അസുഖങ്ങൾ നമ്മളെ എങ്ങനെ ബാധിക്കുന്നു, രോഗബാധിതമായ 2500ലധികം ശരീരകോശങ്ങളുള്ള മ്യൂസിയം

Museum-of-Human-Disease
SHARE

സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളുടെ നഗരമാണ് സിഡ്നി. ഹാർബർ ബ്രിഡ്ജ്, പാറകൾ നിറഞ്ഞ കടൽതീരം, റോക്ക്സ് ഡിസ്കവറി മ്യൂസിയം, റോയൽ ബൊട്ടാണിക് ഗാർഡൻ, മ്യൂസിയം ഓഫ് കന്റെംപ്രറി ആർട്സ്, ഡാർലിങ് ഹാർബർ, ഓസ്ട്രേലിയൻ നാഷനൽ മാരിടൈം മ്യൂസിയം, ചൈനീസ് ഗാർഡൻ ഓഫ് ഫ്രണ്ട്ഷിപ്പ് എന്നിവയാണ് മറ്റു പ്രധാന കാഴ്ചകൾ. കൂടാതെ  സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകളും സിഡ്നിയിലുണ്ട്. അങ്ങനെയൊരിടമാണ് ഹ്യൂമന്‍ ഡിസീസ് മ്യൂസിയം.

മനുഷ്യശരീരഭാഗങ്ങളില്‍ പല തരത്തിലുള്ള രോഗങ്ങൾ ബാധിക്കും. ആ ശരീരഭാഗങ്ങള്‍ എടുത്ത് പ്രദര്‍ശനത്തിന് വച്ചാലോ? സിഡ്‌നിയിലുള്ള ഇൗ മ്യൂസിയത്തിൽ വെറും മനുഷ്യശരീരഭാഗങ്ങളല്ല, പല തരത്തിലുള്ള രോഗങ്ങൾ ബാധിച്ച അവയവങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 2500 ലധികം ശരീരഭാഗങ്ങള്‍ ഈ മ്യൂസിയത്തിലുണ്ട്. ഇൗ മ്യൂസിയത്തിലെ വിചിത്രകാഴ്ചകൾ തേടി ദിനംപ്രതി നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്.

എയ്ഡ്‌സ്, കാന്‍സര്‍, ഹൃദയാഘാതം, പ്രമേഹം, ജനിതക രോഗങ്ങള്‍, മരുന്നുകളുടെ അനന്തരഫലങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് രോഗങ്ങളും അവയുടെ സങ്കീര്‍ണതകളും പ്രകടമാക്കുന്ന ശരീരഭാഗങ്ങളാണ് ഇവിടെയുള്ളത്. പകര്‍ച്ചവ്യാധിയും അല്ലാത്തതുമായ രോഗങ്ങളുടെ ഉദാഹരണങ്ങള്‍ മ്യൂസിയത്തില്‍ ഉണ്ട്.

അനാരോഗ്യകരമായ ജീവിതശൈലികളായ പുകവലി, അമിതവണ്ണം, മദ്യം, മയക്കുമരുന്ന്, മാനസികാരോഗ്യം എന്നിവ മൂലം രോഗം ബാധിച്ച ശരീരഭാഗങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കല്‍ക്കരി ഖനികളില്‍ ജോലിചെയ്തിരുന്നവരുടെ കരിപിടിച്ച ശ്വാസകോശവും പുകവലിക്കുന്ന ആളുടെ കറുത്ത പന്തുപോലെ ഉരുണ്ട ശ്വാസകോശവുമെല്ലാം ഇവിടെയെത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കും. 60 വര്‍ഷം വരെ പഴക്കമുള്ള അവയവങ്ങളും ഇവിടെയുണ്ട്.

ഒരുകാലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പാത്തോളജിസ്റ്റുകള്‍ക്കുമായി മാത്രമായിരുന്ന‍ മ്യൂസിയം ജനങ്ങളുടെ പെരുമാറ്റവും ജീവിതരീതിയും മാറ്റാന്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് എല്ലാവർക്കുമായി തുറന്നിരിക്കുന്നത്. ആളുകള്‍ മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യമാണിതെന്നും ഇതിലൂടെ പലര്‍ക്കും തങ്ങളുടെ ജീവിതരീതിയില്‍ മാറ്റം വരുത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് മ്യൂസിയം തുറന്നുകൊണ്ട് അധികൃതര്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല സിഡ്‌നി സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന ഇടമായി മാറിയിരിക്കുകയാണ് ഈ ഹ്യൂമന്‍ ഡിസീസ് മ്യൂസിയം.

English Summary: Museum of Human Disease Sydney

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA