തലപൊക്കി പാമ്പുകൾ, കുത്തിമറിഞ്ഞ് ആനകൾ, ഹരം പിടിച്ച് മനുഷ്യൻ; ദുബായ് സഫാരി രസകരം

Dubai-Safari-Park-trip
SHARE

ചെളിവെള്ളത്തിൽ കുത്തിമറിഞ്ഞുള്ള ആനക്കുളിയുടെ രസം... ജിറഫുകൾക്ക് തീറ്റി കൊടുത്തും കോലാടുകളെ തൊട്ടുതലോടിയുമുള്ള മനുഷ്യക്കുഞ്ഞുങ്ങളുടെ ഹരം....ദുബായ് സഫാരി പാർക്കിൽ കണ്ണിമയ്ക്കാതെ കാണാൻ കാഴ്ചകളേറെ. 119 ഹെക്ടർ വിസ്തൃതിയിൽ മൂവായിരത്തിലധികം മൃഗങ്ങളാണ് സഫാരിയിലുള്ളത്.  

Dubai-Safari-Park11
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

കട്ടിക്കണ്ണാടിക്കപ്പുറം ചിമ്പാൻസികളെ കാണുമ്പോഴേക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ രസം. ഇടയ്ക്കിടെ നോട്ടമെറിഞ്ഞ് അതും സന്ദർശകരെ ഗൗനിക്കും. കണ്ണാടിയിൽ കൈവയ്ക്കുമ്പോഴേക്ക് പാഞ്ഞെത്തി കൊത്തുന്ന കസോരവരി പക്ഷിയും വായ് പിളർന്ന് ഒട്ടകപ്പക്ഷിയും , കൊത്തു കണ്ണാടിയിലാകുന്നതോടെ അയ്യേ പറ്റിച്ചേ എന്ന് കുട്ടികളുടെ ആർപ്പുവിളി. പക്ഷിക്കൂട്ടിലാകട്ടെ വൻമരത്തിനു കീഴെ മനുഷ്യരും പക്ഷികളുമെല്ലാം ഒരുമിച്ചു നിൽക്കുന്നതിന്റെ ഹരം നുകരാം.

Dubai-Safari-Park-1
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

മുട്ടയ്ക്ക് അടയിരിക്കുന്ന പക്ഷികളെയും കൈത്തോട്ടിലെ നീരൊഴുക്കിൽ നീന്തിത്തുടിക്കുന്ന താറാവു വർഗത്തിലെ പക്ഷികളെയും അടുത്തു കാണാം. കൃത്രിമമായി നിർമിച്ചിരിക്കുന്ന മരത്തിന്റെ ശാഖയിലൂടെ നടന്ന് ഉയരങ്ങളിലെത്താം. മരുഭൂമി സവാരിയിലാകട്ടെ നമ്മൾ വാഹനത്തിലും മാനുകളും മറ്റും വെളിയിൽ സ്വതന്ത്രരായും നടക്കും. ഒരു കിടങ്ങിന് അപ്പുറം സിംഹങ്ങളുടെയും കഴുതപ്പുലികളുടെയും സ്വൈര്യവിഹാരം കാണാം. ഇതിനു പുറമേ ഉരഗ വർഗങ്ങളുടെ ഒരു വൻനിരതന്നെയുണ്ട്.  

സഫാരിയിലേക്ക് സന്ദർശക പ്രവാഹം

ദീർഘകാലം അടച്ചിട്ടിരുന്ന ദുബായ് സഫാരി പാർക്ക് തുറന്നതോടെ മൂന്നു മാസത്തിനുള്ളിൽ 290000 സന്ദർകർഎത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ശക്തമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാർക്ക് പ്രവർത്തിക്കുന്നത്. 

Dubai-Safari-Park15
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

കോവിഡ് നാളുകളിൽ വീട്ടിനുള്ളിൽ വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന കുട്ടികളും മുതിർന്നവരും വലിയ ആവേശത്തോടെയാണ് പാർക്ക് കാണാൻ എത്തുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം കൂടുതൽ പക്ഷികളെയും മൃഗങ്ങളെയും കൊണ്ടുവന്നതായും അധികൃതർ വ്യക്തമാക്കി. തുറക്കും മുൻപ് മൂന്നു മാസം പരീക്ഷണ രീതിയിൽ ആളുകളെ പ്രവേശിപ്പിച്ച് അവരുടെ പ്രതികരണം അറിഞ്ഞു വീണ്ടും മാറ്റങ്ങൾ വരുത്തിയിരുന്നതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി വ്യക്തമാക്കി. 

Dubai-Safari-Park-9
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

ഏഴായിരം ആളുകളെ ഉൾപ്പെടുത്തിയാണ് പരീക്ഷണ സന്ദർശനങ്ങൾ നടത്തിയത്. ശരാശരി സംതൃപ്തി നിരക്ക് 93% ആയിരുന്നു. ആ പരീക്ഷണങ്ങളിൽ മുഴുവൻ മൃഗങ്ങളെയും കാണിച്ചിരുന്നില്ലെന്നും പിന്നീട് അവരുടെ നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ മൃഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Dubai-Safari-Park-5
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

പ്രധാനമായും മൂന്നു വില്ലേജുകൾ

ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്പ്ലോളറർ വില്ലേജ് എന്നിങ്ങനെ പ്രധാനമായും മൂന്നു വില്ലേജുകളായാണ് കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം അറേബ്യൻ ഡസേട്ട് സഫാരിയും.  

Dubai-Safari-Park-4
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

12 ഹെക്ടറിലാണ് ആഫ്രിക്കൻ വില്ലേജ് ഒരുക്കിയിരിക്കുന്നത്. ഇതിനകത്ത് പ്രധാനമായും ആഫ്രിക്കൻ വാസ്തു ശിൽപ് മാതൃകയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളും അവിടുത്തെ മൃഗങ്ങങ്ങളും പക്ഷികളുമാണുള്ളത്. ആഫ്രിക്കൻ സാവന്നകൾ, ആഫ്രിക്കൻ മഴക്കാടുകൾ എന്നിങ്ങനെ രണ്ടു പ്രധാനവിഭാഗങ്ങളായി തിരിച്ചാണ് മൃഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Dubai-Safari-Park13
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

ഇതിനകത്ത് റസ്റ്ററന്റുകളുമുണ്ട്. അഞ്ചു ഹെക്ടർ സ്ഥലത്താണ് ഏഷ്യൻ വില്ലേജ് ഒരുക്കിയിട്ടുള്ളത്. ഏഷ്യൻ ഭൂകണ്ഡത്തിന്റെ വൈവിധ്യം മനസ്സിലാക്കാൻ ഇവിടെ സാധിക്കും. ഏഷ്യൻ തീയറ്ററിൽ പ്രദർശനവുമുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ മൃഗങ്ങളെ യും പക്ഷികളെയുമെല്ലാം അവയുടെ ആവാസ വ്യവസ്ഥയിൽ കാണാൻ സൌകര്യമൊരുക്കുന്ന യാത്രയാണ് എക്സ്പ്ലോർ വില്ലേജിന്റെ പ്രത്യേകത. എക്സ്പ്ലോർ യാത്രയ്ക്കായി ശീതീകരിച്ച വാഹനങ്ങൾ പുതിയതായി ഏർപ്പെടുത്തിയിട്ടുണ്ട്.

Dubai-Safari-Park16
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

എട്ടു ഹെക്ടറിലാണ് അറേബ്യൻ ഡസേട്ട് സഫാരി ഒരുക്കിയിരിക്കുന്നത്. അറബ് മേഖലയിലെ ഭൂവ്യത്യാസം അനുസരിച്ചുള്ള മൃഗങ്ങളെ ഇവിടെ കാണാം എന്ന പ്രത്യേകതയുണ്ട്. മലനിരകളിലും സമതലങ്ങളിലുമുള്ള വ്യത്യസ്ത ഇനം മാനുകൾ, മറ്റ് ജീവികൾ ഇവയെ കാണാം.

Dubai-Safari-Park14
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

കിഡ്സ് ഫാമിലാണ് കുട്ടികളുടെ തിമിർപ്പു കാണാനാകുക. സാധാരണ ആടുകൾ മുതൽ പോണി കുതിരകൾ വരെ ഇവിടുണ്ട്. ആടുകളെ തൊടാനും മറ്റും സാധിക്കും. ഇതാണ് കുട്ടികളെ ഹരം കൊള്ളിക്കുന്നത്. 

Dubai-Safari-Park17
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

സമീപമുള്ള പക്ഷിക്കൂടാരത്തിൽ സ്വതന്ത്രലോകത്ത് വിവരിക്കുന്ന പക്ഷികളെ കാണാം. അവ തലയ്ക്കു മുകളിലൂടെ തലങ്ങും വിലങ്ങും പറന്നു പോകുന്നത് കാണുന്നത് രസകരമാണ്. ഇതിനു പുറമെ വിദ്യാഭ്യാസ പരിപാടികളും കുട്ടികൾക്കായി ട്രിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്.  

Dubai-Safari-Park-6
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

ഇതെല്ലാം കണ്ട് സമയം പോകുന്നതും ദൂരം താണ്ടുന്നതും അറിയില്ല. നടപ്പ് ഹരമായവർക്ക് ഒന്ന് ഒന്നര നടപ്പിനുള്ള അവസരമാണ്.  

Dubai-Safari-Park-7
ദുബായ് സഫാരി ‌പാർക്കിലെ കാഴ്ചകൾ

രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. www.dubaisafari.ae എന്ന സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. 45 മിനിറ്റ് ബസ് യാത്ര ഇല്ലാതെയുള്ള കാഴ്ചകൾ കാണാൻ 50 ദിർഹവും നികുതിയുമാണ് നിരക്ക്. ബസ് യാത്രയും ചേരുമ്പോൾ 85 ദിർഹവും നികുതിയുമാണ് ഒരാളുടെ നിരക്ക്.  

English Summary: Travel to Dubai Safari Park

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA