ADVERTISEMENT

യാത്രക്കിടെ വിവിധ ദേശങ്ങളിലെ ഭക്ഷണ പാനീയങ്ങള്‍ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്ക സഞ്ചാരികളും. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട വൈനും മദ്യങ്ങളുമെല്ലാം രുചിക്കാന്‍ മാത്രമായി യാത്ര ചെയ്യുന്നവരും ധാരാളമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ് ലണ്ടനിലെ മേയ്ഫെയറിലെ കൊണാട്ട് ഹോട്ടല്‍. ലോകത്തിലെ ഏറ്റവും മികച്ച ബാര്‍ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഈ ഹോട്ടല്‍.

restaurants-and-bars5
Image From Connaught Bar Official Site

ന്യൂയോര്‍ക്കിലെ ദാന്തെയെ പിന്നിലാക്കിയാണ് കൊണാട്ട് ഈ ബഹുമതി നേടിയത്. സഞ്ചാരികള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മറ്റൊരു ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നതു പോലെയുള്ള അനുഭവമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഹോട്ടലിന്‍റെ വെബ്സൈറ്റില്‍ പറയുന്നു. കൊറോണ മൂലം യു കെയിലാകെ ഏര്‍പ്പെടുത്തിയ നാലാഴ്ചത്തെ ലോക്‌‍‍‍‍ഡൗണ്‍ കാരണം വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ മാത്രമേ  ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കൂ. 

ലോക്ഡൗൺ സമയത്ത് എങ്ങനെയാണ് മികച്ച ബാറിനെ തിരഞ്ഞെടുക്കുന്നത്? ബാറുകള്‍ ആളുകള്‍ക്ക് നല്‍കിവരുന്ന സൗകര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇതു നിര്‍ണ്ണയിക്കുന്നത്. ഉദാഹരണത്തിന്, മദ്യപാനികള്‍ മദ്യം കിട്ടാതെ വിഷമിക്കരുതെന്ന് കരുതി രണ്ടാം സ്ഥാനത്തെത്തിയ ദാന്തെ ലോക്‌‍ഡൗണ്‍ സമയത്തും കാന്‍ഡ് കോക്ക്ടെയിലുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചിരുന്നു. ആളുകളെ ഹൃദ്യമായി സ്വീകരിച്ച സുരക്ഷിതമായതും മികച്ച സൗകര്യങ്ങളോടു കൂടിയതുമായ ബാറുകള്‍ക്കുള്ള ആദരമെന്ന നിലയിലാണ് ഈ ബഹുമതി. 

restaurants-and-bars1
Image From Connaught Bar Official Site

എഴുത്തുകാര്‍, ബാർ‌ടെൻഡർമാർ, കോക്ടെയ്ൽ ആരാധകർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 540 ലധികം വിദഗ്ധരുടെ വോട്ടുകളിൽ നിന്നാണ് മികച്ച ബാറുകളുടെ ഈ പട്ടിക സമാഹരിച്ചിരിക്കുന്നത്. 2019 ജനുവരി മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി 18 മാസമാണ്, വോട്ടിംഗ് കാലയളവ്.

കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ക്കിടയില്‍ സ്ഥാനമാറ്റം ഉണ്ടായി എന്നല്ലാതെ അധികം പുതിയ ബാറുകള്‍ ഒന്നും വിജയികളുടെ പട്ടികയില്‍ ഇല്ല. 23 രാജ്യങ്ങളില്‍ നിന്നുള്ള ബാറുകള്‍ മത്സരിച്ച ഈ പട്ടികയിൽ‌ പതിനൊന്നോളം പുതിയ ബാറുകള്‍ മാത്രമേ ഇക്കുറി ഇടം നേടിയിട്ടുള്ളൂ.

സിംഗപ്പൂരിലായിരുന്നു വിജയികളെ പ്രഖ്യാപിക്കുന്ന പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം നവംബർ 5 ന് ഓണ്‍ലൈന്‍ വഴിയാണ് ചടങ്ങുകള്‍ നടന്നത്. ആകെ നൂറു ബാറുകള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയുടെ 51 മുതൽ 100 ​​വരെ സ്ഥാനങ്ങളില്‍ എത്തിയ ബാറുകള്‍ അടങ്ങുന്ന രണ്ടാം പകുതി അതിനു മുന്നേ തന്നെ ഓൺലൈനിൽ പുറത്തിറങ്ങിയിരുന്നു.

restaurants-and-bars
Image From Connaught Bar Official Site

യു‌എസിൽ മാത്രം, ബാറുകളിലെയും മറ്റ് ഓൺ-പ്രിമൈസ് ലൈസൻസുള്ള സ്ഥാപനങ്ങളിലും പ്രതിവർഷം ഏകദേശം 80.5 ബില്യൺ ഡോളറിന്‍റെ വിൽപനയാണ് നടത്തുന്നത്. കൊറോണ പ്രശ്നങ്ങള്‍ തുടങ്ങുന്നതുവരെ 1.5 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ആയിരുന്നു ഇവിടങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെന്ന് അമേരിക്കൻ ബിവറേജ് ലൈസൻസീസ് ട്രേഡ് അസോസിയേഷൻ പറയുന്നു.

വില്യം റീഡ് ബിസിനസ് മീഡിയയാണ് ലോകത്തിലെ മികച്ച ബാറുകൾ തിരഞ്ഞെടുത്തത്. ഇതേ മാതൃകയില്‍ ഏഷ്യയിലെ 50 മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് -19 ആഗോളതലത്തിൽ ബാധിച്ച സാഹചര്യത്തില്‍ മികച്ച  റെസ്റ്റോറന്റുകള്‍ക്കായി അവാർഡുകൾ നല്‍കുന്ന പരിപാടി 2021 വരെ നീട്ടിവെച്ചിട്ടുണ്ട്.

English Summary: Connaught in London Named Worlds Best Bar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com