ടിക്ടോക്കിലൂടെ വിമാനകമ്പനിയെ പറ്റിക്കാനുള്ള ടിപ്പുകള്‍, യുവാവിന് 2 വർഷം വിലക്ക്

spirit-airlines
SHARE

യുട്യൂബിലും മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലുമൊക്കെ മികച്ച ടിപ്പുകള്‍ പറഞ്ഞു തരുന്ന ഒരുപാട് ആളുകളെ നാം കണ്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍, ശാസ്ത്രീയമല്ലാത്തതും കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടി പൊടിപ്പും തൊങ്ങലും വച്ച് കെട്ടിച്ചമച്ചതുമായ സൂത്രപ്പണികള്‍ അതീവ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച്, കാണികള്‍ക്ക് പണിയുണ്ടാക്കുന്ന വിരുതന്മാരും കുറവല്ല. ഇങ്ങനെ ടിക്ടോക്കില്‍ ടിപ്പുമായി വന്ന ഒരു യുവാവിന് പണി കൊടുത്തത് മറ്റാരുമല്ല; ആരെ പറ്റിക്കാന്‍ വേണ്ടിയാണോ ടിപ്പുണ്ടാക്കിയത്, അവര്‍ തന്നെ!

ലോകത്തെല്ലായിടത്തും എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുമ്പോള്‍ കൂടെ വഹിക്കാവുന്ന ഭാരത്തിന് കൃത്യമായ കണക്കുണ്ട്. വിമാനക്കമ്പനിക്കാരെ പറ്റിച്ച്, അധികം തുക നല്‍കാതെ തന്നെ കൂടുതല്‍ ഭാരം എങ്ങനെ കയറ്റിക്കൊണ്ടു പോകാം എന്ന് പറഞ്ഞു കൊടുക്കുന്ന വീഡിയോ ആണ് റോബ്കാല്‍ഡേ എന്ന യുവാവ് ടിക്ടോക്കില്‍ പോസ്റ്റ്‌ ചെയ്തത്. ഫലമോ, രണ്ടു വര്‍ഷത്തേക്ക് ഇയാള്‍ക്ക് വിമാനയാത്ര വിലക്കിയിരിക്കുകയാണ് അമേരിക്കന്‍ വിമാനക്കമ്പനിയായ സ്പിരിറ്റ്‌ എയര്‍ലൈന്‍സ്. 

ടിക്ടോക്കില്‍ ഈ യുവാവിന് ഏകദേശം 2,500 ഫോളോവര്‍മാരാണ് ഉള്ളത്. സ്പിരിറ്റ്‌ എയര്‍ലൈന്‍സ് നല്‍കിയ ബോര്‍ഡിംഗ് പാസ്, എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തിരുത്തുകയാണ് ഇയാള്‍ ചെയ്തത്. വലിയ ക്യാരിബാഗുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കാതെ രക്ഷപ്പെടാനുള്ള വിദ്യയാണ് ഇയാള്‍ പോസ്റ്റ്‌ ചെയ്തത്. അധികം വൈകാതെ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. 

വീഡിയോ കണ്ട സ്പിരിറ്റ്‌ എയര്‍ലൈന്‍സ് ഇയാള്‍ക്ക് കത്തയച്ചു. ഏതു മൊബൈല്‍ഫോണ്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് എഡിറ്റ്‌ ചെയ്യേണ്ടതെന്നു പോലും യുവാവ് ഈ പോസ്റ്റിനടിയില്‍ ഇട്ട കമന്‍റില്‍ പറഞ്ഞെന്ന് ഈ കത്തില്‍ പ്രത്യേകം എടുത്തു പറയുന്നു. യാത്രാവിലക്കിനൊപ്പം തന്നെ സ്പിരിറ്റ്‌ എയര്‍ലൈന്‍സ് സേവനങ്ങളും ഇയാള്‍ക്ക് ഉപയോഗിക്കാനാവില്ല. സ്പിരിറ്റിന്‍റെ ഏതെങ്കിലും സേവനകേന്ദ്രങ്ങളില്‍ കടക്കാന്‍ മുതിര്‍ന്നാല്‍ അതിക്രമിച്ചു കടക്കലിന് കേസെടുക്കും. അഥവാ, കമ്പനിയുടെ കണ്ണു വെട്ടിച്ച് ടിക്കറ്റ് ബുക്ക് ചെയ്‌താല്‍, റീഫണ്ട് നല്‍കാതെ തന്നെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമെന്നും കത്തില്‍ പറയുന്നുണ്ട്. ഈ കത്തും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടു.

യുവാവ് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതി നല്‍കിയാൽ മാത്രം രണ്ട് വർഷത്തിന് ശേഷം വിലക്ക് നീക്കുമെന്നാണ് സ്പിരിറ്റിന്‍റെ നിലപാട്. അമേരിക്കയിലെ ബജറ്റ് വിമാനക്കമ്പനിയാണ് ഫ്ലോറിഡയിലെ മിരാമാറിൽ ആസ്ഥാനമുള്ള സ്പിരിറ്റ്‌ എയർലൈൻസ്‌. അമേരിക്കയിൽ ഉടനീളവും കരീബിയൻ ദ്വീപുകൾ, മെക്സിക്കോ, ലാറ്റിൻ അമേരിക്ക, ദക്ഷിണ അമേരിക്ക എന്നിവടങ്ങളിലേക്കും ഇവര്‍ ഷെഡ്യൂൾഡ് സർവീസുകൾ നടത്തുന്നുണ്ട്.

English Summary: TikTok user banned from Spirit Airlines for Posting a Travel Hack Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA