ADVERTISEMENT

തുറന്ന മനസ്സുമായി യാത്ര ചെയ്യുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം കാണുന്നിടത്തെല്ലാം അദ്ഭുതങ്ങള്‍ നിറച്ചു വെച്ച ഒരു രാജ്യമാണ് തെക്ക് കിഴക്കൻ യൂറോപ്പിലെ മൊണ്ടിനെഗ്രോ. ബാള്‍ക്കന്‍ പെനിസുലയിലെ അഡ്രിയാറ്റിക്‌ തീരത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം 'കറുത്ത പര്‍വ്വതം' എന്നാണ് അറിയപ്പെടുന്നത്. മനോഹരമായ പ്രകൃതി മാത്രമല്ല, സമ്പന്നമായ ചരിത്രവും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. 

സ്വര്‍ഗസൗന്ദര്യം വഴിഞ്ഞൊഴുകുന്ന തീരവും പർവതനിരകള്‍ നിറഞ്ഞ വടക്കൻ പ്രദേശവുമെല്ലാം മൊണ്ടിനെഗ്രോയുടെ ഭൂപ്രകൃതിക്ക് മാറ്റു കൂട്ടുന്നു. 1980 കളിൽ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഈ രാജ്യം. 1990 കളിൽ അയൽരാജ്യങ്ങളിൽ നടന്ന യുഗോസ്ലാവ് യുദ്ധങ്ങൾ വിനോദസഞ്ചാര വ്യവസായത്തെ തളർത്തിയെങ്കിലും 2000 ത്തോടെ വീണ്ടും പുതുജീവന്‍ പ്രാപിക്കാന്‍ ആരംഭിച്ചു. യൂറോപ്പിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 47 രാജ്യങ്ങളിൽ 36-ാമത്തെ സ്ഥാനമാണ് മൊണ്ടിനെഗ്രോയ്ക്കുള്ളത്. പ്രതിവര്‍ഷം മൊത്തം 1.6 ദശലക്ഷം സന്ദർശകരാണ് ഇവിടെയെത്തുന്നത് എന്നാണു കണക്ക്.  

മോണ്ടിനെഗ്രോയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ദിനോസ ഗ്രാമത്തിലെ വാട്ടർ ട്രീ. ചുറ്റും ധാരാളം ഭൂഗർഭ ഉറവകളുള്ള നൂറുകണക്കിന് പുൽമേടുകളാല്‍ ചുറ്റപ്പെട്ട ഒരു പഴയ മൾബറി മരമാണിത്. ഒന്നര നൂറ്റാണ്ടു പഴക്കമുണ്ട് ഇതിനെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഇതിന്‍റെ ഉള്‍വശം പൊള്ളയാണ്‌. മഴക്കാലമാകുമ്പോള്‍, ചുറ്റുമുള്ള ഭൂഗര്‍ഭ ഉറവകളില്‍ നിന്നും ജലം ഈ മരത്തിനുള്ളില്‍ വന്നു നിറയുകയും ഒരു പൈപ്പ് പോലെ ഇതിന്‍റെ പുറംതൊലിയിലൂടെ പുറത്തേക്ക് ചീറ്റുകയും ചെയ്യുന്നു. ഒരു ജലധാര പോലെ അതിമനോഹരമാണ് ഈ കാഴ്ച. കഴിഞ്ഞ 20-25 വർഷമായി പ്രകൃതിയുടെ ഈ അപൂർവ പ്രതിഭാസം സഞ്ചാരികളുടെ കണ്ണിനു കുളിരേകാന്‍ തുടങ്ങിയിട്ട്.

വലുപ്പത്തില്‍ ചെറുതാണെങ്കിലും ടൂറിസം കേന്ദ്രങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇവിടം. 295 കിലോമീറ്റർ നീളത്തില്‍ കിടക്കുന്ന മോണ്ടെനെഗ്രിൻ അഡ്രിയാറ്റിക് തീരത്തിന്‍റെ 72 കിലോമീറ്റർ ദൂരത്തോളം മനോഹരമായ ബീച്ചുകളും ചരിത്രമുറങ്ങുന്ന പുരാതന പട്ടണങ്ങളുമാണ്. നാഷണൽ ജിയോഗ്രാഫിക് ട്രാവലറിന്‍റെ, 'ജീവിതകാലത്ത് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളു'ടെ പട്ടികയില്‍ മോണ്ടെനെഗ്രോയും ഇടം നേടിയിട്ടുണ്ട്. ആ ലക്കത്തിന്‍റെ കവര്‍ തന്നെ മോണ്ടെനെഗ്രിൻ കടൽത്തീരമായ സ്വെതി സ്റ്റെഫാനായിരുന്നു.  കൂടാതെ, 2010 ജനുവരിയിൽ ന്യൂയോർക്ക് ടൈംസ് തയാറാക്കിയ '2010 ൽ പോകേണ്ട മികച്ച 31 സ്ഥലങ്ങളു'ടെ പട്ടികയില്‍ മോണ്ടിനെഗ്രോയിലെ അൾസിഞ്ച് സൗത്ത് കോസ്റ്റ് മേഖലയിലുള്ള വെലിക പ്ലാസ, അഡാ ബോജാന, അൾസിഞ്ചിലെ ഹോട്ടൽ മെഡിറ്ററൻ എന്നിവയും ഇടം നേടിയിരുന്നു. 

സാഹസിക ടൂറിസത്തിന് പേരുകേട്ട നിരവധി മലയിടുക്കുകളും ഒഴുക്കുള്ള നദികളും ഹിമാനികള്‍ നിറഞ്ഞ തടാകങ്ങളും പ്രാചീന വനങ്ങളുമെല്ലാം ഇവിടെയുണ്ട്. യുനെസ്കോ സംരക്ഷിത കോട്ടോർ ഉൾക്കടല്‍ പ്രദേശവും ഉല്ലാസബോട്ടിംഗ് ഒരുക്കുന്ന ടിവാറ്റുമെല്ലാം പ്രശസ്തമായ സഞ്ചാര കേന്ദ്രങ്ങളാണ്. ചെഡി പോലുള്ള പഞ്ചനക്ഷത്ര ആഡംബര ഹോട്ടലുകളും പുതിയ ഹൈ-എൻഡ് ഇന്റർനാഷണൽ റെസ്റ്റോറന്റുകളുമുള്ള അബുസും സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്‌.

English Summary: Gushing Water Tree Montenegro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com