ADVERTISEMENT

ഇറ്റലിയില്‍ മാർഷെ മേഖലയിലെ അങ്കോണ പ്രവിശ്യയിലുള്ള മനോഹര ഗ്രാമമായ ഗെംഗയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചാപ്പലാണ് ടെംപിൾ ഓഫ് വലാഡിയർ. ഫ്രാസാസ്സി എന്ന് പേരുള്ള പുരാതന ഗുഹാസമുച്ചയത്തിന്‍റെ മുന്‍വശത്തായായി സ്ഥിതിചെയ്യുന്ന ഈ ചാപ്പല്‍ നിയോക്ലാസിക്കൽ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്. ഇറ്റലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും അസാധാരണവും ആകർഷകവുമായ കാഴ്ചയും അനുഭവവുമാണ് ഇവിടം പകര്‍ന്നു നല്‍കുന്നത്. കന്യാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ആത്മീയകേന്ദ്രമാണിത്.

1828 ൽ ഗെംഗയിൽ നിന്നുള്ള ലിയോ പന്ത്രണ്ടാമൻ മാർപാപ്പയാണ്, ഗുഹയ്ക്കുള്ളില്‍ അഷ്ടഭുജാകൃതിയിലുള്ള ഈ ചാപ്പല്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ക്രിസ്തുമത വിശ്വാസികൾക്ക് ദൈവത്തിന്‍റെ കരുണയ്ക്ക് വേണ്ടി പ്രാർതിക്കുന്നതിനായുള്ള "റെഫ്യൂജിയം പെക്കതോറും" ആയാണ് ഇത് നിര്‍മിച്ചത്. 

പത്താം നൂറ്റാണ്ട് മുതൽ ഹംഗറിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒളിത്താവളമായി നാട്ടുകാര്‍ ഈ ഗുഹ ഉപയോഗിച്ചിരുന്നു. ഗ്യൂസെപ്പെ വലാഡിയറാണ് ചാപ്പലിന്‍റെ ഈ വെളുത്ത മാർബിൾ ഘടന രൂപകൽപന ചെയ്തത്. ഇറ്റാലിയന്‍ ശില്‍പിയായിരുന്ന അന്റോണിയോ കനോവ, ലോക പ്രശസ്തമായ 'മഡോണ ആന്‍ഡ്‌ ചൈല്‍ഡ്' എന്ന പെയിന്‍റിങ്ങിന്‍റെ മാർബിൾ പ്രതിമ ഉണ്ടാക്കി ഇവിടെ സ്ഥാപിച്ചിരുന്നു. ഈ പ്രതിമ ഇപ്പോൾ ഗെംഗയിലെ സേക്രഡ് ആര്‍ട്സ് മ്യൂസിയത്തിലാണ് ഉള്ളത്. ഇതിനു പകരമായി, ഈ പ്രതിമയുടെ ഒരു പകർപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 

temple-of-valadier2

വലാഡിയർ ചാപ്പലിന് തൊട്ടടുത്തായി സാന്താ മരിയ ഇൻഫ്രാ സാക്സ എന്ന ഒരു പ്രാര്‍ത്ഥനാ കേന്ദ്രം കൂടിയുണ്ട്. 1029 മുതലുള്ള ചരിത്രമുണ്ട് ഇതിന്. ബെനഡിക്റ്റൈൻ കന്യാസ്ത്രീകൾ ഏകാന്തവാസത്തിനായി ഉപയോഗിച്ച സ്ഥലമായിരുന്നു ഇവിടം. 

ഫ്രസ്സാസി ഗുഹകളിൽ നിന്ന് ഗെംഗ ഗ്രാമത്തിലേക്ക് പോകുന്ന റോഡിലൂടെയാണ് ഇവിടേക്ക് എത്തുന്നത്. ഏകദേശം 700 മീറ്റർ കയറ്റം കയറുകയും വേണം എന്നതിനാല്‍ അല്‍പം പരിശ്രമകരമാണ് ഈ യാത്ര.

English Summary: Temple of Valadier – Genga Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com