ADVERTISEMENT

ഹാരി പോട്ടര്‍ ചിത്രങ്ങള്‍ കണ്ടവരൊക്ക ശ്രദ്ധിച്ചുള്ള ഒരു കാര്യം അതിലെ മാന്ത്രിക യൂണിവേഴ്‌സിറ്റിയായ ഹാഗ്വാര്‍ട്ട്‌സ് ആയിരിക്കും. ഭൂമിയില്‍ നിന്നും വിട്ട് വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്നൊരു വലിയ കോട്ട. ജെകെ റൗളിംഗിന്റെ സങ്കല്‍പ്പത്തില്‍ വിരിഞ്ഞ മനോഹരവും അതിനേക്കാളേറെ നിഗൂഡവുമായ ആ കോട്ട യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചുണ്ടാകും നിങ്ങളില്‍ പലരും. ഹാരി പോട്ടര്‍ ചിത്രങ്ങളില്‍ കാണുന്ന ആ സ്ഥലം ശരിക്കും ഇംഗ്ലണ്ടിലെ ആല്‍ന്‍വിക് കാസില്‍ ആണെങ്കിലും അതിനേക്കാള്‍ ഗംഭീരമായൊരു കോട്ട ഫ്രാന്‍സിലുണ്ട്. ഒരു മാന്ത്രിക ദ്വീപ് എന്നുവിളിക്കാം മോണ്ട് സെന്റ്-മിഷേലിനെ. ഫ്രാന്‍സില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നായ മോണ്ട് സെന്റ്-മിഷേല്‍ പ്രതിവര്‍ഷം 25 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്യുന്നു. ആയിരത്തിലേറെ വര്‍ഷത്തെ ചരിത്രമുള്ള ഈ ദ്വീപ് ആദ്യ കാഴ്ച്ചയില്‍തന്നെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടും. 

വായുവില്‍ ഒഴുകിനില്‍ക്കുന്ന അത്ഭുത ദ്വീപ്

ബ്രിട്ടാനിയും നോര്‍മാണ്ടിയും ഉള്‍ക്കടലില്‍ ലയിക്കുന്ന സ്ഥലമാണ് ഇതിന്റെ സ്ഥാനം. ഉയര്‍ന്ന വേലിയേറ്റ സമയത്ത്, ഇവിടം പ്രധാന ഭൂപ്രദേശത്ത് നിന്ന് വിച്ഛേദിക്കപ്പെടുന്നു, ഇത് കൂടുതല്‍ നിഗൂഡമായ ഒരു കാര്യമായി മാറുന്നു. ഈ സമയം മോണ്ട് സെന്റ് മിഷേല്‍ ഭൂമിയില്‍ നിന്നും വിട്ട് ഉയര്‍ന്നുനില്‍ക്കുന്നതായി തോന്നും വിദൂരത്ത് നിന്ന് നോക്കിയാല്‍. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഗുരുത്വാകര്‍ണത്തെ തോല്‍പ്പിച്ചുനില്‍ക്കുന്ന അവസ്ഥ. യൂറോപ്പിലെ ഏറ്റവും വലിയ വേലിയേറ്റം ഇവിടുത്തെ ഉള്‍ക്കടലില്‍ അനുഭവപ്പെടുന്നു, 15 മീറ്ററോളം ഉയരത്തില്‍ വരെ ഇവിടെ വേലിയേറ്റം ഉണ്ടാകാറുണ്ടത്രേ. ഈ കാസിലിന്റെ ഏറ്റവും വലിയ പ്രത്യേകത വേലിയിറക്ക സമയത്ത് ഉള്‍ക്കടലിലൂടെ നടന്ന് ഇവിടേയ്ക്ക് എത്താമെന്നതാണ്.

ചരിത്രവും സംസ്‌കാരവും നിറഞ്ഞിരിക്കുന്നു

ആയിരം വര്‍ഷത്തിലേറെയായി ഈ ദ്വീപില്‍് ഒരു മഠത്തിന്റെ ആസ്ഥാനമുണ്ട്.ഒന്‍പതാം നൂറ്റാണ്ട് മുതല്‍, നോര്‍മാണ്ടിയില്‍ നിന്നുള്ള പ്രഭുക്കന്മാര്‍ അവ്യക്തമായ ഈ ദ്വീപില്‍ ഒരു ആശ്രമം പണിയാന്‍ പ്രാദേശിക സന്യാസിമാരോട് ആവശ്യപ്പെടുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.താമസിയാതെ, ദ്വീപ് തീര്‍ത്ഥാടന കേന്ദ്രമായും പഠന കേന്ദ്രമായും യൂറോപ്പിലുടനീളം പ്രസിദ്ധി നേടി.യൂറോപ്പിലെമ്പാടുമുള്ള ചിത്രകാരന്മാരും കയ്യെഴുത്തുപ്രതി സ്രഷ്ടാക്കളും നൂറ്റാണ്ടുകളിലുടനീളം മോണ്ട് സെന്റ് മിഷേലില്‍ ഒത്തുചേര്‍ന്ന് പഠന പ്രേമം പങ്കുവെച്ചു. ഭാഗ്യവശാല്‍, ഇവിടത്തെ സന്യാസിമാര്‍ ഇന്നുവരെ മറ്റൊരിടത്തും ഇല്ലാത്ത നിരവധി കലാസൃഷ്ടികളും സാഹിത്യകൃതികളും ഇവിടെ സംരക്ഷിച്ചു.പത്താം നൂറ്റാണ്ടില്‍ ബെനഡിക്‌റ്റൈന്‍സ് കോട്ടയില്‍ താമസമാക്കി, ഒരു ഗ്രാമം അതിന്റെ മതിലുകള്‍ക്ക് താഴെ വളര്‍ന്നു. പതിനാലാം നൂറ്റാണ്ടോടെ ഇത് ആ വലിയ പാറയുടെ ഭൂരിഭാഗവും വ്യാപിച്ചു.മോണ്ട്-സെന്റ്-മിഷേല്‍ സൈനിക വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. അതിന്റെ കവാടങ്ങളും കോട്ടകളും എല്ലാ ഇംഗ്ലീഷ് ആക്രമണങ്ങളെയും ചെറുത്തു, അതിന്റെ ഫലമായി മൗണ്ട് ദേശീയ സ്വത്വത്തിന്റെ പ്രതീകമായി.ഫ്രഞ്ച് വിപ്ലവകാലത്ത്,തടവുകാരെ പാര്‍പ്പിക്കാന്‍ ഈ ദ്വീപ് ഉപയോഗിച്ചിരുന്നു. 1979 ല്‍ ഈ സ്ഥലം യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാക്കി മാറ്റി.

ഇത് യഥാര്‍ത്ഥത്തില്‍ താമസക്കാരുള്ള ഗ്രാമമാണ് 

മോണ്ട് സെന്റ്-മിഷേല്‍ ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും താമസക്കാര്‍ ഉള്ള ഒരു ചെറിയ ഗ്രാമമാണെന്നും ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ ഓര്‍മിക്കേണ്ടത് പ്രധാനമാണ്, ആബിയില്‍ താമസിക്കുന്ന സന്യാസിമാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ ഏകദേശം 60 ഓളം താമസക്കാരുണ്ട് ഈ മാന്ത്രിത ദ്വീപില്‍. ആബിയില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ ഗായകസംഘത്തിന്റെ മനോഹരമായ ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകാം.അതുകൊണ്ട് അവരുടെ വീടിനെ ബഹുമാനിക്കുക, പ്രത്യേകിച്ചും മതപരമായ ചടങ്ങുകളില്‍ പൗരന്മാരുടെ ഫോട്ടോ എടുക്കരുത്.മോണ്ട് സെന്റ്-മിഷേലിലേക്കുള്ള കയറ്റം ഒരല്‍പ്പം ദുര്‍ഘടം പിടിച്ചതാണ്.മുകളിലേക്കുള്ള പാത കുത്തനെയുള്ളതും ഇടുങ്ങിയതും ചതുരാകൃതിയിലുള്ളതുമാണ്.മ്യസീയങ്ങള്‍, പള്ളികള്‍, കോട്ടകൊത്തളങ്ങള്‍, തുടങ്ങി ഇതിനകത്ത് കാണാനും അനുഭവിക്കാനും ഏറെയുണ്ട്. ആബിയെന്ന് അറിയപ്പെടുന്ന കോട്ടയുടെ പ്രധാന കെട്ടിടം മുകളിലാണ് സ്ഥിതിചെയ്യുന്നത്. 

ദ്വീപ് മുഴുവനും ഒരു വലിയ പാറയില്‍ ആണ് പണിതുയര്‍ത്തിയിരിക്കുന്നത്.കുറഞ്ഞ വേലിയേറ്റത്തില്‍, ദ്വീപിന് കാല്‍നടയായി എത്തിച്ചേരാം.ഫ്രാന്‍സിലെ പ്രധാന ഭൂപ്രദേശത്തില്‍ നിന്ന് ദ്വീപിനെ ബന്ധിപ്പിക്കുന്ന ഒരു പാലം ഇപ്പോള്‍ ഉണ്ട്,അതിനാല്‍ കാല്‍നടയായി ദ്വീപിലേക്ക് മുഴുവന്‍ സമയ പ്രവേശനമുണ്ട്. ദ്വീപിലെ മറ്റൊരാകര്‍ഷണമാണ് ലാ ഗ്രാന്‍ഡെ റൂ.ചെറിയ ചെറിയ കടകളും മനോഹരമായ കഫേകളും നിറഞ്ഞ ഒരു തെരുവ്. മോണ്ട്-സെന്റ്-മിഷേലിന്റെ പ്രധാന തെരുവായ ഇത് ഒരു ഫ്രഞ്ച് പട്ടണത്തേക്കാള്‍ ഒരു യക്ഷിക്കഥയില്‍ നിന്നുള്ളതുപോലെ തോന്നിപ്പിക്കും. വിശാലമായ വലിയൊരു തരിശുപ്രദേശത്തിന് നടുക്കായി തലയുയര്‍ത്തിനില്‍ക്കുന്നൊരു കോട്ടകൊട്ടാരത്തെ സങ്കല്‍പ്പിച്ചുനോക്കു. മോണ്ട് സെന്റ് മിഷേല്‍ അതാണ്.

English Summary: Mont Saint-Michel is as close as you can get to Hogwarts in France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com