ADVERTISEMENT

സ്കഡാര്‍, സ്കുടാരി, ഷ്കോഡര്‍, ഷ്കോദ്ര എന്നിങ്ങനെ നിരവധി പേരുകളാണ് തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ തടാകത്തിനുള്ളത്. തല്‍ക്കാലം നമുക്കതിനെ സ്കഡാര്‍ എന്ന് വിളിക്കാം. അൽബേനിയയുടെയും മോണ്ടിനെഗ്രോയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സ്കഡാര്‍ തടാകത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയത അതിന്‍റെ ആകൃതിയാണ്. ഭീമാകാരനായ ഒരു ഡോള്‍ഫിന്‍റെ രൂപമാണ് ഈ തടാകത്തിന്. ഈ മനോഹരമായ തടാകത്തിന്‍റെ കാഴ്ച കണ്ടാസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. 

ഏകദേശം 530 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സ്കഡാര്‍ തടാകത്തിന്‍റെ, മോണ്ടെനെഗ്രിൻ പ്രദേശം ഒരു ദേശീയ ഉദ്യാനമായി സംരക്ഷിച്ചിരിക്കുന്നു. അൽബേനിയൻ പ്രദേശമാകട്ടെ, നേച്ചര്‍ റിസര്‍വും റാംസാർ സൈറ്റുമാണ്. യൂറോപ്പിലെ ഏറ്റവും വലിയ പക്ഷി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഇവിടം, ഏകദേശം 270 തരം പക്ഷികള്‍ ഇവിടെയുണ്ട്. കൂടാതെ, ശുദ്ധജല ജൈവവൈവിധ്യത്തിന്‍റെ അറിയപ്പെടുന്ന ഹോട്ട്‌സ്പോട്ടാണ് ഇവിടം. 2011 ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിലുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്ന 21 സ്പീഷീസുകള്‍ ഇവിടെ കാണപ്പെടുന്നു. ഇക്കാരണങ്ങളാല്‍ സഞ്ചാരികള്‍ എന്ന പോലെ തന്നെ, ജീവശാസ്ത്ര ഗവേഷകരുടെയും പ്രിയപ്പെട്ട ഇടമാണ് ഇവിടം.

ഏറെ സമ്പന്നമായ ഒരു ചരിത്രമുണ്ട്, ഈ പ്രദേശത്തിന്. പുരാതന ഇല്ലിറിയക്കാർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവരെല്ലാം ഇവിടെ പണ്ട് ജീവിച്ചിട്ടുണ്ട്. ഒരുകാലത്ത് ബൈസന്റൈൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു സ്കഡാർ തടാക പ്രദേശം. അഞ്ച് നൂറ്റാണ്ടുകള്‍ ഓട്ടോമൻ സാമ്രാജ്യവും ഈ പ്രദേശം കൈവശപ്പെടുത്തിയിരുന്നു. തടാകത്തിന് ചുറ്റുമുള്ള പ്രദേശത്തെ കോട്ടകൾ, പള്ളികൾ, മറ്റ് സ്മാരകങ്ങൾ എന്നിവയിൽ ഇവരുടെയെല്ലാം സ്വാധീനവും സംസ്കാരങ്ങളും വ്യക്തമായി കാണാം.  

വിർപസാർ, വ്രഞ്ചിന എന്നിവയാണ് തടാകത്തിടുത്തുള്ള പട്ടണങ്ങൾ. ഓട്ടോമൻ സാമ്രാജ്യകാലത്ത് 1843 ൽ ഇവിടെയുള്ള ഒരു ദ്വീപില്‍ ഗ്രോമോസൂർ എന്ന് പേരുള്ള കോട്ടയുണ്ടായിരുന്നു.  പില്‍ക്കാലത്ത്, ഈ കോട്ട കുപ്രസിദ്ധമായ അൽകാട്രാസ് ജയിലാക്കി മാറ്റി. കാഴ്ചകള്‍ കാണുക മാത്രമല്ല, രുചികരമായ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരമുണ്ട്. 

സ്കഡാർ തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മെയ് മുതൽ ഒക്ടോബർ വരെയാണ്. ചെറിയ മഴ ചാറ്റലും വെയിലുമൊക്കെയായി അടിപൊളി കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുക. സ്കഡാർ തടാകത്തിലെ ഏറ്റവും ഉയർന്ന ശരാശരി താപനില ഓഗസ്റ്റിൽ 32 ° C ഉം ഏറ്റവും താഴ്ന്ന താപനില ജനുവരിയില്‍ 13° C ഉം ആണ്. തടാകത്തിലെ ജലത്തിന്‍റെ  താപനില 13 ° C നും 26 ° C നും ഇടയില്‍ വ്യത്യാസപ്പെടും.

 

English Summary: The Dolphin Shaped Lake Skadar National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com