ഇൗ കാഴ്ച ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്ത ലോകസഞ്ചാരികളില്ല

alaska-northern-lights
SHARE

അറോറ ബോറാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ് സഞ്ചാരികൾക്ക് അദ്ഭുതമാണ്. ചുവപ്പ്, പച്ച, നീല നിറങ്ങളില്‍ മിന്നി മറയുന്ന പ്രകാശത്തിന്‍റെ ചില്ലുചീളുകള്‍. അഭൗമമായ ഈ പ്രകൃതിപ്രതിഭാസം ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കാത്ത ലോകസഞ്ചാരികള്‍ ഉണ്ടാവില്ല.  നോര്‍ത്തേണ്‍ ലൈറ്റ്സിന്റെ ഇൗ കാഴ്ച ആസ്വദിക്കാൻ നൂറു കണ്ണുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആരും ആഗ്രഹിച്ചു പോകും. 

നിറങ്ങളുടെ ഈ നൃത്തവിന്യാസം ആസ്വദിക്കുവാനായി ലോകത്തെമ്പാടും വര്‍ഷംതോറും നിരവധി ടൂറുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ പ്രതിഭാസം എവിടെയൊക്കെ കാണാനാകും, പൂര്‍ണ സൗന്ദര്യത്തോടെ കാണാവുന്നതെവിടെ തുടങ്ങിയ ചോദ്യങ്ങളും മിക്ക സഞ്ചാരികളുടെയും മനസ്സിലുണ്ട്. ഈ പ്രകൃതിദത്ത പ്രതിഭാസത്തിന് എളുപ്പത്തില്‍ സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന കുറച്ച് സ്ഥലങ്ങളെപ്പറ്റി അറിയാം. അമേരിക്കയിൽ അറോറ ബോറാലിസ് കാണാവുന്ന ചില സ്ഥലങ്ങളിതാ. 

അലാസ്‌ക

ക്യാംപിങ്ങിനും ട്രെക്കിങ്ങിനും താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് അലാസ്‌കയിലെ ദീനാലി നാഷനല്‍ പാര്‍ക്കും സംരക്ഷിത മേഖലയും. വടക്കന്‍ ലൈറ്റുകളുടെ ആകര്‍ഷകമായ കാഴ്ച ഇവിടെ കാണാം. മനോഹരമായ പര്‍വതകാഴ്ചകളും ധാരാളം വന്യജീവികളും ഈ പാര്‍ക്കിനെ പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു.

alaska-northern-lights1

1917 ല്‍ മൗണ്ട് മക്കിന്‍ലി നാഷനല്‍ പാര്‍ക്ക് എന്ന പേരില്‍ സ്ഥാപിതമായ, യുഎസിലെ ആദ്യത്തെ ദേശീയ ഉദ്യാനത്തില്‍ സഞ്ചാരികൾക്ക് ആസ്വദിക്കാനായി ഒരുപാടുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ അധികവും അറോറ ബോറാലിസ് കാഴ്ചയ്ക്കായി ടെന്റടിച്ച് താമസിക്കും. അലാസ്‌കയിലെ തന്നെ രണ്ടാമത്തെ വലിയ നഗരമായ ഫെയര്‍ബാങ്ക്‌സിലും അതിശയകരമായ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാം.

ഐഡഹോ

സ്‌കീയിങ്, ഹണ്ടിങ്, മഞ്ഞുകാലത്തെ സ്‌നോമൊബൈലിങ്, വന്യജീവി നിരീക്ഷണം, ഹൈക്കിങ്, ബൈക്കിങ്, മീന്‍പിടുത്തം, നീന്തല്‍ എന്നിവയുള്‍പ്പെടെയുള്ള സഞ്ചാരികളുടെ ഇഷ്ട വിനോദങ്ങൾക്ക് പേരുകേട്ട നാഷനല്‍ പാര്‍ക്കാണ് ഐഡഹോ.

വടക്കന്‍ ഐഡഹോയിലെ പ്രീസ്റ്റ് തടാകക്കരയിലെ വര്‍ണപ്രകാശം നൃത്തമാടുന്നത് കാണാനും ചിത്രങ്ങൾ പകർത്താനും   വിനോദസഞ്ചാരികളും ഫൊട്ടോഗ്രഫര്‍മാരും ഓരോ വര്‍ഷവും ശൈത്യകാലത്ത് എത്തും. തടാകത്തിന്റെ ഉപരിതലത്തില്‍ പ്രതിഫലിക്കുന്ന അറോറ വിസ്മയക്കാഴ്ചയാണ്.

മെയ്ന്‍

യുഎസ്- കാനഡ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന, വിരളമായ ജനസംഖ്യയുള്ള മെയ്ന്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാഴ്ചയ്ക്ക് അനുയോജ്യമായ സ്ഥലമാണ്.

Maine

ആര്‍ട്ടിക്കിന് സമീപം വടക്കന്‍ ലൈറ്റുകള്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും, അറോറ ബോറാലിസിന് പ്രത്യക്ഷപ്പെടാന്‍ ഉതകുന്ന രീതിയിലാണ് ഈ കൗണ്ടിയുടെ സ്ഥാനം. അരൂസ്റ്റുക്ക് ദേശീയ വന്യജീവി സങ്കേതത്തിന് സമീപമുള്ള ഈ സഥലത്തുനിന്നാല്‍ അവിശ്വസനീയമായ ഒരു ലൈറ്റ് ഷോ കാണാന്‍ പറ്റുമെന്നുറപ്പാണ്.

മിഷിഗൻ

മിഷിഗനിലെ അപ്പര്‍ പെനിന്‍സുലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നൈറ്റ് സ്‌കൈ. 51,000 ചതുരശ്ര മൈല്‍ മുഴുവന്‍ ഭൂമിയിലെ ഏറ്റവും മികച്ച സ്റ്റെല്ലര്‍ ഷോകള്‍ക്ക് ആതിഥ്യമരുളുന്നുയിടമാണ്.

Michigan

അപ്പര്‍ പെനിന്‍സുലയില്‍, ഓഗസ്റ്റ് മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനുള്ള സാധ്യത കൂടുതലാണ്. 

മിനസോട്ട

മിനസോട്ടയില്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാന്‍ ധാരാളം സ്ഥലങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ അറ്റത്ത്, സുപ്പീരിയര്‍ തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കുക്ക് കൗണ്ടി, അറോറ കാണാനുള്ള മികച്ച സ്ഥലമാണ്. ഗ്രാന്‍ഡ് പോര്‍ട്ടേജില്‍, വടക്കന്‍ ലൈറ്റുകള്‍ മിനസോട്ട സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഹൈ ഫാള്‍സിന് മുകളില്‍ നൃത്തം ചെയ്യുന്നത് കാണാം.

Minnesota

അറോറയുടെ അതിശയകരമായ കാഴ്ചകള്‍ പകര്‍ത്താനുള്ള മറ്റൊരു സ്ഥലമാണ് സുപ്പീരിയര്‍ ദേശീയ വനത്തിലെ ഒബര്‍ഗ് പര്‍വ്വതം. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരിക്കിടയില്‍ പ്രശസ്തമാണ് സുപ്പീരിയര്‍ തടാകത്തിലെ നേര്‍ത്തേണ്‍ ലൈറ്റ്‌ കാഴ്ച.

English Summary: 5 Places You Must Visit to Witness The Magical Sight of Dancing Lights in The Sky

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA