ADVERTISEMENT

പല സഞ്ചാരികളും ഇന്തൊനീഷ്യയിലേക്കു യാത്ര നടത്തുന്നത് ആ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ മാത്രമല്ല ലോകത്ത് ഇന്നു കിട്ടുന്ന ഏറ്റവും രുചിയുള്ള കോഫി കുടിക്കാൻ കൂടിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലെ വടക്കേ അറ്റത്തുള്ള പ്രവിശ്യയായ ആഷെയിലെ ചെറിയ ഫാമുകൾ ഈ ഭൂമിയിലെ ഏറ്റവും രുചികരമായ കാപ്പി ഉത്പാദിപ്പിക്കുന്നു.

ഇന്തൊനീഷ്യയുടെ ഭാഗമാണ് സുമാത്ര. ലോകത്തിലെ ആറാമത്തെ വലിയ ദ്വീപും 50 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന സ്ഥലവുമാണിത്. ബോർണിയോ, ജാവ എന്നിവയ്‌ക്കൊപ്പം, രാജ്യത്തെ മൂന്ന് പ്രധാന ദ്വീപുകളിൽ ഒന്നാണിത്.

സുമാത്രൻ കോഫിയുടെ ചരിത്രം

ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവത തടാകമായ തോബയ്ക്കു സമീപം 1884 ൽ സുമാത്ര ദ്വീപിൽ കാപ്പി ഉത്പാദനം ആരംഭിച്ചതായി കരുതപ്പെടുന്നു. ഒരു കോഫി ഫാം നേരിട്ടു കാണാനും അതിശയകരമായ ഒരു അവധിക്കാലം ആസ്വദിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സുമാത്രയിലേക്ക് പോകണം, പ്രത്യേകിച്ച് തോബ തടാകക്കരയിൽ. 

എന്താണ് സുമാത്ര കോഫി? 

ഇന്തൊനീഷ്യൻ കോഫിക്ക് ഒരു വലിയ ചരിത്രമുണ്ട്. പുരാതന എത്യോപ്യയിലാണ് കാപ്പി കണ്ടിപിടിച്ചതെന്നു കരുതപ്പെടുന്നു. യെമനിൽനിന്ന് ഡച്ചുകാരാണ് 1699 ൽ ഇന്തൊനീഷ്യയിലേക്ക് കാപ്പി കൊണ്ടുവന്നത്. ഇവിടെ അത് പച്ചപിടിച്ചു. ഇന്തൊനീഷ്യ അതിവേഗം ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറി. ജാവ ദ്വീപിലെ ജക്കാർത്തയിൽ നിന്ന് കോഫി കയറ്റുമതി ചെയ്തു. അങ്ങനെയാണ് ചരിത്രത്തിലെ ഒരു കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കോഫിയായി ജാവ അറിയപ്പെടുന്നത്. കോഫി പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്തിരുന്ന ബാഗുകൾ ജാവ എന്നാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നതു പോലും.

indonesia-sumatra-Aceh1

കാപ്പിയെ ചുറ്റിപ്പറ്റിയുള്ള നിരവധി കെട്ടുകഥകളുണ്ട്; പ്രത്യേകിച്ചു പരമ്പരാഗത പ്രദേശങ്ങളിൽനിന്ന്. ഇക്കാരണത്താൽ സുമാത്രൻ കോഫി മാൻ‌ഡെലിങ് അല്ലെങ്കിൽ മാൻ‌ഡെയ്‌ലിങ് എന്ന പേരിലാണ് വിറ്റിരുന്നത്. എന്നാൽ വാസ്തവത്തിൽ ഈ പേര് സൂചിപ്പിക്കുന്നത് സുമാത്രയിലെ ഒരു ഗോത്രത്തെയാണ്, ഒരു പ്രത്യേക തരം കോഫിയെയല്ല.

കോഫിയുടെ രുചി രഹസ്യം

ഫലഭൂയിഷ്ഠമായ അഗ്നിപർവത മണ്ണുള്ള ഇന്തൊനീഷ്യൻ ദ്വീപാണ് സുമാത്ര. തോബ തടാകത്തോട് ചേർന്നുള്ള ലിന്റോങ്, വടക്കൻ ആഷെ മേഖലയിലെ ഗായോ എന്നിവയാണ് സുമാത്രയിലെ ഏറ്റവും പ്രശസ്തമായ ഉപപ്രദേശങ്ങൾ. സുമാത്രൻ കോഫി പലപ്പോഴും ഗില്ലിങ് ബസ രീതി ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു. താഴ്ന്ന തീരപ്രദേശങ്ങൾ മുതൽ കുത്തനെ ഉയരുന്ന പർവത പ്രദേശങ്ങൾ വരെ കോഫി കൃഷി ചെയ്യുന്നുണ്ട്. ഈ പ്രദേശത്തെ കോഫി കർഷകർ 130 വർഷത്തിലേറെയായി മികച്ച കാപ്പിക്കുരു ഉത്പാദിപ്പിക്കുന്നു. സുമാത്രൻ കോഫിയുടെ ബഹുഭൂരിപക്ഷവും വളരെ ചെറിയ ഫാമുകളിൽ നിന്നാണ് ലഭിക്കുന്നത്.

ഈ കോഫിയെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടുതലാണ്. കോഫി പ്രേമികൾക്ക് സുമാത്ര സ്വർഗമാണ്.

English Summary: Uncover the secret of Sumatran coffee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com