ADVERTISEMENT

സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഘടം പിടിച്ചതുമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ചൈനയിലെ ഒരു പര്‍വ്വതക്ഷേത്രത്തിലേക്കുള്ള പടികളെ സ്വര്‍ഗത്തിലേക്കുള്ള പടികള്‍ എന്നുവിളിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ട്രെക്കിങ് എന്നു വിശേഷിപ്പിക്കാം ഹുവായിന്‍ എന്ന സ്ഥലത്തെ ഹുവാഷാന്‍ പര്‍വ്വതത്തിലേക്കുള്ള യാത്ര.  പ്രകൃതിയുടെ ദുർഘടസൗന്ദര്യം കൊണ്ട് പ്രസിദ്ധമാണിവിടം. പര്‍വ്വതത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ട്രീ ഹൗസിലേക്കും പുരാതന ബുദ്ധമത ക്ഷേത്രത്തിലേക്കുമുള്ള പടികളാണ് സ്വര്‍ഗീയ പടികള്‍ എന്നപേരില്‍ ലോകം മുഴുവന്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്.

mount-huashan-china-heavntly-stairs3

ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് തങ്ങളുടെ ധൈര്യം പരീക്ഷിക്കുന്നതിനായി ഹുവാഷാന്‍ പര്‍വ്വതനിരയിലേക്ക് എത്തുന്നത്. പര്‍വതത്തിന്റെ തെക്ക് ഭാഗത്തായി 2,160 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ഹുവാഷാന്‍ പര്‍വ്വതം ഉള്‍ക്കൊള്ളുന്ന അഞ്ച് കൊടുമുടികളില്‍ സ്ഥിതി ചെയ്യുന്ന നിരവധി താവോയിസ്റ്റ് ക്ഷേത്രങ്ങളില്‍ ഒന്നാണ് പര്‍വതത്തിന്റെ മുകളിലുള്ള ടീഹൗസും ക്ഷേത്രവും. ഈ പ്രദേശത്തെ ആദ്യത്തെ നിവാസികള്‍ സന്യാസം അഭ്യസിച്ചപ്പോള്‍ അവരുടെ ദൈനംദിന ധ്യാനത്തോടൊപ്പം ഒരു കപ്പ് ചായയും ഉണ്ടായിരുന്നു. അങ്ങനെയാണ് ക്ഷേത്രത്തോടൊപ്പം ടീ ഹൗസും സ്ഥാപിക്കപ്പെട്ടത്.

പര്‍വതശിഖരത്തിലേക്കുള്ള വഴി ആരംഭിക്കുന്നത് ''ഹെവന്‍ലി സ്റ്റെയേര്‍സ്'' എന്ന് വിളിപ്പേരുള്ള വലിയ പടികളിലാണ്. ഇവിടെയെത്തിയാലുള്ള ആദ്യത്തെ കാഴ്ച്ച പടികള്‍ മേഘങ്ങളിലേക്ക് കയറുന്നതുപോലെയാണ്. പടികള്‍ എവിടെ അവസാനിക്കുന്നുവെന്ന് കാണാന്‍ കഴിയില്ല. മുകളിലേക്കുള്ള വഴിയില്‍ വീടുകളും ചെറിയ ഗ്രാമങ്ങളും കാണാം. എന്നാല്‍ അവിടെയൊന്നും വഴി അവസാനിക്കുന്നില്ല. പടികള്‍ കടന്നുകഴിഞ്ഞാല്‍ നേരെ ടീഹൗസിലേക്ക് പോകാം.

ലോകത്തിലെ ഏറ്റവും അപകടകരമായ റൂട്ടുകളിലൊന്നാണ് പര്‍വതത്തിന്റെ തെക്ക് ഭാഗം. ചെങ്കുത്തായതും അപകടകരവുമായ മലയുടെ അരികുകളിൽ ഉറപ്പിച്ചിരിക്കുന്ന പലകയിലൂടെ വേണം സഞ്ചാരികൾക്ക് സഞ്ചരിക്കാൻ. പര്‍വ്വതത്തില്‍ തൂക്കിയിരിക്കുന്ന ചങ്ങലകള്‍ മാത്രമാണ് ബലത്തോടെ പിടിച്ച് നടക്കാനുള്ളത്. ഈ ചങ്ങലകളില്‍പിടിച്ച് ഒരാള്‍ക്ക് കഷ്ടിച്ചുനടന്നുനീങ്ങാം, അതും ചരിഞ്ഞ് പാറയോട് ഒട്ടിചേര്‍ന്ന് വേണം പോകാന്‍. ഏതുനിമിഷവും ബാലന്‍സ് തെറ്റാം. പിടിവിട്ടാല്‍ പിന്നെ പൊടിപോലുമുണ്ടാകില്ല കണ്ട് പിടിക്കാന്‍. 

mount-huashan-china-heavntly-stairs1

സമീപ വര്‍ഷങ്ങളില്‍ ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ചൈനീസ് സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഓരോ വര്‍ഷവും നിരവധിപ്പേര്‍ ഈ സ്വര്‍ഗീയ പടികള്‍ കയറാനാകാതെ താഴെ അഗാധങ്ങളിലേക്ക് വീണുപൊലിയുന്നുണ്ട്. ഒരേസമയം, സൗന്ദര്യവും സാഹസികതയും അധ്യാത്മികതയുമെല്ലാം സമ്മേളിക്കുന്ന ഒരു ഇടമാണ് മൗണ്ട് ഹുവാഷാൻ.

English Summary:  Mount Huashan China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com