ADVERTISEMENT

2020 ലെ തന്റെ ആദ്യത്തെ യാത്ര ബാലിയിലേക്കായിരുന്നുവെന്ന് നടി ശാലീന്‍ സോയ. ഏറെ നാള്‍ കാത്തിരുന്ന് പ്ലാന്‍ചെയ്ത് ബാലിയിലേക്കു നടത്തിയ യാത്രയാണ് ഇഷ്ടപ്പെട്ട യാത്രകളിലൊന്നെന്ന് ശാലീൻ പറയുന്നു. സ്‌നോര്‍ക്കലിങ് അടക്കമുള്ള കുറേ കാര്യങ്ങൾ ആദ്യമായി ചെയ്തതും ആ യാത്രയിലാണ്. ഒറ്റയ്ക്ക് യാത്ര നടത്താനാണ് താല്‍പര്യമെന്നും സോളോ ട്രിപ്പുകള്‍ ആത്മാവിനോട് അടുക്കാന്‍ സഹായിക്കുമെന്നുമാണ് ശാലീന്റെ അഭിപ്രായം. യാത്രകളെ സ്നേഹിക്കുന്ന ശാലീന്റെ യാത്രാവിശേഷങ്ങൾ അറിയാം.

shalin-zoya-trip

 

രാജസ്ഥാനിലെ കുഗ്രാമത്തിലെ ജീവിതം

 

shalin-zoya-trip3

‘ചെറുപ്പത്തിലൊന്നും അധികം യാത്രകള്‍ ഞാന്‍ നടത്തിയിട്ടില്ല. കുട്ടിക്കാലത്ത് സിനിമയില്‍ എത്തിയതിനാല്‍ ചിത്രീകരണത്തിനും മറ്റുമായിരുന്നു സഞ്ചാരങ്ങള്‍ അധികവും. പിന്നീട് എന്നുമുതലാണ് യാത്രകളെ സ്‌നേഹിച്ചുതുടങ്ങിയത് എന്നെനിക്കറിയില്ല. പക്ഷേ ഇന്ന് ഞാന്‍ ഏറ്റവും അധികം ആസ്വദിക്കുന്ന ഒന്നാണ് യാത്ര. അങ്ങനെ വളരെ ആസ്വദിച്ച് നടത്തിയ യാത്രയായിരുന്നു രാജസ്ഥാനിലേക്ക്. രണ്ട് പ്രാവശ്യം രാജസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. രണ്ടു പ്രാവശ്യവും എനിക്ക് ലഭിച്ചത് ഒരായിരം മധുരമുള്ള ഓര്‍മകളും അനുഭവങ്ങളുമാണ്. 

shaalin-zoya-travel7-image-845-440

 

അതില്‍ ഒരിക്കലും മറക്കാനാവാത്തതാണ് ഒരു ചെറിയ ഗ്രാമത്തില്‍ 2 മാസത്തോളം താമസിച്ചത്. അറിയപ്പെടാത്തൊരു കുഗ്രാമത്തില്‍ അവിടുത്തെ ആളുകള്‍ക്കൊപ്പം കഴിഞ്ഞതും കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിച്ചതും. അങ്ങനെ എനിക്ക് അറിയാത്തൊരു ജീവിതവുമായി ഞാന്‍ കുറച്ചുനാള്‍ അവിടെ കഴിഞ്ഞു. 

 

shaalin4

ചെറുപ്പം മുതലേ മനസ്സിലുള്ളൊരു ഭാവനാലോകമായിരുന്നു അത്. ഇന്ത്യയിലെ അറിയാത്തൊരു നാട്ടില്‍ചെന്ന് അങ്ങനെ ജീവിക്കണമെന്നത്. കുഗ്രാമമെന്ന് പറയുമ്പോള്‍ ആശുപത്രിയില്ല, കുറ്റകൃത്യം ഇല്ലാത്തതിനാല്‍ പൊലീസ് സ്‌റ്റേഷനില്ല.ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്തൊരു നാട്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. എങ്കിലും വല്ലാത്തൊരനുഭവമായിരുന്നു ആ യാത്രയും ജീവിതവും. ഞാന്‍ നടത്തിയിട്ടുള്ള എല്ലാ യാത്രകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോ യാത്രയിലും നമുക്ക് സ്‌പെഷലായി എന്തെങ്കിലുമൊക്കെ ഉണ്ടാകും. യാത്രകളെ തരംതിരിക്കാന്‍ അതുകൊണ്ടുതന്നെ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. 

 

അജ്മീറിലെ ഖവാലിയും പുഷ്‌കറിലെ സന്ധ്യയും

 

അജ്മീറിലെ ഖവാലിയും പുഷ്‌കറിലെ സന്ധ്യയും. ഈ രണ്ട് കാര്യങ്ങളും എന്നെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവങ്ങളാണ്. അജ്മീര്‍ ദർഗ സന്ദര്‍ശിച്ച് അവിടെയിരുന്ന് ഖവാലി സംഗീതം ആസ്വദിക്കുക എന്നത് യാത്രയെ പ്രണയിക്കുന്നവരുടെ സ്വപ്‌നപട്ടികയിലെ ഒന്നാം നമ്പര്‍ കാര്യമായിരിക്കും. ഞാനും അത് ആവോളം ആസ്വദിച്ചിട്ടുണ്ട്.

 

അജ്മീര്‍ ദർഗ സന്ദര്‍ശിക്കുക എന്നത് കുറേനാളത്തെ ആഗ്രഹമായിരുന്നു. അവിടെയിരുന്ന് സ്വര്‍ഗീയമായ ഖവാലി സംഗീതം ആസ്വദിച്ചത് എന്നെ സംബന്ധിച്ച് ജീവിതത്തില്‍ സംഭവിച്ച അപൂര്‍വം ഭാഗ്യങ്ങളിലൊന്നാണ്. പിന്നെ പുഷ്‌കര്‍ തടാകക്കരയിലെ സന്ധ്യാനേരവും. ആ സമയം ഒരു ഗ്ലാസ് ചായ കൂടി ഉണ്ടെങ്കില്‍ ഉഷാര്‍. വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാവില്ല ആ അനുഭൂതി. അതനുഭവിച്ചുതന്നെ അറിയണം.

 

ലിസ്റ്റില്‍ കുറേയുണ്ട് പോകാനുള്ള സ്ഥലങ്ങള്‍

 

ഡ്രീം ഡെസ്റ്റിനേഷന്‍ എന്നത് ഒന്നുമാത്രമാക്കി നമ്മള്‍ ചുരുക്കരുത്. ലോകമിങ്ങനെ രണ്ടും കയ്യും വിടര്‍ത്തി നമ്മെ മാടിവിളിക്കുകയല്ലേ, എന്തെല്ലാം കാണാനും അറിയാനുമുണ്ട് ഈ ഭൂമിയില്‍. അതുകൊണ്ട് എനിക്കാവുംവിധം സ്ഥലങ്ങള്‍ കാണണമെന്നാണ് ആഗ്രഹം. ഒത്തിരി ആഗ്രഹിച്ച് യാത്ര നടത്തുമ്പോള്‍ അതിന് വല്ലാത്തൊരു സുഖമാണ്. അങ്ങനെ പോയതാണ് ബാലിക്ക്.

 

പല വട്ടം പദ്ധതിയിട്ട് നടക്കാതെ ഒടുവില്‍ ഈ വര്‍ഷം ആദ്യമായിരുന്നു ആ യാത്ര. ഞാന്‍ ഒറ്റയ്ക്കാണ് പോയത്. അവിടെ ചെന്നതിനുശേഷമാണ് സ്‌നോര്‍ക്കലിങ് ഒക്കെ ചെയ്യാന്‍ തീരുമാനിച്ചത്. അതിനുപിന്നില്‍ ഒരു കഥയുണ്ട്.

 

ആ കഥയിങ്ങനെ...

 

ഞാന്‍ താമസിച്ചത് അവിടെ ബാക്ക്പാക്കേഴ്‌സിനായിട്ടുള്ള ഹോസ്റ്റലില്‍ ആയിരുന്നു. ഹോസ്റ്റല്‍ എന്നുപറയുമ്പോള്‍ നമ്മുടെ കോളജ് ഹോസ്റ്റലൊക്കെ പോലെ പല സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ചു താമസിക്കുന്ന സ്ഥലം. വിദേശത്തൊക്കെ ഇത് സര്‍വസാധാരണമാണ്. ഇന്ത്യയിലും ഇത് ആരംഭിച്ചിട്ടുണ്ട്. അവിടെ കൂടുതലും ഒറ്റയ്ക്ക് യാത്ര നടത്തുന്നവരാണ് താമസിക്കുന്നത്. അങ്ങനെ എന്റെ അടുത്ത ബെഡിലുണ്ടായിരുന്ന പീറ്റര്‍ എന്ന ചേട്ടനാണ് എന്നെ സ്‌നോര്‍ക്കലിങ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. പുള്ളി കനേഡിയനോ മറ്റോ ആണ്. ഭയങ്കര ഫ്രണ്ട്‌ലിയായിരുന്നു ആള്‍. 

 

എനിക്ക് നീന്തല്‍ അറിയാമെന്നേയുള്ളു അത്ര വിദഗ്ധയൊന്നുമല്ല. സ്‌നോര്‍ക്കലിങ് നടത്തി. സ്‌കൂബ ഡൈവിങ്ങിന് ഒരു ദിവസത്തെ പരിശീലനമൊക്കെ ഉണ്ട്. അതുകൊണ്ട് വേണ്ടെന്ന് വച്ചു.അങ്ങനെയാണ് സ്‌നോര്‍ക്കലിങ് തിരഞ്ഞെടുത്തത്. കടലിനടിലെ കാണാക്കാഴ്ചകള്‍ കാണാന്‍ കിട്ടിയ അവസരം. എന്റെ ജീവിത്തിലെ ആദ്യത്തെ അനുഭവം. ഞാന്‍ ശരിക്കും ആസ്വദിച്ചു. ബാലിയിലെ പ്രധാനയിടങ്ങളൊക്കെ സന്ദര്‍ശിച്ചാണ് ഞാന്‍ മടങ്ങിയത്. ഇനി നമ്മുടെ നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ ഒന്നുകാണണമെന്നുണ്ട്. വരും നാളുകളില്‍ ആ യാത്രകളായിരിക്കും എന്റെ ചിന്തകളില്‍ മുഴുവന്‍.

 

ഇപ്പോൾ മലദ്വീപിലാണ് 

 

മാലദ്വീപിലെ കാഴ്ചകളിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് താരം.

 

English Summary: Celebrity Travel Shaalin Zoya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com