ADVERTISEMENT

‘മണിക്കൂറുകളോളം കാട്ടിലൂടെ ഉള്ള നടത്തം, അവസാനം എത്തിച്ചേരുന്ന തടാകവും തീരഭംഗിയും’. ആദ്യ വിവരണം തന്നെ ഞങ്ങൾക്ക് നന്നേ ബോധിച്ചു. എങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോവാൻ അത്രയ്ക്ക് ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞങ്ങളുടെ സഞ്ചാരി മനസ്സ്. നോർവെയിലെ അതിശൈത്യകാലത്തിൽ ഞങ്ങൾ ഏറെക്കുറെ നിരാശരായിരുന്നു. ആദ്യത്തെ മഞ്ഞുവീഴ്ച കാണാൻ ആവേശത്തോടെ ജനാലയ്ക്കൽ കാത്തിരുന്ന ഞാൻ ഒടുക്കം ഇതിനൊരു അവസാനമില്ലേ എന്നു ശപിക്കുന്ന ഘട്ടം എത്തിയിരുന്നു. തുടരെത്തുടരെ ഉള്ള മഞ്ഞുവീഴ്ചയും അതിശൈത്യവും ദൈർഘ്യം കുറഞ്ഞ പകലും ഒക്കെ കൂടി മൊത്തത്തിൽ വിഷാദഛായ സൃഷ്ടിച്ചിരുന്നു. ഇരുട്ടും മഞ്ഞും കാരണം വീട്ടിനുള്ളിൽ തളച്ചിടപ്പെടേണ്ട അവസ്ഥ.

സ്വദേശികൾക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല. മഞ്ഞിലൂടെ തെന്നിനീങ്ങുന്ന പല കായികവിദ്യകളും പയറ്റിയാണ് അവർ ആ മടുപ്പിക്കുന്ന കാലത്തെ അതിജീവിക്കുന്നത്. അതിനുള്ള പരിശീലനം കുട്ടിക്കാലം മുതലേ അവർക്ക് ലഭിക്കുന്നുമുണ്ട്. ആ വക പരിപാടികൾ ചെയ്തു ശീലമായില്ലാത്തതു കൊണ്ടും, ചോറും വറുത്ത മീനും ഒക്കെ കഴിച്ചു ‘ഫിറ്റ് ബോഡി’ ആയതുകൊണ്ടും, ഒരു പരീക്ഷണത്തിന് നമ്മൾ മുതിർന്നില്ല .വീട്ടിൽക്കയറി ടിവിയും കണ്ട് നാളുകൾ എണ്ണി ഇരിക്കവേ പതുക്കെ സൂര്യൻ തന്റെ അവധി മതിയാക്കി ശക്തി പ്രാപിച്ചു തുടങ്ങി. മരവിപ്പിന്റെ മഞ്ഞുരുകുന്നു. തണുപ്പ് കുറഞ്ഞ് ഏതാണ്ട് 7 -8 ഡിഗ്രിയിലേക്കു താപനില മാറി. സൂര്യൻ ആവേശം മൂത്ത് ജോലി സമയം കൂട്ടി, രാത്രി 8 മണിക്കും പകൽ പോലെ കത്തി നിൽക്കാൻ തുടങ്ങി. ഇങ്ങനെ ഉണ്ടോ ആത്മാർഥത?!

norway-travel1

കാലാവസ്ഥ അനുകൂലമായപ്പോൾ നമ്മളും ഒന്നുണർന്നു. ഒരു ചെറിയ യാത്ര പോയി, മനസ്സിന്റെ വിരസത മാറ്റാനും പഴയ പ്രതാപം തിരിച്ചു പിടിക്കാനും പദ്ധതി ഇട്ടു. നടന്നു പോകാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയതോ മേൽപ്പറഞ്ഞ ‘കാനന മധ്യേ തടാക തീരെ’ എത്തിചേരാവുന്ന സ്‌ട്രോംസ്– ഡാമെൻ. പൊതുവെ യാത്രകൾ ഇഷ്ടമായതിനാലും കുഞ്ഞിനെയും കൊണ്ട് യാത്രകൾ ചെയ്തു ശീലമുള്ളതുകൊണ്ടും വിപുലമായ പായ്ക്കിങ്ങോ പ്ലാനിങ്ങോ വേണ്ടിവന്നില്ല. ഏകദേശം 11 മണിയോടെ പുറപ്പെടാൻ തീരുമാനിച്ചതു കൊണ്ട് ഉച്ച ഭക്ഷണം പൊതിഞ്ഞെടുത്തു. ബ്രെഡ് സാൻഡ്-വിച്ചും പഴങ്ങളും ആണ് യാത്രയിൽ സൗകര്യപ്രദം. പിന്നെ ജാനുവിന്റെ ഡയപ്പർ, ഒന്നുരണ്ട് ഉടുപ്പുകൾ, ടിഷ്യു പേപ്പർ, വെള്ളം, സാനിറ്റൈസർ അങ്ങനെ അവശ്യ സാധനങ്ങൾ മാത്രം ബാക്പായ്ക്കിൽ എടുത്ത് പോകാൻ തയാറായി.

പുറത്തിറങ്ങിയപ്പോൾ താരതമ്യേന തണുപ്പും ചൂടും ഇടകലർന്ന സുഖകരമായ കാലാവസ്ഥ ആയിരുന്നു. ഒരു കിലോമീറ്ററോളം റോഡ് കഴിഞ്ഞിട്ടാണ് കാട്ടിലൂടെ ഉള്ള വഴി തുടങ്ങുന്നത്. ഈ വഴി അത്രയും ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് ജാനു നടന്നു. പൂമ്പാറ്റയെയും പൂവിനേയും കിളികളെയുമൊക്കെ കണ്ടും ആസ്വദിച്ചും ഒക്കെ ആയിരുന്നു കക്ഷിയുടെ നടത്തം. ഏകദേശം ഒന്നര കിലോമീറ്റർ കഴിഞ്ഞു കാണും കാട്ടിലൂടെ ഉള്ള വഴി തുടങ്ങുകയായി. ജാനുവിനെ ബാക് കരിയറിൽ ഇരുത്തി. പിന്നെ അച്ഛന്റെ പുറത്തേറിയായി അവളുടെ സഞ്ചാരം. ‘കാട്’ എന്നാൽ കഥകളിലും മറ്റും വായിച്ചും ടിവിയിൽ കണ്ടും ഉള്ള പരിചയമേ ഉള്ളൂ. കന്നി യാത്രയാണ്. വീണു കിടക്കുന്ന മരത്തടികളിലൂടെ നടന്നും വള്ളികളിലൂയലാടിയും ചെറിയ വെള്ളച്ചാട്ടങ്ങളിൽ മുഖം കഴുകിയുമൊക്കെ പകൽ കിനാവുകളിൽ മാത്രം നടത്തിയ കാനന യാത്ര സഫലമാകുന്നതിന്റെ തെളിച്ചം ഞങ്ങളുടെ മുഖത്ത് വ്യക്തമായിരുന്നു.

norway-travel

ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞുകാണും, വിശപ്പും ദാഹവും കാരണം എല്ലാവരും തെല്ലു തളർന്നു. നല്ലൊരു മരച്ചുവട് കണ്ടുപിടിച്ചതോടെ അവിടെ ഇരുന്നു ബ്രെഡും പഴങ്ങളും കഴിച്ചു വീണ്ടും ഉഷാറായി. കാട്ടിലൂടെ ഉള്ള യാത്ര ഒരേസമയം കഠിനവും കൗതുകം നിറഞ്ഞതും ആയിരുന്നു. കുറച്ച് അണ്ണാൻമാരെയും പക്ഷികളെയും കണ്ടതൊഴിച്ചാൽ വേറെ വന്യമൃഗങ്ങൾ ഒന്നും ഇവിടെ ഇല്ലെന്നാണു തോന്നുന്നത്. നോർവേയിലെ അസ്ഥി മരവിക്കുന്ന തണുപ്പിൽ ആനയും പുലിയും ഒന്നും പിടിച്ചു നിൽക്കാൻ സാധ്യത ഇല്ല! ചില തരം മാനുകളെ മുൻപ് കണ്ടിട്ടുണ്ട്. ജാനു യാത്രയിലൂടനീളം കാഴ്ചകൾ കാണാനും ഓരോന്നു ചൂണ്ടികാണിച്ചു പറയാനും ഉത്സാഹം കാണിച്ചു. യാതൊരു വാശിയോ മടുപ്പോ കാണിക്കാതെ ‘കാട്ടിപ്പോവാം കാട്ടിപ്പോവാം ‘ എന്നും പറഞ്ഞു എന്തിനും തയാറായി മുന്നിൽ നടന്ന കക്ഷി തന്നെ ആയിരുന്നു ഈ യാത്രയിലെ ഹീറോ.

പിന്നെ നാലഞ്ച് കിലോമീറ്ററോളം കൊച്ചിനെയും പുറത്തെടുത്തു കാടു കയറിയ കൊച്ചിന്റെ അച്ഛനും. കയറ്റം കുറച്ചു കുത്തനെ ആയിത്തുടങ്ങിയപ്പോൾ വഴിയിൽ കിടന്ന കമ്പുകൾ കൈക്കലാക്കി, അവ ഊന്നിയായി പിന്നെ നടത്തം. വീണ്ടും ഒരു മണിക്കൂറോളം നടന്നു കാണും, മുന്നിലാ മനോഹര ദൃശ്യം മെല്ലെ അനാവൃതമായി. സത്യമാണ്, ഇന്റർനെറ്റിൽ മണിക്കൂറുകളോളം ചെലവഴിച്ചാൽ കിട്ടാത്തത്ര ആനന്ദം കേവലം ഒരു കാഴ്ചയിലൊക്കെ പ്രകൃതി തന്നുകളയും. വിരൽത്തുമ്പ് ചലിപ്പിച്ചു ഒന്നിൽനിന്നും മറ്റൊന്നിലേക്കു തെന്നി മാറി ഒന്നും മുഴുമിപ്പിക്കാതെ. എല്ലാം കാണാനും അറിയാനുമുള്ള ആർത്തിയോടെ കംപ്യൂട്ടറിന്റെ മുന്നിൽ കണ്ണും നട്ടിരുന്ന്, ഒടുവിൽ കണ്ണ് കഴച്ച് ഇനിയും കണ്ടു തീർക്കാനുള്ള കാഴ്ചകൾ ഓർത്ത് ഉറങ്ങാൻകിടക്കുന്ന കണ്ണുകൾക്കു ഇതൊരു സ്വാതന്ത്ര്യലബ്ധി തന്നെയായിരുന്നിരിക്കണം.

അരയന്നങ്ങളും താറാവിനോടു സാമ്യമുള്ള പക്ഷികളും കൊക്കുകളും സസുഖം വിരാജിക്കുന്ന നീലത്തടാകവും, തീരത്തു തലയുയർത്തി നിൽക്കുന്ന വൃക്ഷസഞ്ചയവും ഒക്കെക്കൂടി കണ്ണുകൾക്കൊരുക്കിയ വിരുന്നു ഗംഭീരമായിരുന്നു. ഒരു ഭാഗത്ത് ഇനിയുമുരുകാത്ത മഞ്ഞുപാളികളാൽ ഘനീഭവിച്ചും, മറുഭാഗത്ത് ഓളം തള്ളിയും, പരന്നു കിടക്കുന്ന ഇളം നീല തടാകം ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ഒറ്റയ്ക്കും തെറ്റയ്ക്കും കുടുംബസമേതവുമൊക്കെ വന്നു തമ്പടിച്ചിരിക്കുന്ന കുറെ സഞ്ചാരികളെ കണ്ടു. മിക്കവരും രാത്രി തങ്ങാൻ കൂടി വന്നവരാണെന്നു കയ്യിലെ കനമേറിയ ബാഗുകളും മറ്റു സാമഗ്രികളും കണ്ടപ്പോൾ ബോധ്യമായി. തിരക്കൊഴിഞ്ഞ ഒരു കോണിൽ ഇരുന്ന്, ആവോളം തടാക കാഴ്ചകൾ കണ്ടു സ്വയം മറക്കാനാണ്‌ തോന്നിയത്. എന്തു ചെയ്യാം? നമ്മുടെ കുഞ്ഞു സഞ്ചാരി തൽക്കാലം അതനുവദിക്കില്ലല്ലോ!

norway-travel3

വെള്ളത്തിലിറങ്ങി കളിക്കാനായിരുന്നു ആളുടെ ശ്രമം. വെള്ളത്തിനു നല്ല തണുപ്പും ആഴവുമുള്ളതിനാൽ ആ വാശി സമ്മതിക്കാൻ തരമില്ലായിരുന്നു. പകരം തിരിച്ചു പോവുന്ന വഴി കാട്ടിനുള്ളിലെ അരുവിയിലിറക്കാം എന്ന പരസ്പരധാരണയിൽ അവൾ ശാന്തയായി. 8 ഡിഗ്രി താപനിലയിലും തടാകം പകുതിയോളം ഉറഞ്ഞു കിടക്കുന്നതു ഞങ്ങളെ അതിശയിപ്പിച്ചു. നീന്തി നടക്കുന്ന താറാവിൻകൂട്ടം തടാകത്തിന്റെ ഖരപ്രതലത്തിലെത്തുമ്പോൾ, നടത്തത്തിലേക്കു വഴിമാറുന്നത് ഞങ്ങളിൽ ഒരേ സമയം ചിരിയും കൗതുകവും ഉണർത്തി. ഒരുപാട്‌ ചിത്രങ്ങളെടുത്തു സമയം കളയാതെ ആ മനോഹാരിതയെ മുഴുവനായി മനസ്സിന്റെ മെമ്മറി കാർഡിലേക്ക് പതിപ്പിക്കാനാണ് അപ്പോൾ തോന്നിയത്, കുറേകാലത്തേക്കെങ്കിലും അതവിടെ പതിഞ്ഞു കിടക്കട്ടെ. പ്രകൃതി ദൃശ്യങ്ങളുടെ ഒരുപാട് ചിത്രങ്ങൾ എടുത്ത് നേരം കളയുന്നതിനോട് ഇപ്പോൾ താൽപര്യം കുറവാണ്‌.

പലപ്പോഴും ആസ്വാദനം മറന്നു ശ്രദ്ധ ചിത്രമെടുക്കലിലായിപ്പോകും. നമ്മുടെ കാഴ്ച, നമ്മുടെ അനുഭൂതി അതൊക്കെ എത്ര പറഞ്ഞും സംവദിച്ചും മറ്റൊരാളെ അനുഭവിപ്പിക്കാനാവും? കാഴ്ചകളെ കണ്ണുകൊണ്ട് ചിത്രമെടുത്ത് ഓർമയുടെ ആൽബത്തിലേക്ക് ചേർത്തുവയ്ക്കുന്നതുതന്നെ യുക്തി. മടക്കയാത്ര കുറച്ചുകൂടി ദുർഘടമായിരുന്നു. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം കിട്ടാനുള്ള പ്രയാസവും ക്ഷീണവും മൂത്രശങ്കയും ഒക്കെ കൂടി യാത്രയുടെ രസം കൊല്ലാൻ തുടങ്ങിയിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കാണുന്ന അവസ്ഥയെത്തിയപ്പോൾ ഇനി കാര്യം സാധിക്കാതെ മുന്നോട്ടില്ല എന്നു ഞാൻ തീരുമാനിച്ചു. കൊടും കാടല്ലേ? ആളൊഴിഞ്ഞ സ്ഥലം!, ഒരു മൂലയിൽ പോയി നൈസായി കാര്യം സാധിച്ചു വന്നപ്പോൾ നല്ല ആശ്വാസം!

പത്തിരുപതു വര്‍ഷങ്ങള്‍ക്കുശേഷം ആൾമറയില്ലാത്ത സ്ഥലത്ത് മൂത്രശങ്ക മാറ്റിയതിന്റെ ഗൂഢാനന്ദവും. ഇനിയും നടക്കേണ്ട ദൂരമോർത്തപ്പോൾ എവിടെയെങ്കിലും ഇരിക്കാനാണ് തോന്നിയത്. പക്ഷേ ജാനുവിന് കൊടുത്ത വാക്കു പാലിക്കാതെ നിവൃത്തിയില്ല. വെള്ളം കാണണം, കളിക്കണം, എന്നൊക്ക പറഞ്ഞു കൊണ്ടിരിക്കുകയാണു കക്ഷി. അരുവിയുടെ സമീപത്തു ബാഗുകൾ വച്ച് ഞങ്ങൾ വിശ്രമിച്ചു. ആ ചെറിയ അരുവിയിൽ കല്ലിട്ടും കമ്പിട്ടിളക്കിയും കാൽ നനച്ചും കുഞ്ഞു സഞ്ചാരി സംതൃപ്തയായി. ബാഗിൽ ബാക്കി ഉണ്ടായിരുന്ന ഓറഞ്ചും വെള്ളവും കഴിച്ചപ്പോൾ വിശപ്പ് ചെറുതായി ശമിച്ചു.

norway-travel2

അരുവിയോടു ചേർന്നു കിടന്ന മരത്തടികൾ കൂട്ടിവച്ച് കിടക്കയാക്കി, അതിന്മേലിരുത്തി ജാനുവിന്റെ നനഞ്ഞ ഉടുപ്പുകൾ മാറ്റി. പ്രകൃതി എന്തെല്ലാം സൗകര്യങ്ങൾ ആണ് നമ്മളെപ്പോലെ, ഈ സ്വാർഥരായ മനുഷ്യർക്ക് ഒരുക്കി വച്ചിരിക്കുന്നത്! ‘വന്നതും ആസ്വദിച്ചതുമൊക്കെ കൊള്ളാം, കൈകടത്തി അധികാരം സ്ഥാപിക്കാതെ വേഗം സ്ഥലം വിട്ടോ’ എന്ന ജാഗ്രതാനിർദേശം തണുപ്പും കാറ്റും ലേശം കൂട്ടിക്കൊണ്ട് ആയമ്മ (പ്രകൃതി) തന്നെ തന്നപ്പോളാണ് We have promises to keep എന്ന മഹത്തായ വരികൾ ഓർത്തത്. ഇന്ന് അത്താഴത്തിനു കഞ്ഞിയും പയറും വയ്ക്കാം എന്നൊക്കെയുള്ള പ്രായോഗിക ചിന്തകളിലേക്കു മനസ്സിനെ തിരിച്ചു പിടിച്ച്, ആ കാനന ഭംഗിക്ക് വിട നൽകി. കാൽപനികതയുടെ രാജകുമാരന്റെ വരികൾ ഒന്നു മോടി പിടിപ്പിച്ചാൽ ‘ഈ കാനനച്ഛായയിൽ നാം നമ്മെ മറന്നുപോകിലെന്തദ്ഭുതം’!

 

(സിവിൽ എൻജിനീയർ ബിരുദധാരിയായ അശ്വതി ബാബു, അഞ്ചു വർഷത്തോളം ബാങ്ക് മാനേജരായിരുന്നു. ആൻഡ്രോയ്ഡ് ഡവലപ്പറായ ഭർത്താവ് അരുണിനും രണ്ടര വയസ്സുള്ള മകൾ ജാനകിക്കുമൊപ്പം ഇപ്പോൾ നോർവെയിൽ താമസം.)

 English Summary: Norway Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com