ADVERTISEMENT

ചൈനയിലെ കിഴക്കൻ യുനാനിലെ ലൂപ്പിംഗ് കൗണ്ടിയില്‍ വസന്തകാലത്തെത്തുന്ന ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം സ്വപ്നമേത്, സത്യമേത് എന്ന് തിരിച്ചറിയാന്‍ അല്‍പ്പം സമയമെടുക്കും. കണ്ണെത്താദൂരത്തോളം സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന് പരന്നുകിടക്കുന്ന കനോല പുഷ്പങ്ങളുടെ കാഴ്ച കണ്ട് ഇത് ഭൂമിയിലെ സ്വര്‍ഗമോ എന്ന് ആരും വിസ്മയിച്ചുപോകും. മലനിരകളുടെ പശ്ചാത്തല ദൃശ്യവും കൂടിയാകുമ്പോള്‍ ആ കാഴ്ചയ്ക്ക് കൈവരുന്ന പൂര്‍ണ്ണതയും മനോഹാരിതയും ഭൂമിയിലെ മറ്റൊരു വസന്തകാല ദൃശ്യത്തോടും ഉപമിക്കാനാവാത്തത്ര സുന്ദരമായി മാറുന്നു. 

ചൈനയില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന എണ്ണ നിര്‍മിക്കുന്നതും കടുക് വര്‍ഗ്ഗത്തില്‍ പെടുന്നതുമായ ഒരു സസ്യമാണ് കനോല. ഇതിന്‍റെ കൃഷി നടക്കുന്ന പാടങ്ങളാണ് ഈ കാഴ്ച ഒരുക്കുന്നത്. കനോല ഉള്‍പ്പെടുന്ന റേപ്സീഡ് ഓയിലുകളുടെ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്. നാലാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിവര്‍ഷം 2,473,000 ടണ്‍ ഓയില്‍ ആണ് പ്രതിവര്‍ഷം നിര്‍മിക്കുന്നത്. 

Canola-Flowers-in-Luoping--China2

ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് വസന്തകാലത്ത് ഈ പ്രദേശം. ഇവിടത്തെ സൂര്യോദയക്കാഴ്ചയാണ് ഏറ്റവും പ്രധാനം. അരുണവര്‍ണ്ണമാര്‍ന്ന സൂര്യരശ്മികള്‍ മഞ്ഞക്കടല്‍ പോലെ കിടക്കുന്ന പുഷ്പങ്ങളില്‍ പതിക്കുമ്പോള്‍ സ്വര്‍ണ്ണം ഉരുക്കിയൊഴിച്ചതാണോ എന്ന് തോന്നിപ്പോകും.

ചൈനയിലെ കിഴക്കൻ യുനാൻ പ്രവിശ്യയിലെ ക്വിജിംഗ് സിറ്റിയിലാണ് ലൂപ്പിംഗ് കൗണ്ടി സ്ഥിതിചെയ്യുന്നത്. ഇതിനു കിഴക്ക് വശത്തായി ഗുയിഷോ പ്രവിശ്യയും തെക്കുകിഴക്ക് ഭാഗത്ത് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശവുമുണ്ട്. അധികമാരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന ഈ പ്രദേശം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ കനോല തോട്ടങ്ങളുടെ മനോഹര ചിത്രങ്ങള്‍ കണ്ടാണ്‌ ലോകം മുഴുവന്‍ പ്രശസ്തമായത്‌. 

ലൂപ്പിംഗിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഇതിനായി ബസ് സര്‍വീസുകള്‍ ധാരാളമുണ്ട്. നൂറു വർഷം പഴക്കമുള്ള ലിംഗി ക്ഷേത്രവും ഈ മലനിരകളിലൊന്നിലാണ്‌ സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ക്ക് ഇവിടവും സന്ദര്‍ശിക്കാം. 

തേനീച്ചവളര്‍ത്തലും തേൻ ഉൽ‌പന്നങ്ങളുടെ വില്പ്പനയുമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ജിഞ്ചിഫെംഗ്, നയന്‍ ഡ്രാഗണ്‍ വെള്ളച്ചാട്ടം, ദ്യോയി നദി, ലുബുജ് മലയിടുക്ക് എന്നിവയും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റു ചില ആകര്‍ഷണങ്ങളാണ്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിനായി മിനിബസ്, മോട്ടോര്‍ റിക്ഷ സംവിധാനങ്ങള്‍ ലഭ്യമാണ്. 

സാധാരണയായി എല്ലാ വർഷവും ജനുവരിയിൽ സഞ്ചാരികള്‍ക്കായി ലൂപ്പിംഗ് കനോല ഫ്ലവർ ടൂറിസം ഫെസ്റ്റിവൽ ഉണ്ടാവാറുണ്ട്. ജൂണ്‍ വരെ പൂക്കള്‍ നിലനില്‍ക്കുമെങ്കിലും ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

English Summary: Canola Flowers in Luoping, China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com