ADVERTISEMENT

മാലദ്വീപില്‍ ഭാര്യ സുപ്രിയക്കും മകള്‍ അല്ലിക്കുമൊപ്പം അവധിദിനങ്ങള്‍ ചെലവഴിച്ച് നടന്‍ പൃഥ്വിരാജ്. സുപ്രിയയെ ചേര്‍ത്തുപിടിച്ച്, കടലിന്‍റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തോടൊപ്പം മനോഹരമായ ഒരു കുറിപ്പും പൃഥ്വി പങ്കുവെച്ചു.

‘‘ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മുറിയുടെ വലുപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം. മടങ്ങി പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നതിലാണ് കാര്യം’’ പൃഥ്വിരാജ് കുറിക്കുന്നു. മികച്ച രീതിയില്‍ തങ്ങളെ പരിപാലിച്ചതിനും മകള്‍ അല്ലിയെ ഏറെ സന്തോഷവതിയാക്കിയതിനും മാലദ്വീപിലെ ഡബ്ല്യൂ മാൽ‌ദീപ്സ് ബീച്ച് റിസോര്‍ട്ടിനുള്ള നന്ദിയും പൃഥ്വി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡബ്ല്യൂ മാൽ‌ദീവ്സ് റിസോര്‍ട്ട് പരിസരത്ത് നിന്നുള്ള സുന്ദരമായ ഹെലികോപ്റ്റര്‍ ദൃശ്യവും പൃഥ്വി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. തെളിഞ്ഞ നീല നിറമുള്ള കടലിനു മുകളില്‍ അടുക്കടുക്കായി മാല പോലെ ക്രമീകരിച്ചിരിക്കുന്ന ഓവര്‍വാട്ടര്‍ വില്ലകള്‍ ഈ വീഡിയോയില്‍ വ്യക്തമായി കാണാം. കടലിനടുത്തു നിന്നും എടുത്ത മറ്റൊരു ചിത്രവും പൃഥ്വി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

മാലദ്വീപിലെ നോര്‍ത്ത് അരി അറ്റോളിലുള്ള ഫെസ്ഡു സ്വകാര്യ ദ്വീപിലാണ് മാരിയറ്റിന്‍റെ ഡബ്ല്യൂ മാൽ‌ദീവ്സ് എന്ന ആഡംബര പഞ്ചനക്ഷത്ര റിസോര്‍ട്ടുള്ളത്. പൂളുകളോട് കൂടിയ ബീച്ച് ഫ്രണ്ട് സ്യൂട്ടുകളും ഓവർ വാട്ടർ ബംഗ്ലാവുകളുമാണ് ഇവിടെയുള്ളത്. മാല ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 25 മിനിറ്റ് സീപ്ലെയ്ന്‍ യാത്ര ചെയ്താണ് ഇവിടെയെത്തുന്നത്.

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് മാലദ്വീപ്. സാമന്ത അക്കിനേനി, രാകുല്‍ പ്രീത് സിംഗ്, വരുണ്‍ ധവാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈയിടെ അവധിക്കാലം അടിച്ചുപൊളിക്കാന്‍ മാലിദ്വീപില്‍ എത്തിയിരുന്നു. കഴിഞ്ഞയാഴ്ച തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ യാഷും കുടുംബവും മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സഞ്ചാരികളുടെയും വിവിധ ടൂറിസ്റ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ മാലിദ്വീപില്‍ കോവിഡ് ഇല്ല എന്നുതന്നെ പറയാം. വിസ ഓണ്‍ അറൈവല്‍ ആയതിനാല്‍ യാത്ര ചെയ്യാനുള്ള പേപ്പര്‍വര്‍ക്കുകള്‍ക്കായി അധികം പ്രയാസവുമില്ല. മറ്റു വിദേശരാജ്യങ്ങളില്‍ യാത്ര അനുവദിക്കാന്‍ തുടങ്ങാത്തതും  ലക്ഷ്വറി സൗകര്യങ്ങള്‍ മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും എന്നതും മാലദ്വീപിനെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു.

English Summary: Prithviraj and Family Maldives Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com