ADVERTISEMENT

സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നായ സ്വിറ്റ്സർലൻഡ് കാഴ്ചകളുടെ മായിക ലോകമാണ്. മനോഹരമായ മലനിരകളും പ്രകൃതി ദൃശ്യങ്ങളും ആരെയും ആകർഷിക്കും. സ്വിറ്റ്സർലൻഡിലെത്തുന്നവരെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് മഞ്ഞുമൂടിയ പർവതങ്ങളിലൊന്നിൽ പണിതുയർത്തിയ കൊച്ചുവീട്.സോൾവേ ഹട്ട് എന്നറിയപ്പെടുന്ന ഈ വീട് മല കയറിയെത്തുന്ന പർവതാരോഹകർക്കു വേണ്ടിയുള്ള ഇടത്താവളമാണ്.

കന്റോണിലെ സെർമാട്ടിനടുത്തുള്ള മാറ്റർഹോണിന്റെ വടക്കുകിഴക്കൻ മലയിലാണ് സോൽവേ ഹട്ട് സ്ഥിതി ചെയ്യുന്നത്. 4,003 മീറ്റർ അതായത് 13,133 അടി ഉയരത്തിലാണ് ഇൗ വീട്. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ പർവതാരോഹണ ക്ലബ്ബായ സ്വിസ് ആൽപൈൻ ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും ഉയരമുള്ള ഹട്ടാണിത്. പർവതാരോഹകർക്കും മലകയറ്റക്കാർക്കും കാൽനടയാത്രക്കാർക്കും ഭക്ഷണവും താമസവും നൽകാനാണ് ഇൗ വീട്. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ സോൾവേ ഹട്ട് ഉപയോഗിക്കാൻ കഴിയൂ. പർവതത്തിന്റെ തുടക്കത്തിലൊക്കെ മറ്റ് ഹട്ടുകൾ ഉണ്ടെങ്കിലും സോൾവേയാണ് ഏറ്റവും ഉയരത്തിൽ നിൽക്കുന്നത്.

ഇന്ന് മാറ്റർഹോണിലേക്ക് ട്രെക്കിങ് നടത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇടമാണ്  ഈ ഹട്ട്. അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ഇതിനുള്ളിൽ താമസിക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മലകയറ്റത്തിതിനിടെ കുടിലിനകത്തും പുറത്ത് വരാന്തയിലും ഇരുന്ന് വിശ്രമിച്ചതിനു ശേഷം യാത്ര തുടരാം. ഇവിടെ നിന്നാൽ സ്വീസ് മലനിരകളുടെ അനന്തമായ കാഴ്ചകൾ  കണ്ണുകൾക്ക് വിരുന്നാകും.

Solvay-Hut-Switzerland1

മലമുകളിലെ വീട്

1915 ഓഗസ്റ്റിലാണ് ഈ ഹട്ട് നിർമിച്ചത്. കെട്ടിട നിർമാണത്തിനുള്ളവ മൃഗങ്ങളുടെ സഹായത്തോടെ 3260 മീറ്റർ ഉയരത്തിലുള്ള ഹോർൺലി ഹട്ടിലേക്ക് കൊണ്ടുവന്നത്. അവിടെ നിന്നും 4003 മീറ്റർ ഉയരത്തിലുള്ള കെട്ടിട സൈറ്റിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനായി താൽക്കാലിക കേബിൾ കാർ ഉപയോഗിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ ഹട്ട് പണിതു. 1966 ൽ ഇൗ ഹട്ട് പുനർനിർമിക്കുകയും 1976 ൽ അടിയന്തര ടെലിഫോൺ സ്ഥാപിക്കുകയും ചെയ്തു.

ബെൽജിയംകാരനായ ഏണസ്റ്റ് സോൾവേയുടെ പേരിലാണ് ഈ ഹട്ട് സ്ഥാപിതമായിരിക്കുന്നത്. വലിയൊരു ബിസിനസ്മാൻ ആയിരുന്നു ഏണസ്റ്റ്. ജോലി തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം ആരംഭിച്ച അദ്ദേഹം പർവതാരോഹണത്തിനായി എത്തിയിരുന്നു. എന്നാൽ  ശക്തമായ മഞ്ഞും കാറ്റും കൊണ്ട് ട്രെക്കിങ് പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിക്കാതെ വന്നപ്പോഴാണ് ഒരു ഇടത്താവളം എന്ന നിലയിൽ പർവതത്തിൽ ഹട്ട് നിർമിക്കാൻ തീരുമാനിച്ചത്. 

ആകാശംമുട്ടെ തലയുയർത്തിനിൽക്കുന്ന മഞ്ഞുമലയുടെ ഏറ്റവും അഗ്രത്തായുള്ള ഒരു കുടിലിൽ ഇരുന്ന് ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാം.

English Summary: Solvay Hut in Switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com