥാനമായ ഫനാഫുട്ടിയാണ് രാജ്യത്തെ ഏക വിമാനത്താവളം. 

ജനങ്ങളുടെ ബഹളമില്ലാത്തതുകൊണ്ടു തന്നെ ഇവിടത്തെ ബീച്ചുകൾ ഏറെ മനോഹരവും സമാധാനപൂര്‍ണ്ണവുമാണ്. കടൽത്തീരത്തുള്ള ഹമ്മോക്കുകളിൽ വിശ്രമിക്കാം. ബീച്ചുകളിലൂടെ നടക്കാം. അതിഥികളെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്ന നാട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുകയും അവരെ അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്യാം. 

താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നതു കൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും മുങ്ങിപ്പോകാന്‍ സാധ്യതയുള്ള ഒരു രാജ്യം കൂടിയാണ് തുവാലു. അതിനാല്‍ ഇവിടം കാണാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്നുതന്നെ യാത്ര ചെയ്യുന്നതാണ് നല്ലത്. 

കാനഡ, ഫിജി, യുഎസ്എ, ഓസ്ട്രേലിയ, ന്യൂസിലാന്റ്  മുതലായ സ്ഥലങ്ങളില്‍ നിന്നും ഫനാഫുട്ടി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനസര്‍വീസുകള്‍ ലഭ്യമാണ്. മെയ് പകുതി മുതൽ ഒക്ടോബർ അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം.

English Summary: Travel To Tuvalu Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com