ADVERTISEMENT

കൊറിയയില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുന്ദരമായ ഒരു നിര്‍മിതിയാണ്‌ ക്യാമറയുടെ രൂപഘടനയില്‍ ഉണ്ടാക്കിയിരിക്കുന്ന കഫേ ഡ്രീമി ക്യാമറ എന്ന കോഫീഹൗസ്. സോളിനു കിഴക്കായി യാംഗ്പിയോംഗ് കൗണ്ടിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.  കാണുന്നവര്‍ക്കെല്ലാം അദ്ഭുതമുണര്‍ത്തുന്ന ഒരു കെട്ടിടമാണിത്.

ഫോട്ടോഗ്രാഫിയോട് അല്‍പ്പം ഭ്രമം കൂടുതലുള്ള മുന്‍ എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ പൈലറ്റ് പാര്‍ക്ക്‌ സാംഗ് ഹ്വാന്‍ ആണ് കൗതുകമുണര്‍ത്തുന്ന ഈ വിചിത്രമായ ആശയത്തിനു പിന്നില്‍. ഏറെ നാള്‍ ആഗ്രഹിച്ച് പ്ലാന്‍ ചെയ്ത ശേഷം സാംഗ് ഹ്വാനും ഭാര്യയും ചേര്‍ന്ന്  ഈ കോഫീഹൗസ് സ്വന്തം വീടിനരികില്‍ കെട്ടിപ്പൊക്കുകയായിരുന്നു. 

Dreamy-Camera-Cafe3

സ്കൂള്‍ പഠനകാലത്തേ പൈലറ്റ് ആകണമെന്നായിരുന്നു പാർക്കിന്‍റെ സ്വപ്നം. 2000 ൽ സൈന്യത്തിൽ ചേർന്ന പാര്‍ക്ക് അധികം വൈകാതെ തന്നെ ഹെലികോപ്റ്റർ പൈലറ്റായി. പിന്നീട് ജോലി ഉപേക്ഷിച്ചാണ് ഹോട്ടല്‍ സംരംഭം തുടങ്ങിയത്. അതിനു കൂട്ടായതോ, ആര്‍മിയില്‍ നിന്നും സ്വയം വിരമിച്ച പൈലറ്റ് കൂടിയായ ജീവിതസഖി ക്വാക് മ്യുങ്-ഹീയും. 

പഴയ റോളിഫ്ലെക്സ് 2.8 എഫ് ക്യാമറയാണ് ഈ കഫേയുടെ രൂപകൽപ്പനയ്ക്ക് പ്രചോദനമായത്. 12 വർഷം മുമ്പാണ് പാർക്ക് ആദ്യമായി ഫോട്ടോഗ്രാഫിയിലേക്ക് കടക്കുന്നത്. കാലക്രമേണ, പഴയ ക്യാമറകള്‍ ശേഖരിക്കുന്നത് പാര്‍ക്കിന് ഹരമായി മാറി. ലൈക റേഞ്ച്ഫൈൻഡറിന്‍റെ ആകൃതിയിലുള്ള ഒരു കെട്ടിടമുണ്ടാക്കാനായിരുന്നു ദമ്പതികൾ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍, സാങ്കേതികമായ വെല്ലുവിളികൾ കാരണം റോളിഫ്ലെക്സ് ഡിസൈൻ തിരഞ്ഞെടുക്കുകയായിരുന്നു. 2012- ല്‍ പണി ആരംഭിച്ച കെട്ടിടം 2013- ല്‍ തുറന്നു.

Dreamy-Camera-Cafe1

രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന് വൃത്താകൃതിയിലുള്ള ജനാലകളാണ് ഉള്ളത്. ആകെ മുപ്പതടിയാണ് ഉയരം. ഇത്രയും കാലമായി പാര്‍ക്ക്‌ ശേഖരിച്ച ക്യാമറകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മനോഹരമായ സജ്ജീകരണങ്ങളും ആരെയും ആകര്‍ഷിക്കും. ഓരോ മേശയിലും ഒരു കൂട്ടം കളർ പെൻസിലുകളും ഒരു ഫോട്ടോ ആൽബത്തിനുള്ളിലാക്കിയ മെനുവും ഫിലിം റോൾ-സ്റ്റൈൽ പേപ്പർ ടവൽ ഡിസ്പെൻസറും കാണാം. ഇവിടെ വരുന്നവര്‍ക്ക് തങ്ങളുടെ ഓര്‍മ്മയ്ക്കായി ചിത്രങ്ങള്‍ എടുത്ത് നല്‍കാം, ഇത് കഫേയുടെ ചുവരില്‍ പ്രദര്‍ശിപ്പിക്കും. ചുറ്റും സുന്ദരമായ ഭൂപ്രകൃതി കൂടിയായതിനാല്‍ നിരവധി ആളുകള്‍ കൂട്ടത്തോടെ ഇവിടം കാണാനും സമയം ചിലവിടാനുമായി എത്തുന്നു.

English Summary: Dreamy Camera Cafe South Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com