ഏപ്രില്‍ ഒന്ന് മുതല്‍ തായ്‌ലന്‍ഡ് യാത്ര കൂടുതല്‍ എളുപ്പം: ക്വാറന്‍റീന്‍ വെറും 10 ദിവസം

thailand-trip
SHARE

രാജ്യത്തെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്‍റീന്‍ കാലയളവ് 14 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറയ്ക്കാനായി പൊതുജനാരോഗ്യ മന്ത്രാലയം നല്‍കിയ നിർദ്ദേശത്തിന് തായ്‌ലന്‍ഡ് സെന്റർ ഫോർ കോവിഡ് -19 സിറ്റ്വേഷന്‍ അഡ്മിനിസ്ട്രേഷൻ (സിസിഎസ്എ) വെള്ളിയാഴ്ച (മാർച്ച് 19) അംഗീകാരം നൽകി. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തില്‍ വരും.

എല്ലാവര്‍ഷവും ഏപ്രില്‍ 13 മുതല്‍ 15 വരെയുള്ള സമയത്ത് നടക്കുന്ന തായ് പുതുവത്സരാഘോഷമായ സോംഗ്ക്രാനിന് മുന്നോടിയായാണ് പുതിയ ക്വാറന്‍റീന്‍ നിയമങ്ങള്‍ വരുന്നത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ സമയത്ത് രാജ്യത്തേക്ക് ഒഴുകിയെത്താറുള്ളത്. ലോകത്തിലെ ഏറ്റവും വലിയ 'വാട്ടര്‍ ഫൈറ്റ്' മത്സരങ്ങളും ഈ സമയത്ത് ഇവിടെ നടക്കുന്നു. ഈ വര്‍ഷം വാട്ടര്‍ ഫൈറ്റ് മത്സരങ്ങള്‍ വേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ജൂണ്‍ മാസം മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും ഒക്ടോബർ മുതൽ ക്വാറന്‍റീന്‍ രഹിത യാത്രക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും സി‌സി‌എസ്‌എ വക്താവ് ഡോ. ത്വവീസിൻ വിസാനുയോത്തിൻ വെളിപ്പെടുത്തി. പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ അനുസരിച്ച് വരും മാസങ്ങളിൽ ഹോട്ടലുകളില്‍ ക്വാറന്‍റീനില്‍ ഇരിക്കുന്ന ആളുകൾക്ക്, മുറിക്ക് പുറത്ത് കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ, നിയന്ത്രിത പ്രദേശത്ത് ഔട്ട്‌ഡോർ വ്യായാമം, പൂൾ, സൈക്ലിംഗ് എന്നിവയുള്ള ഫിറ്റ്നസ് സെന്‍റര്‍, ജിം എന്നിവ ഉപയോഗിക്കാൻ ക്വാറന്‍റീന്‍ പാലിക്കുന്ന യാത്രക്കാരെ അനുവദിക്കും. ക്വാറന്‍റൈന്‍ ഏരിയക്ക് പുറത്ത് ഭക്ഷണവും മറ്റ് ഉല്പന്നങ്ങളും വാങ്ങാനും അവരെ അനുവദിക്കും.

ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള രണ്ടാം ഘട്ടത്തില്‍ ക്വാറന്‍റീനില്‍ ഇരിക്കുന്ന ആളുകൾക്ക് ഹോട്ടലിന്‍റെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിക്കാനും സ്പാ, മസാജ് സേവനം എന്നിവ ഉപയോഗിക്കാനും അനുവാദം നല്‍കും. ഒക്ടോബർ 1 മുതൽ, നാഷണല്‍ കമ്മ്യൂട്ടബിൾ ഡിസീസ് കമ്മിറ്റി വാച്ച് ലിസ്റ്റിൽ ഉള്‍പ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ മാത്രം ക്വാറന്‍റീന്‍ പാലിച്ചാല്‍ മതിയാകും. യാത്രക്കാരെ നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടായിരിക്കും പുതിയ നടപടികള്‍ നടപ്പിലാക്കുക. 

ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവില്‍, ഹ്രസ്വ സന്ദർശനം നടത്തുന്ന ബിസിനസുകാർക്ക് ഇപ്പോൾ ഹോട്ടൽ മീറ്റിങ് റൂം ഉപയോഗിക്കാമെങ്കിലും പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗനിർദ്ദേശങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.

കോവിഡ് നിയന്ത്രിക്കുന്നതിൽ തായ്‌ലൻഡ് താരതമ്യേന വിജയിച്ചിട്ടുണ്ട്, ഈ വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ 88 മരണങ്ങൾ രേഖപ്പെടുത്തി. അതിർത്തി നിയന്ത്രണങ്ങൾ മൂലം ടൂറിസം വരുമാനം 80 ശതമാനത്തിലധികം ഇടിഞ്ഞു, സന്ദർശകരുടെ എണ്ണം 2019 ൽ 40 ദശലക്ഷം സന്ദർശകരിൽ നിന്ന് കഴിഞ്ഞ വർഷം 6.7 ദശലക്ഷമായി കുറഞ്ഞിരുന്നു.

English Summary: Only 10-day quarantine for travellers to Thailand from April 1 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA