ADVERTISEMENT

'ബാലിദ്വീപിലൂടെ -- 3 

എൻ ഗുരാ റായി (N gura rai) എയർപോർട്ടിന്റെ കവാടത്തിൽ ടീമംഗങ്ങളെ കാത്തു നിൽക്കുമ്പോൾ എന്റെ ശ്രദ്ധ കവാടത്തിൽ തിക്കിത്തിരക്കുന്ന ടൂറിസ്റ്റ് ഗൈഡുകളിലായിരുന്നു.  നൂറുകണക്കിനു ഗൈഡുകൾ. തങ്ങളുടെ അതിഥികളുടെയോ ടൂർ ഓപ്പറേറ്ററുടെയോ പേരെഴുതിയ പ്ലക്കാർഡുകളുമായി അവർ ക്ഷമയോടെ കാത്തു നിൽക്കുന്നു. 

ബാലി പ്രധാനമായും ഒരു ടൂറിസ്റ്റ് സങ്കേതമാണ്.

ഓസ്ട്രേലിയ, ഇന്ത്യ, ചൈന, സിംഗപ്പൂർ, ആഫ്രിക്ക, ജപ്പാൻ, കൊറിയ, ഇന്തൊനീഷ്യയുടെ ഇതര പ്രവിശ്യകൾ എന്നിവിടങ്ങളിൽ നിന്നെല്ലാമായി ദിനംപ്രതി പതിനായിരങ്ങളാണ് സന്ദർശകരായി ബാലിയിലെത്തുന്നത്.  ഈ ടൂറിസ്റ്റുകൾ ചെലവഴിക്കുന്ന പണമാണ് ഇന്ന്  ബാലിയുടെ മുഖ്യ വരുമാനം.

എസ്.കെ. പൊറ്റെക്കാട്ട് യാത്ര ചെയ്ത 1950 കളിൽ  ബാലിയിൽ ടൂറിസ്റ്റുകൾ വന്നു തുടങ്ങിയിരുന്നെങ്കിലും വരുമാനമേറെയും കാർഷിക വൃത്തിയിൽ നിന്നായിരുന്നു.

മനോഹരമായ പ്രകൃതി, അമ്യൂസ്മെന്റുകൾ, ഡാൻസ് ബാറുകൾ, പബ്ബുകൾ, മസാജിങ് സെന്ററുകൾ തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ളതെന്തും ബാലിയിലുണ്ട്; സെക്സ് ടൂറിസം വരെ. കൃഷിയും മീൻപിടുത്തവും കരകൗശലവേലകളും ക്ഷേത്ര പൂജകളും വരെ അവർ ടൂറിസ്റ്റുകളെ കാണിച്ച് പണം സമ്പാദിക്കുന്നു. അടിസ്ഥാനപരമായി ബാലി ഒരു ഹിന്ദുദേശമാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയിലെ ഏക ഹിന്ദു പ്രവിശ്യ. 

140 കിലോമീറ്റർ ദൈർഘ്യവും 80 കിലോമീറ്ററോളം വീതിയുമുള്ള ചെറിയൊരു ദ്വീപ് പ്രദേശമാണ് ബാലി. കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകൾ കൂടിച്ചേർന്നാലുള്ള വലുപ്പം മാത്രം. ആകെ വിസ്തൃതി 5636 ചതുരശ്ര കിലോമീറ്റർ. മലപ്പുറം ജില്ലയിലെ ജനസംഖ്യയേക്കാൾ ഒരിത്തിരി കൂടുതലേ ഉള്ളൂ ഇവിടത്തെ ജനസംഖ്യ– 45 ലക്ഷത്തിനടുത്ത്. അതിൽ എൺപത്തിമൂന്നര ശതമാനവും ഹിന്ദുക്കളാണ്.

bali-travel

പാരമ്പര്യ ആചാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ മതാത്മക ജീവിതം നയിക്കുന്നവരാണ് ബാലി ജനതയിലേറെയും. പക്ഷേ ടൂറിസ്റ്റുകൾക്ക് വേണ്ട എല്ലാ ആധുനിക സൗകര്യവും ബാലിയിൽ അനുവദിച്ചിട്ടുണ്ട്. വൈരുധ്യം തോന്നുന്ന കാര്യമാണത്. പ്രതിവർഷം ബാലിയിലെത്തുന്ന ടൂറിസ്റ്റുകളുടെ കണക്ക് അദ്ഭുതപ്പെടുത്തുന്നതാണ്. 2017 ലും 2018 ലുമൊക്കെ 50 ലക്ഷത്തിലേറെ സന്ദർശകരാണ് ബാലിയിലെത്തിയത്. ബാലിയുടെ ഇപ്പോഴത്തെ പ്രതിവർഷ വരുമാനത്തിന്റെ 80% ടൂറിസത്തിൽ നിന്നാണെന്നു കണക്കുകൾ കാണിക്കുന്നു. 

1968ൽ ഡെംഗ് പസാർ എയർപോർട്ട് രാജ്യാന്തര വിമാനത്താവളമാക്കിയതോടെയാണ് വിദേശ ടൂറിസ്റ്റുകൾ ബാലിയെ ലക്ഷ്യമിട്ടു തുടങ്ങിയത്. ഡച്ചുകാർക്കെതിരെ പടനയിക്കുന്നതിനിടെ കൊല്ലപ്പെട്ട, ബാലി സൈന്യത്തിലെ യുദ്ധവീരൻ കേണൽ ഐ ഗുസ്റ്റി എൻ ഗുരാ റായി (I Gusti Ngurah Rai) യുടെ പേരിലാണ് ഈ വിമാനത്താവളം ഇപ്പോൾ അറിയപ്പെടുന്നത്.

1946 ൽ 29 മത്തെ വയസ്സിലാണ് എൻ ഗുരാ റായ് കൊല്ലപ്പെടുന്നത്. ആ യുദ്ധവീരന്റെ പൂർണകായ പ്രതിമയും എയർപോർട്ട് കവാടത്തിലുണ്ട്. 2018 ൽ മാത്രം ഈ എയർപോർട്ട് വഴി യാത്ര ചെയ്തത് 2,37,79,178 പേരാണ്. അത്രയേറെ തിരക്കേറിയ വിമാനത്താവളം.  സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിമാനത്താവളമായി 2016 ൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് എൻ ഗുരാറായി എയർപോർട്ട്. 

വലിയ അഡ്മിനിസ്ട്രേറ്റീവ് മന്ദിരങ്ങൾ, നാനാതരത്തിലുള്ള ഉല്‌പന്നങ്ങൾ നിരന്ന ഷോപ്പുകൾ, റസ്റ്ററന്റുകൾ,വിശാലമായ റൺവേ, പാർക്കിങ് സ്ഥലം എന്നിങ്ങനെ ഗംഭീരമാണ് ഈ എയർപോർട്ട് നിർമിതി.  നോക്കിനിന്നു പോകുന്ന ആർക്കിടെക്ചർ. സഹയാത്രികർ കവാടത്തിലേക്കെത്തും വരെ ഞാനതൊക്കെ വിസ്മയപൂർവം നോക്കി നിന്നു. 

ഒപ്പം രമേശേട്ടനുണ്ട്, നൗഷിയും. ഗൈഡ് സുമന്തുമുണ്ട് കൂടെ. ഞങ്ങളുടെ കാത്തിരിപ്പ് ഇരുപത് മിനിറ്റോളം നീണ്ടു. കൂട്ടത്തിലൊരാളുടെ ലഗേജ് ബാഗുകളിലൊന്ന് കാണാതെ പോയത് തേടി നടന്നാണ് സഹയാത്രികർ വൈകിയത്. ഒടുവിൽ ബാഗ് കണ്ടെത്തി അവരെത്തി.  നേരം അപ്പോൾ പന്ത്രണ്ടരയോടടുത്തിരുന്നു. 

യാത്രികർ എല്ലാവരും എത്തിയതോടെ സുമന്ത് ഞങ്ങളെ പുറത്തേക്ക് നയിച്ചു. ഞങ്ങൾക്കുള്ള ബസ് അവിടെ കാത്തുനിൽപുണ്ട്.  26 പേർക്ക് യാത്ര ചെയ്യാവുന്ന എസി കോച്ചാണ്.  ചെറിയ ബസ്. ബാലിയിലെ ഉൾനാടൻ റോഡുകൾക്ക് വീതി കുറവാണ്. അതിനാൽ വലിയ ബസ്സുകൾക്ക് പെർമിഷനില്ല. 26 വരെ സീറ്റുള്ള ബസ്സുകളേ ഉള്ളൂ. ബസിനരികിലെത്തിയപ്പോൾ പരമ്പരാഗത ബാലി വേഷത്തിലുള്ള രണ്ട് ബാലികമാർ ഞങ്ങളെ ചെമ്പകപ്പൂക്കൾ കൊണ്ടുള്ള ഹാരമണിയിച്ചു. സുമന്തിന്റെ ഏർപ്പാടാവണം. അതിഥികളെ സ്വീകരിക്കുന്ന ബാലി രീതിയാണത്. ബാലിയുടെ ദേശീയ പുഷ്പമാണ് ചെമ്പകപ്പൂ. നല്ല സുഗന്ധമുണ്ട്. മഞ്ഞയും വെളുപ്പും കലർന്ന നിറമാണ്. 

bali-travel1

പ്ലമേരിയ (Pumeria) അല്ലെങ്കിൽ ഫ്രാൻകി പാനി (Frangipani) എന്നൊക്കെ അറിയപ്പെടുന്ന ചെമ്പകപ്പൂ ബാലി ഹിന്ദുക്കളുടെ പൂജാപുഷ്പം കൂടിയാണ്. മതപരമായ എല്ലാ ചടങ്ങുകൾക്കും അത് കൂടിയേ തീരൂ ബാലിപ്പെൺകിടാങ്ങൾ മുടിയിൽ ചൂടാനും ഇതുപയോഗിക്കും. വടക്കൻ കേരളത്തിൽ തെയ്യക്കാവുകളിൽ ചെമ്പകപ്പൂക്കൾ കാണാം. തെക്കൻ കേരളത്തിൽ പാർക്കുകളിലേ കണ്ടിട്ടുള്ളൂ. ജപുൻ (Japun) എന്നാണ് ബാലിക്കാർ ഇതിനെ വിളിക്കാറ്. ബസ് പുറപ്പെട്ടപ്പോൾ ഞാൻ വിമാനത്താവള പരിസരം നന്നായി  നിരീക്ഷിച്ചു.  മനോഹരമായ ഗാർഡനും ഗാർഡൻ ശിൽപങ്ങളും. വിശാലമായ അപ്രോച്ച് റോഡ്.

പരന്ന് പെയ്യുന്ന ഉച്ചവെയിലിൽക്കൂടി ബസ് നീങ്ങി.  റോഡിൽ നിറയെ വിമാനത്താവളത്തിലേക്ക് വന്നു പോകുന്ന കാറുകളും ബസുകളും. ഉച്ചഭക്ഷണമൊരുക്കിയിരിക്കുന്ന റസ്റ്ററന്റിലേക്കാണ് ഞങ്ങളുടെ ആദ്യയാത്ര. റോഡിനിരുവശവും നിരനിരയായി കടമുറികൾ. അവയ്ക്ക് പിന്നിൽ ഗൃഹങ്ങൾ. അതോട് ചേർന്ന് ചെറിയ ക്ഷേത്രങ്ങൾ. ബാലിയിലെ കെട്ടിടങ്ങളേറെയും ഒറ്റനിലയോ ഇരുനിലയോ ആണ്. 

ക്ഷേത്ര മന്ദിരങ്ങളുടെ ഉയരത്തിനപ്പുറം കെട്ടിടങ്ങൾ നിർമിക്കരുത് എന്നാണ് ബാലി ജനതയുടെ വിശ്വാസം. 

bali-travel6

അതിനാൽ ഹൈറൈസ് മന്ദിരങ്ങൾ ബാലിയിൽ ഇല്ലേയില്ല. ആറേഴു നിലയുള്ള ചുരുക്കം ഹോട്ടൽ മന്ദിരങ്ങളാണ് ബാലിയിലെ അംബരചുംബികൾ. ബസ് നീങ്ങവേ അനോഷും സുമന്തും യാത്രാ പരിപാടികൾ വിശദീകരിച്ചു. ആദ്യം ഒരു ഇന്ത്യൻ ഹോട്ടലിൽ ലഞ്ച്. പിന്നെ താമസിക്കാൻ മുറി ബുക്ക് ചെയ്ത ഹോട്ടൽ ഹാർപർ കുത(Harper Kuta )യിൽ ചെക്കിൻ ചെയ്യൽ. അല്പം വിശ്രമം, കുളി, ഡ്രസ്ചേഞ്ച് എന്നിവയ്ക്ക് ശേഷം സായാഹ്നത്തിൽ ഒരു ക്ഷേത്ര ദർശനം. രാത്രിയിൽ ഒരു ഇന്ത്യൻ ഹോട്ടലിൽ ഡിന്നർ. ഇത്രയുമാണ് ആദ്യ ദിന പരിപാടികൾ. അവരക്കാര്യം വിശദീകരിക്കെ ഞാൻ ഐപാഡിൽ കുറേ വഴിയോര ദൃശ്യങ്ങൾ പകർത്തി. 

ബസിൽ മുൻ നിരയിൽ ഇരുന്നതിനാൽ അതെളുപ്പമായി.  നല്ല കാഴ്ചകൾ. ഏതാനും കിലോമീറ്റർ ഓടി ബസ് ഒരു റസ്റ്ററന്റിന് മുന്നിൽ ബ്രേക്കിട്ടു. സ്വാദ് റസ്റ്ററന്റ്. നല്ല പാർക്കിങ് സ്പേസുള്ള ഇടമാണ്. രണ്ടു നില നിർമിതിയാണെങ്കിലും വലിയ കെട്ടിടമാണ്. പിന്നിലേക്ക്  നീണ്ട് നീണ്ട് പോകുന്ന രൂപകല്പന. മുകൾനിലയിൽ ഒരു ഭാഗത്താണ് ഭക്ഷണശാല. താഴെനില പലതരം ഷോപ്പുകൾക്കായി മാറ്റി വച്ചിരിക്കയാണ്. 

bali-travel3

ഞങ്ങളുടെ കൂട്ടത്തിൽ ഷഷ്ഠിപൂർത്തി കഴിഞ്ഞ ചിലരുണ്ട്. പടി കയറി മുകളിലെത്താൻ അവർ വിഷമിക്കുമോ എന്ന് ഞാൻ ശങ്കിച്ചു. 

അത് വെറുതെയായിരുന്നു. യാത്രികർ നല്ല ഉഷാറിലാണ്. വിശാലമാണ് റസ്റ്ററന്റ്. പക്ഷേ തിരക്ക് ഒട്ടുമില്ല. ഇന്ത്യൻ സന്ദർശകരെ ലക്ഷ്യമിട്ട് നടത്തുന്ന ഹോട്ടലാവണം. പേര് തന്നെ അതിന്റെ സൂചനയാണ്. വലിയ വുഡൻ ടേബിളും ചെയറുകളും. ഉത്തരേന്ത്യൻ രീതിയിലുള്ള ബുഫെ ലഞ്ചാണ്. ബസുമതി റൈസ്, ദാൽ കറി, മസാലക്കറി, പപ്പടം, അച്ചാർ, തൈര്, വെജിറ്റബിൾ സലാഡ്. ഒണിയൻ, എന്നിങ്ങനെ ചുരുക്കം വിഭവങ്ങൾ. ബ്രഡ് വേണ്ടവർക്ക് അതുമുണ്ട്. ഞാൻ അല്പം ചോറും ദാൽ കറിയുമെടുത്തു. കൂട്ടിന് തൈരും പച്ചമുളകും. ശേഷം ഒരു കപ്പ് ഐസ് ക്രീമും. ഉത്തരേന്ത്യക്കാരെ ലക്ഷ്യമിട്ട് പല വിദേശ രാജ്യങ്ങളിലും പതിവുള്ള മെനുവാണിത്. 

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ മലയാളികൾക്ക് ഭൂരിപക്ഷമുണ്ടാകാം. പക്ഷേ വിദേശത്തേക്ക് ടൂറിസ്റ്റുകളായി പോകുന്നതിൽ നോർത്തിന്ത്യക്കാരാണ് കൂടുതൽ. കുടുംബസമേതമാണ് അവരുടെ യാത്ര. അത്തരക്കാരെ ലക്ഷ്യമിട്ട് മിക്ക വിദേശ രാജ്യങ്ങളിലും ഇന്ത്യൻ റസ്റ്ററന്റുകൾ ഉണ്ട്. ഇന്ത്യക്കാരുടെ തന്നെ സംരംഭങ്ങളായിരിക്കും. അതുകൊണ്ടാകാം അവിടത്തെ ഫുഡ്മെനുവും നോർത്തിന്ത്യൻ ആണ്. മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിലൊക്കെയേ കേരളാ ക്യുസിൻ കാണൂ. തൊട്ടുമുമ്പത്തെ ശ്രീലങ്കൻ യാത്രയിലും തായ്‌ലൻഡ് യാത്രയിലും മിക്ക ദിവസങ്ങളിലും ഇന്ത്യൻ ഹോട്ടലുകളിൽ തന്നെയായിരുന്നു ആഹാരം. നോർത്തിന്ത്യൻ മെനു തന്നെ. ദിവസങ്ങളോളം അത് തന്നെ. കഴിച്ച് കഴിച്ച് ചെടിപ്പ് വന്നു പോയിരുന്നു അന്ന്. 

ലഞ്ച് കഴിച്ച് വീണ്ടും ബസ്സിലേക്ക്. ഹോട്ടൽ മുറിയിലേക്കാണ്. 

 

. . . . . . .  തുടരും. . . . . . . . . . . . . . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com