ദൈവപുത്രന്റെ ജ്ഞാനസ്നാന മണ്ണിലൂടെ

The-Jordan-River-Baptism4
SHARE

അമ്മാനിൽനിന്ന് ഏകദേശം 60 കിലോമീറ്റർ യാത്ര ചെയ്ത് ജോർദാൻ നദിക്കരയിലെ ബാപ്റ്റിസം സൈറ്റിൽ എത്തിയപ്പോൾ മുഖ്യ ചുമതലക്കാരൻ ഓർമപ്പെടുത്തി: ‘നിങ്ങളിപ്പോൾ ലോകത്തിലെ അതീവ സുരക്ഷാ മേഖലയിലാണ്. സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും മനുഷ്യചരിത്രത്തിന്റെ പര്യായമായ മണ്ണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ ജൈവ വൈവിധ്യത്തിന്റെ ഹൃദയഭൂമിയായ ജോർദാൻ നദീതീരത്ത് വാഹനമിറങ്ങി സായുധ സംഘത്തിന്റെ അകമ്പടിയോടു കൂടിയ യാത്ര.’ അതും യേശുദേവന്റെ ജ്നാനസ്നാന മണ്ണിലൂടെ.  

പച്ചപ്പട്ടുടുത്ത മണലാരണ്യവും കുറ്റിപ്പുല്ലുകളും നിലമിറങ്ങിയ നീലമേഘവും നിറഞ്ഞ പ്രകൃതിരമണീയമായ ഭൂപ്രദേശം, ഹെർമൻ കുന്നുകളിൽ നിന്നുദ്ഭവിച്ച് ഗലീലിയൻ - ചാവു തടാകങ്ങളെ തഴുകിയുണർത്തി ദൈവപുത്രന്റെ ജ്ഞാനസ്നാനത്തിന്റെ തിരുസ്മരണകളുമായ് ജോർദാൻ പുഴ ഒഴുകുകയാണ്. ഒരു ജനതയുടെ അതിജീവനത്തിന്റെ ജീവജലം സിരകളിലൂടെ ഒഴുക്കുന്ന നഹർ അൽ ഷരിയാത്ത് എന്ന വിശുദ്ധ നദി. ദൈവപുത്രന്റെ ജ്വലിക്കുന്ന ഓർമകൾ മണ്ണിലും വിണ്ണിലും മനസ്സിലും അനുഭൂതി നിറയ്ക്കുന്ന  മധ്യധരണ്യാഴിയുടെ ഹൃദയഭൂമി. വീരപ്രസുക്കൾക്ക് ജന്മമേകിയ സമൃദ്ധിയുടെ ജോർദാൻ നദി നയനമനോഹരിയാണ്. ശയ്യാവലംബയായിട്ടും ദൈവത്തിന്റെ പൂന്തോട്ടമായ ജോർദാന്റെ മതനിരപേക്ഷ മണ്ണിനെയും വിണ്ണിനെയും 200 ലധികം മൈലുകൾ തഴുകിയും തലോടിയും ചിരപുരാതന നദിയുടെ നിലയ്ക്കാത്ത പ്രവാഹം ഇന്നും അനുസ്യൂതം തുടരുകയാണ്. 

വിമോചനത്തിന്റെ പുതിയ ആകാശം തേടിയ യാത്രയിൽ ദൈവവും മനഷ്യനുമായ് സംവദിച്ച പവിത്രഭൂമിയാണിവിടം. ജോർദാനിലെ ബാപ്റ്റിസം സൈറ്റ് അതിരുകളില്ലാത്ത ആകാശം തന്നെയാണ്. സ്നാപക യോഹന്നാനിൽനിന്ന് യേശുദേവൻ ജ്ഞാനസ്നാനം സ്വീകരിച്ച പുണ്യദേശം  ബൈബിളിന്റെ തിരുശേഷിപ്പുകളോടൊപ്പം യേശുദേവന്റെ മാമോദീസയുടെ പരിപാവനമായ ഓർമകളുറങ്ങുന്ന ഈ മണ്ണ് കാലദേശങ്ങൾക്കതീതമായ് പുതിയ കാലത്തിന് ആത്മപ്രകാശമേകുമ്പോൾ നിറമിഴിയാൽ ഒരു വേള അഞ്ജലീബദ്ധരായ് നിന്നു പോവും.

The-Jordan-River-Baptism1

ഗലീലിയയിൽനിന്ന് ജോർദാൻ പുഴ കടന്ന് വന്ന യേശുദേവൻ സ്നാപക യോഹന്നാനിൽനിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത് ജോർദാൻ പുഴക്കരയിലെ ഇതേ ബാപ്റ്റിസം സൈറ്റിൽ വെച്ചാണ്. ലോകത്തോട് വെളിച്ചത്തെക്കുറിച്ച് പറയാനെത്തിയ യോഹന്നാനില്‍നിന്നു ദിവ്യ സ്നാനം സ്വീകരിച്ച ശേഷം യേശു വെള്ളത്തിൽനിന്ന് കയറുമ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു അശരീരി ഉണ്ടായി: ‘നീ എന്‍റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.’   

ചരിത്രവും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന, കാലത്തെ തോൽപ്പിക്കുന്ന ചർച്ചുകളും സ്മാരകങ്ങളും എല്ലാം ചരിത്രത്തിന്റെ കാവൽ മാലാഖമാരായ് നിൽക്കുന്ന കാഴ്ച തന്നെയാണ് അൽ മഗധാസ് എന്ന ആരാമ ഭൂമിയെ ധന്യമാക്കുന്നത്. ഈ വിശുദ്ധ മണ്ണിൽ ഓരോ കാലടി പതിയുമ്പോഴും ഹൃദയത്തിന്റെ സ്പന്ദനം ബിഥോവന്റെ ആത്മീയസംഗീതമാവും. 

ബാപ്റ്റിസം സൈറ്റിലെ കാഴ്ചകൾ ഏറെയാണ്. കാലം മായ്ക്കാത്ത, കടലെടുക്കാത്ത ആത്മീയ ചൈതന്യത്തിന്റെ നേർക്കാഴ്ചകൾ. ആദ്യം കാണുന്ന എലിജാ കുന്നുകൾ ജോർദാൻ പുഴയിലെ വെള്ളം മേലങ്കി കൊണ്ട് വകഞ്ഞ് മാറ്റി ജോർദാനിലെത്തി സ്വർഗത്തിലേക്ക് അശ്വരൂഡമായ സ്വർണരഥത്തിൽ യാത്രയായ പ്രവാചകനായ ഏലിയാസിന്റെയും സഹയാത്രികനായ എലിഷായുടേയും വിശ്വാസ ജീവിതത്തെ അടയാളപ്പെടുത്തുന്നു. കാലത്തിന്റെ കരിങ്കൽ പടവുകളിൽ മായാതെ കൊത്തിവച്ച ഓർമക്കുറിപ്പു പോലെ സ്നാപക യോഹന്നാനിന്റെ തിരുനാമത്തിൽ സ്ഥാപിതമായ ദേവാലയത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും ബാപ്റ്റിസം സൈറ്റിലെ നേർക്കാഴ്ചയാണ്. 

എലിയാകുന്നിൻ ചെരുവിൽനിന്ന് ഒഴുകി വരുന്ന നിലക്കാത്ത നീരുറവ ദാഹമകറ്റിയതും ജ്നാനസ്നാനം ചെയ്തതും എണ്ണിയാലൊടുങ്ങാത്ത ആത്മീയ ഹൃദയങ്ങളെയാണ്. മരകഷ്ണങ്ങളാൽ തീർത്ത ഒരു പള്ളിയും. യേശുദേവൻ നടന്നിറങ്ങിയ കൽവഴികളും എല്ലാം തനിമ നഷ്ടപ്പെടാത്ത ആത്മീയ അനുഭവം തന്നെയാണ്. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും കാലം കടലെടുക്കാതെ യേശുദേവൻ മാമോദീസക്ക് വിധേയനായ സ്നാനഭൂമി അതേ പ്രതാപ ഐശ്വര്യങ്ങളോടെ തലയുയർത്തി നിൽക്കുന്നു. പഴയ കാല ബസിലിക്കയും ചർച്ച് ഓഫ് ട്രിനിറ്റിയും ചിരപുരാതനമായ കുഞ്ഞ് കുരിശു പള്ളിയുടെ ശേഷിപ്പുകളും വിശ്വാസത്തിന്റെ നിധി കുംഭമായ് ഒരു ജനത ഇന്നും മാറോട് ചേർക്കുന്നു.   

The-Jordan-River-Baptism3

യോഹന്നാന്റെ വാസഗുഹ

ഏലിയാസ് കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത്, യോഹന്നാൻ താമസിച്ചിരുന്ന ഒരു ഗുഹയുണ്ട്. യേശുദേവൻ സന്ദർശിച്ചിരുന്നതായി പറയപ്പെടുന്ന ഗുഹ ഇന്നും വിശുദ്ധ കേന്ദ്രമായി തുടരുന്നു. യോഹന്നാൻ ചർച്ച് ജോർദാൻ നദിയുടെ കിഴക്കേ കരയിലുള്ള സെന്റ് ജോൺ സ്നാപകന്റെ ഏറ്റവും ശ്രദ്ധേയമായ സ്മാരക ദേവാലയമായി ഈ പള്ളി കണക്കാക്കപ്പെട്ടു.  യോഹന്നാൻ വസിച്ചിരുന്ന ഗുഹയ്ക്ക് ചുറ്റും അഞ്ചാം നൂറ്റാണ്ടിൽ പണി തീർത്തതാണ് ഈ ദേവാലയം.  പടിഞ്ഞാറൻ ജറുസലമിനും ബദ്‌‌ലഹേമിനു കിഴക്ക് നെബോ പർവതത്തിനും ഇടയിലുള്ള ആദ്യകാല ക്രിസ്ത്യൻ തീർഥാടന പാതയിലെ ആദ്യത്തെ ക്രിസ്തു മഠമാണിത്. വർഷമേഘങ്ങൾ കലിതുള്ളിയിട്ടും പൈതൃകത്തിന് ഒരു പോറലുമേൽക്കാതെ നിൽക്കുന്ന ഈ ദേവാലയ കാഴ്ചകൾ ആശ്ചര്യപ്പെടുത്തുന്നതാണ്.  

പ്രാചീന കുളം

നദിക്കരികിലുള്ള ബെഥാന്യയുടെ താഴ്ഭാഗത്ത് നടത്തിയ ഖനനത്തിനിടെ ഒരു വലിയ കുളം കണ്ടെത്തി. വലിയ കല്ലുകൊണ്ട് നിർമിച്ചതും പ്ലാസ്റ്ററിട്ടതുമായ കുളം 25 മീ x 15 മീറ്റർ അനുപാതത്തിലാണ് നിർമിച്ചിരിക്കുന്നത്.കുളത്തിൽനിന്ന് കണ്ടെടുത്ത നിർമാണ വസ്തുക്കൾ ബൈസന്റൈൻ കാലഘട്ടത്തിലെ എൻജിനീയറിങ്ങിനെ സൂചിപ്പിക്കുന്നു. ഗുഹാ മതിലുകളിൽ അടയാളപ്പെടുത്തിയ ദൈവ വചനങ്ങൾ ഗുഹകൾ പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടതിന്റെ സൂചനയായിരിക്കാം.

ഖനനം ചെയ്തെടുത്ത ചെറിയ  ചാപ്പലിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇതുതന്നെയാണ് ആ ചരിത്ര ഭൂമി എന്ന് വസ്തുതകളോടെ അടയാളപ്പെടുത്തുന്നു. ഈജിപ്തിൽനിന്ന് ആത്മീയാന്വേഷണത്തിനെത്തി പുണ്യദേശത്ത് വസിച്ച മേരിയെന്ന പുണ്യാളയെ കുറിച്ചുള്ള കഥകളും വാമൊഴിയായും വരമൊഴിയായും ഇന്നും ഈ ദേശക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. മാർപാപ്പ മുതൽ ലോകത്തിലെ പ്രതാപികളായ സർവരും ദൈവപുത്രന്റെ സ്നാനഭൂമി തേടിയെത്തിയിട്ടുണ്ട്. അവരുടെയെല്ലാം സഹയാത്രികനായത് പ്രവാചക പരമ്പരയിലെ അനന്തരാവകാശിയായ അബ്ദുല്ല രണ്ടാമൻ രാജാവ്. ഹാഷിമൈറ്റ് ഭരണത്തിന് കീഴിൽ സ്നാനഭൂമിയും എല്ലാ ചരിത്രസ്തംഭങ്ങളും ഇന്നും സുരക്ഷിതമാണ്.

The-Jordan-River-Baptism

ദലൈലാമയുൾപ്പെടെയുള്ള ലോകത്തിലെ അതിപ്രഗത്ഭരെല്ലാം ചേർന്ന് ഈ ബൈബിൾ സംസ്കൃതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് മതനിരപേക്ഷതയുടെ സന്ദേശം കൂടിയാണ്. ജോർദാൻ നദിക്കരയിലെ സ്നാന ഭൂമിയിൽ ശാസ്ത്രീയ പര്യവേഷണങ്ങൾ ഇന്നും തുടരുകയാണ്. പൈതൃക പട്ടികയിൽ സ്ഥാനം നൽകി യുനസ്കോ 2015 ൽ കയ്യൊപ്പ് ചാർത്തിയപ്പോൾ കാലങ്ങൾക്ക് ശേഷം ബാപ്റ്റിസം ഭൂമി ഉയിർത്തെഴുന്നേൽപ്പിൻ്റെ പുതു പാതയിലാണ്. 

പറ്റിപ്പിടിക്കുന്ന മണൽ വഴികളും കുറ്റിപ്പുല്ലുകളും വകഞ്ഞ് മാറ്റി രണ്ടു ചുവടു കൂടി നടന്നപ്പോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഒരു ഭൂപ്രദേശത്തിന്റെ അതിർത്തി രേഖ കാണാനിടയായി. ജോർദാൻ പുഴ രണ്ട് രാജ്യങ്ങളുടെ അതിര് പങ്കുവയ്ക്കുന്ന കാഴ്ച: ജോർദാന്റെ ഭാഗമായ ഈസ്റ്റ് ബാങ്കും ഇസ്രയേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കും. ഇരു രാജ്യങ്ങളുടേയും അതിർത്തി വേർതിരിക്കുന്നത് മുള്ളു വേലികളല്ല. കൽമതിലുകളുമല്ല. കേവലം ഒരു ചെറിയ കയറു കഷ്ണം മാത്രം.. വിശ്വാസികൾ  ഇരു കരയിൽനിന്നും ജോർദാൻ പുഴയിലേക്ക് ഇറങ്ങും. -  ദിവ്യസ്നാനം ചെയ്യുന്ന വിശ്വാസികൾ പരസ്പരം നോക്കും. അവർ പറയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയെന്ന്. കാഴ്ചകൾ ആത്മീയമാകുമ്പോൾ നന്ദി പറയേണ്ടത് എന്നും ദൂരക്കാഴ്ച നൽകിയ ദൈവത്തോട് മാത്രം. 

English Summary: Jesus Baptism Jordan River

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA