വൈന്‍ രുചിക്കുമ്പോൾ ഓര്‍ക്കണം, അത് ലോകം മുഴുവന്‍ എത്തിച്ചത് ഇവരായിരുന്നു

wine
SHARE

ഏറ്റവും ജനപ്രിയമായ ഒരു പാനീയമാണ് വൈന്‍. ആഘോഷവേളകള്‍ ഏതായാലും കയ്യില്‍ ഒരു ഗ്ലാസ് വൈന്‍ ഉണ്ടെങ്കില്‍ അതിന്‍റെ മൊത്തം മൂഡ്‌ തന്നെ ഒന്നു ലൈറ്റാവും, അല്ലേ? ഇന്ന് നമുക്ക് പലതരത്തിലും നിറങ്ങളിലും ഗുണമേന്മയിലുമുള്ള വൈനുകള്‍ ലഭ്യമാണ്. വൈന്‍ കുടിക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതിന്‍റെ ആദ്യകാലങ്ങളെപ്പറ്റി, കാലത്തിനനുസരിച്ചുള്ള പരിണാമത്തെപ്പറ്റി?

2,600 വർഷം പഴക്കമുള്ള വൈൻപ്രസ്സ്

വൈന്‍ എന്ന പാനീയം ലോകം മുഴുവന്‍ എത്തിച്ചത് പുരാതന ഫീനിഷ്യൻ‌മാരായിരുന്നു. ഇപ്പോൾ ലെബനൻ, വടക്കൻ ഇസ്രായേൽ, സിറിയ എന്നിവ ഉൾപ്പെടുന്ന മെഡിറ്ററേനിയൻ കടലിന്‍റെ തീരപ്രദേശത്ത് വസിച്ച ആളുകളാണ് ഫീനിഷ്യൻമാര്‍ എന്നറിയപ്പെട്ടത്. വൈന്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും മാത്രമല്ല, കടല്‍ വഴി അവര്‍ അത് മറ്റു രാജ്യങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ഫീനിഷ്യൻ‌മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈൻ സംസ്കാരത്തിന്‍റെ കൂടുതൽ തെളിവുകൾ പുരാവസ്തു ഗവേഷകർക്ക് ലഭിച്ചു. ലെബനീസ് നഗരമായ സീദോനില്‍ നിന്നും അഞ്ചു മൈൽ തെക്കുള്ള എൽ-ബുരാക്കില്‍ നിന്നും പുരാതനമായ ഒരു വൈന്‍പ്രസ്‌ ഗവേഷകര്‍ക്ക് ലഭിച്ചു. വൈൻ നിർമാണ സമയത്ത് മുന്തിരിയിൽ നിന്ന് നീര് വേർതിരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണ് വൈൻപ്രസ്സ്. 2,600 വർഷം പഴക്കമുള്ളതാണ് ഇതെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. കുമ്മായം, സെറാമിക്സിന്‍റെ ശകലങ്ങൾ എന്നിവ ഉപയോഗിച്ച് നിർമിച്ച പ്ലാസ്റ്റർ മിശ്രിതം കൊണ്ടാണ് അവര്‍ ഈ ഉപകരണം ഉണ്ടാക്കിയത് എന്ന് അവര്‍ കണ്ടെത്തി.

സമീപത്തുള്ള മുന്തിരിത്തോട്ടങ്ങളില്‍ നിന്നും വിളഞ്ഞ മുന്തിരിപ്പഴങ്ങള്‍ ശേഖരിച്ച് എല്ലാം കൂടി വൈൻ‌പ്രസ്സ് ഉപയോഗിച്ച് വൈന്‍ ആക്കി മാറ്റുകയായിരുന്നത്രേ അവര്‍ ചെയ്തിരുന്നത്. മുന്തിരിപ്പഴങ്ങള്‍ ചതയ്ക്കാനായി ഉയർന്ന ഒരു സ്ഥലവും അവിടെ നിന്നും വരുന്ന നീര് ശേഖരിക്കാനായി താഴത്തെ അറ്റത്ത് ഒരു ഹോൾഡിംഗ് ടാങ്കും ചേര്‍ന്നതായിരുന്നു അവരുടെ വൈന്‍ ഫാക്ടറി എന്ന് ഗവേഷകർ പറയുന്നു. 

മുകള്‍വശത്ത് നില്‍ക്കുന്ന ആളുകള്‍ മുന്തിരിപ്പഴം നന്നായി ചവിട്ടി മെതിച്ചു കഴിഞ്ഞാല്‍ അതിന്‍റെ നീരും തൊണ്ടുമെല്ലാം കൂടി ഒരു വലിയ കലത്തിൽ ശേഖരിക്കുന്നു.  വൈൻ‌പ്രസ് ഉപയോഗിച്ച് പിഴിഞ്ഞ് കിട്ടുന്ന നീര് പുളിപ്പിച്ച് വൈന്‍ ഉണ്ടാക്കുന്നു. ഫീനിഷ്യൻ‌മാരുടെ വൈൻ‌പ്രസ്സിൽ 1,200 ഗാലനോളം‌ മുന്തിരി ജ്യൂസ് ഉള്‍ക്കൊള്ളാനാവുമായിരുന്നത്രേ.ബി സി ഏഴാംനൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ വൈൻ‌പ്രസ്സിനൊപ്പം ചെളിക്കട്ട കൊണ്ട് നിര്‍മിച്ച നാല് വീടുകളുടെ അവശിഷ്ടങ്ങളും അവര്‍ കണ്ടെടുത്തു. വൈന്‍ മേക്കര്‍മാരുടെ വീടുകള്‍ ആവാം ഇതെന്ന് കരുതപ്പെടുന്നു.

ഫീനിഷ്യൻ‌മാര്‍ പ്രാദേശികമായി വൈന്‍ ഉൽ‌പാദിപ്പിക്കുകയും ഉപയോഗിക്കുകയും മാത്രമല്ല മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ അവ വ്യാപാരം ചെയ്ത് ഒരു വൈൻ സംസ്കാരം വളർത്തിയെടുക്കുകയും ചെയ്തെന്ന് മുന്‍പേ നടന്ന പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. മതപരമായ ചടങ്ങുകളിലും അവര്‍ വൈന്‍ ഉപയോഗിച്ചിരുന്നത്രേ. വൈൻ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങളും ദ്രാവകങ്ങളും കടത്താൻ ഉപയോഗിച്ചിരിക്കാവുന്ന ആംഫോറകൾ അഥവാ വലിയ തടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

കിഴക്കൻ മെഡിറ്ററേനിയനിലെ കടൽ വ്യാപാര റൂട്ടിലായിരുന്നു സീദോൺ നഗരം സ്ഥിതിചെയ്തിരുന്നത്. മെഡിറ്ററേനിയൻ പ്രദേശത്ത് വൈൻ ഉപയോഗം വ്യാപിപ്പിക്കുക മാത്രമല്ല, ആ പാരമ്പര്യം യൂറോപ്പിലേക്കും വടക്കേ ആഫ്രിക്കയിലേക്കും കൂടി ഫീനിഷ്യൻ‌മാര്‍ കൈമാറി.

വൈന്‍ കൂടാതെ ഗ്ലാസ്‌, ഡൈ, കപ്പല്‍ നിര്‍മാണം എന്നിവയിലും അവര്‍ വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു. മെസൊപ്പൊട്ടേമിയൻ രാജകുടുംബത്തിന്‍റെ വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാനായി അവർ നിർമ്മിച്ച പർപ്പിൾ ഡൈ ഉപയോഗിച്ചു. ഈ പർപ്പിൾ ചായം തൊഴിലാളികളുടെ ദേഹത്ത് കറയുണ്ടാക്കിയതിനാല്‍ ഗ്രീക്കുകാർ ഫീനിഷ്യന്മാരെ “പർപ്പിൾ പീപ്പിൾ” എന്ന് വിളിച്ചിരുന്നത്രേ.

English Summary: 2,600 Year Old ‘Wine Factory’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA