ഇത് കൃത്രിമ വെള്ളച്ചാട്ടമോ? ലോക സഞ്ചാരികൾക്ക് അപൂർവ അനുഭവം പകരുന്ന യാത്രായിടം

Villa-Escudero-Waterfalls-Restaurant
SHARE

എപ്പോഴെങ്കിലും തുള്ളിച്ചിതറുന്ന വെള്ളച്ചാട്ടത്തിന് അരികത്തിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോ? അതിനുള്ള സുവര്‍ണ്ണാവസരമാണ് ഫിലിപ്പീന്‍സിലെ വില്ല എസ്ക്യുഡെറോ റിസോര്‍ട്ട് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ഇവിടുത്തെ റസ്‌റ്റോറന്‍റില്‍ വെള്ളച്ചാട്ടത്തില്‍ നിന്നൊഴുകി വരുന്ന വെള്ളത്തില്‍ സ്ഥാപിച്ച മുള മേശകളിൽ സമുദ്രവിഭവങ്ങൾ കഴിക്കാം. തണുത്ത കാറ്റും ജലമര്‍മരങ്ങളും വെള്ളച്ചാട്ടത്തിന്‍റെ ഉന്മേഷദായകമായ കാഴ്ചയും ഒപ്പം നാവില്‍ കപ്പലോടിക്കുന്ന ഭക്ഷണവും കൂടിയാകുമ്പോള്‍ എത്ര മനോഹരമായിരിക്കും ആ അനുഭവം എന്നൊന്ന് ഓര്‍ത്തുനോക്കൂ.

കൃത്രിമമോ പ്രകൃതിദത്തമോ?

കാണാന്‍ പ്രകൃതിദത്തമെന്ന്‌ തോന്നുമെങ്കിലും ഇത് ഒരു യഥാര്‍ത്ഥ വെള്ളച്ചാട്ടമല്ല. ഫിലിപ്പീന്‍സിലെ ആദ്യത്തെ ജലവൈദ്യുത നിലയമായ ലബാസിൻ ഡാമിൽ നിന്നുള്ള ജലത്തിന്‍റെ ഒഴുക്കാണ് വെള്ളച്ചാട്ടമായി കാണുന്നത്. എന്നാല്‍ കാഴ്ചയില്‍ ശരിക്കുമുള്ള ഒരു വെള്ളച്ചാട്ടത്തിന്‍റെ അനുഭവമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.

വളരെ ശാന്തമായ അന്തരീക്ഷമാണ് ഈ പ്രദേശത്ത് ഉള്ളത്. ഭക്ഷണത്തിനൊപ്പം സന്ദർശകർക്ക് പരമ്പരാഗത സംഗീതവും പ്രാദേശിക നർത്തകരുടെ പ്രകടനങ്ങളും ആസ്വദിക്കാനാകും. വനപ്രദേശമായതിനാല്‍ പലതരം പക്ഷികളെയും കാണാം. ഇതിലൂടെ വേണമെങ്കില്‍ നടക്കുകയും ആവാം. കൂടാതെ മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ ഉള്ള യാത്രയും ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ട് ജീപ്പ് പര്യടനവും ഇവിടെ നടത്താം.

എന്തൊക്കെയാണ് വിഭവങ്ങള്‍?

വെള്ളച്ചാട്ടത്തിലെ മുള മേശകളില്‍ ഇരുന്ന് നഗ്നപാദരായി വേണം ഭക്ഷണം കഴിക്കാന്‍. മത്സ്യങ്ങൾ, ചോറ്, ബാർബിക്യൂഡ് ചിക്കൻ, വാഴപ്പഴം, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവ അടക്കമുള്ള വിഭവങ്ങള്‍ വാഴയിലയില്‍ വിളമ്പുന്ന കാമയൻ ശൈലിയാണ് ഇവിടെ അവലംബിക്കുന്നത്.

Villa-Escudero-Waterfalls-Restaurant1

എവിടെയാണ് ഈ സ്ഥലം?

ഫിലിപ്പീന്‍സിലെ ക്യൂസോൺ പ്രവിശ്യയിലാണ് വില്ല എസ്ക്യുഡെറോ സ്ഥിതിചെയ്യുന്നത്. റസ്‌റ്റോറന്‍റിനു പുറമേ വിശാലമായ മുറികളും കൗതുകവസ്തുക്കള്‍ സൂക്ഷിച്ച ഒരു മ്യൂസിയവും ഇവിടെയുണ്ട്. 

കരിമ്പിന്‍ തോട്ടത്തില്‍ നിന്ന് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക്

1880 കളിൽ ഡോൺ പ്ലാസിഡോ എസ്കുഡെറോയും ഭാര്യ ഡോണ ക്ലോഡിയ മറാസിഗനും ചേർന്നാണ് ഈ റിസോര്‍ട്ട് സ്ഥാപിച്ചത്. ആദ്യം ഇവിടെ കരിമ്പിന്‍ തോട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1900 കളുടെ തുടക്കത്തിൽ ഡോൺ-ഡോണ ദമ്പതികളുടെ മകനായ ഡോൺ ആർസെനിയോ എസ്കുഡെറോ അത് മാറ്റി തെങ്ങ് നട്ടുപിടിപ്പിച്ചു. 

തെങ്ങിന്‍തോട്ടത്തിലേക്കുള്ള ജലസേചനത്തിനും റിസോര്‍ട്ടിലേക്കുള്ള വൈദ്യുതിക്കും വേണ്ടി രാജ്യത്തെ ആദ്യത്തെ ജലവൈദ്യുത നിലയം നിർമ്മിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹവും ഭാര്യ ഡോണ റൊസാരിയോ അഡാപ്പും ചേര്‍ന്ന് 1929ലായിരുന്നു അത് നിർമ്മിച്ചത്. പിന്നീട് ഇവരുടെ പിന്‍തലമുറക്കാര്‍ 1981ല്‍ ഈ എസ്റ്റേറ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 

ആദ്യകാലം മുതല്‍ തന്നെ നാട്ടുകാരും വിദേശസഞ്ചാരികളും ഒരുപോലെ എത്തുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറാന്‍ വില്ല എസ്ക്യുഡെറോയ്ക്ക് കഴിഞ്ഞു. മനിലയിൽ നിന്ന് രണ്ട് മണിക്കൂർ മാത്രം അകലെയുള്ള ഈ റിസോര്‍ട്ട് ഫിലിപ്പീൻസിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ കാഴ്ചകള്‍ ഒരുക്കുന്ന ഇടം എന്ന നിലയിൽ ഇന്ന് ലോകപ്രശസ്തമാണ്. 

English Summary:Villa Escudero with the Waterfalls Restaurant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA