തലയുയര്‍ത്തി നില്‍ക്കുന്ന 'കോഴി', തായ്‌ലന്‍ഡിലെ ചിക്കന്‍ ഐലന്‍ഡ്!

By chillshewa
By chillshewa/shutterstock
SHARE

സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒട്ടേറെ മനോഹര കാഴ്ചകള്‍ തായ്‌ലന്‍ഡിലുണ്ട്. അവയില്‍ പ്രശസ്തമായവയും അല്ലാത്തവയുമുണ്ട്. പ്രകൃതി തന്നെ ഒരുക്കിയ മനോഹരകാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഈ നാട്ടിലെ കൗതുകകരമായ ഒരു കാഴ്ചയാണ് ചിക്കന്‍ ഐലന്‍ഡ്.  

തായ്‌ലന്‍ഡിലെ പ്രശസ്ത ടൂറിസം ഡെസ്റ്റിനേഷനായ ക്രാബിയുടെ തായ് പ്രവിശ്യയിലെ പോഡ ദ്വീപ് സമൂഹത്തിന്‍റെ ഭാഗമാണ് ചിക്കന്‍ ഐലന്‍ഡ്. പോഡ, ടുപ് ദ്വീപുകളുടെ തെക്ക് ഭാഗത്തുള്ള ഈ ദ്വീപ്‌ കോ കൈ ദ്വീപ്, പോഡാ നുക്ക് ദ്വീപ്, ഹുവ ഖവാൻ ദ്വീപ് എന്നുമെല്ലാം അറിയപ്പെടുന്നു. കഴുത്തുയര്‍ത്തി നില്‍ക്കുന്ന ഒരു കോഴിയുടെ ആകൃതിയിലുള്ള പാറയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം, കൗതുകകരമായ ചിക്കന്‍ ഐലന്‍ഡ‍് എന്ന പേരിനു പിന്നിലും ഈ പാറ തന്നെയാണ്. കൂറ്റനൊരു ചുണ്ണാമ്പുപാറയാണ് പ്രകൃതിദത്തമായ വിവിധ മാറ്റങ്ങളുടെ ഫലമായി കോഴിയുടെ കഴുത്ത് പോലെ ആയിത്തീര്‍ന്നത്. ചുറ്റും ചിറകുകള്‍ പോലെ തോന്നിക്കുന്ന മനോഹരമായ പച്ചപ്പും ഈ പാറയുടെ മിഴിവ് കൂട്ടുന്നു. 

Chicken-Island1
By Eric Kolly /shutterstock

മനോഹരമായ ക്രാബി കടലിന്‍റെ പ്രതീകമെന്ന പോലെ നിലകൊള്ളുന്ന പാറയും മനോഹരമായ കാലാവസ്ഥയും ആകർഷണീയമായ അന്തരീക്ഷവും, പവിഴപ്പുറ്റുകളും, വെള്ള മണൽ നിറഞ്ഞ ബീച്ചുകളുമെല്ലാം ഈ ദ്വീപിലേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ആള്‍ത്താമസമില്ലാത്ത ദ്വീപായതിനാല്‍ വികസനം ഇവിടേക്ക് എത്തി നോക്കിയിട്ടു പോലുമില്ല, അതിനാല്‍ സഞ്ചാരികള്‍ക്ക് വേണ്ട സാധനങ്ങള്‍ എല്ലാം യാത്രാവേളയില്‍ അവര്‍ തന്നെ കൂടെ കരുതേണ്ടതുണ്ട്.

ഒരു വശത്ത് ഇടതൂർന്ന സസ്യജാലങ്ങളും മറുവശത്ത് ആകാശനീലയില്‍ തിളങ്ങുന്ന കടലും മനോഹരമായ ബീച്ചുകളുമാണ് ചിക്കന്‍ ഐലന്റിലുള്ളത്. സാഹസിക സഞ്ചാരികള്‍ക്ക് നീന്തൽ, സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ് എന്നിവ ആസ്വദിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ക്രാബിയിൽ തീര്‍ച്ചയായും സന്ദർശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍പ്പെടുന്ന പേരാണ് ഈ ദ്വീപിന്റേത്.

ബോട്ട് വഴിയാണ് ദ്വീപിലേക്ക് എത്തിച്ചേരുന്നത്. ക്രാബിയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് 30 മിനിറ്റ് ബോട്ട് സവാരി ചെയ്‌താല്‍ ചിക്കന്‍ ഐലന്റില്‍ എത്താം. ഓ ഫ്ര നാംഗ് ബീച്ചില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വ്വീസ് ഉണ്ട്. ശക്തമായ തിരമാലകളുണ്ടാവുന്ന ഓഫ് സീസണുകളില്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി ചിക്കന്‍ ഐലന്‍ഡിലേക്ക് ഇപ്പോള്‍ വിനോദസഞ്ചാരികളെ കടത്തി വിടുന്നില്ല.

English Summary:Chicken Island in Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA