ശ്വാസമടക്കിപ്പിടിച്ച് ജീപ്പ് സവാരി, മറക്കാനാവില്ല ആ ആഫ്രിക്കൻ യാത്ര; നടൻ വിനിത് പറയുന്നു

Vineeth
SHARE

സിംഹങ്ങളും മറ്റു വന്യജീവികളും വിലസുന്ന കാട്ടിലൂടെ ജീപ്പിലൊരു യാത്ര. അവ വഴി മുറിച്ചുകടക്കാനെത്തുമ്പോൾ ശ്വാസമടക്കിപ്പിടിച്ചുള്ള ഇരിപ്പ്. ലോകപ്രസിദ്ധ വന്യജീവിസങ്കേതമായ മസായ് മാരയിലെ സഫാരി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. ഒപ്പം താരത്തിന്റെ മറ്റു യാത്രവിശേഷങ്ങളുമറിയാം.

vineeth-travel8

മനോഹരമായ അഭിനയവും നൃത്തച്ചുവടുകളും കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ വിനീതിന് കുടുംബത്തിനൊപ്പമുള്ള യാത്രകളാണ് ഏറെ ഇഷ്ടം. പ്രോഗ്രാമുകള്‍ക്കും നൃത്തപരിപാടികള്‍ക്കുമായി അമേരിക്കയും ഗള്‍ഫും ഓസ്‌ട്രേലിയയുമടക്കം പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട് വിനീത്. ഒരു കലാകാരന്‍ എന്നനിലയില്‍ തനിക്കു ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ് ഈ അവസരങ്ങളെന്നു വിനീത് പറയുന്നു. 

vineeth-travel5

ജോലിയും യാത്രയും

ജോലിയുടെ ഭാഗമായ യാത്രകളാണ് കൂടുതലും. അപ്പോൾ ഏറ്റെടുത്ത പ്രോഗാം ഭംഗിയായി പൂര്‍ത്തിയാക്കുക എന്നതാണ് ആദ്യപടി. ഷെഡ്യൂള്‍ പ്രകാരം ഇത്ര ദിവസത്തിനുള്ളില്‍ പോയിവരുന്ന യാത്രകളാണ് മിക്കതും. സമയപരിമിതി മൂലം പലപ്പോഴും സ്ഥലങ്ങള്‍ കാണാനുള്ള അവസരങ്ങള്‍ ഉണ്ടാകാറില്ല.

vineeth-travel4

വിവാഹത്തിനു ശേഷം കുടുംബത്തെയും ചില യാത്രകളില്‍ കൂട്ടാറുണ്ട്. പ്രോഗ്രാം തീരുന്ന ദിവസം ‍ഞാനുള്ള സ്ഥലത്തേക്ക് ഭാര്യയും മകളും എത്തും. അവരൊടൊപ്പം അന്നാട്ടിലെ സ്ഥലങ്ങൾ കാണാൻ പോകാറുണ്ട്.

മസായ്മാരയിലെ സഫാരി മറക്കില്ല

കെനിയയിലെ നരോക്ക് കൗണ്ടിയിലെ ഒരു വലിയ ഗെയിം റിസർവാണ് മസായ് മാര. മറക്കാനാവില്ല ആ യാത്ര. സിംഹങ്ങൾ, പുള്ളിപ്പുലികൾ, ചീറ്റകൾ, ആന എന്നിവയുടെ അസാധാരണമായ കാഴ്ചയാണിവിടെ. ഇവിടെനിന്നു വൈൽഡ്‌ബീസ്റ്റ്, സീബ്ര, തോംസൺ ഗസൽ, തുടങ്ങി നിരവധി മൃഗങ്ങൾ വർഷം തോറും സെറെൻഗെറ്റിയിലേക്കും പുറത്തേക്കും ഗ്രേറ്റ് മൈഗ്രേഷൻ എന്നറിയപ്പെടുന്ന പലായനം നടത്തുന്നത്  ലോകപ്രശസ്തമാണ്.

vineeth-travel6

ആരെയും പേടിക്കാതെ, യാതൊരു കൂസലുമില്ലാതെ വിഹരിക്കുന്ന സിംഹങ്ങളുടെയും പുലിയുടെയുമെല്ലാം ഇടയിലൂടെ ജീപ്പില്‍ സഞ്ചരിക്കുന്ന ഇവിടുത്തെ സഫാരി ലോകപ്രസിദ്ധമാണ്.

കുറച്ചുവര്‍ഷം മുമ്പ് കെനിയയില്‍ ഒരു  പ്രോഗ്രാമിനു പോയി. അതു കഴിഞ്ഞുള്ള മൂന്നുനാലു ദിവസം ഞങ്ങള്‍ ഫ്രീയായിരുന്നു. അപ്പോഴാണ് സംഘാടകര്‍ മസായ് മാരയിലേക്കുള്ള യാത്ര എന്ന ആശയം മുന്നോട്ടു വച്ചത്. പ്രോഗ്രാം സ്ഥലത്തുന‌ിന്നു 4 മണിക്കൂറിലധികം ദൂരമുണ്ട് മസായ്മാരയിലേക്ക്. നാലു ദിവസം ഞങ്ങള്‍ അവിടെ താമസിച്ചു. പരന്നുകിടക്കുന്ന തരിശുഭൂമി പോലെയാണ് ഈ പാര്‍ക്ക്.

vineeth-travel3

എങ്ങോട്ടു നോക്കിയാലും പലവിധം മൃഗങ്ങള്‍, ഒട്ടകപ്പക്ഷികള്‍, സീബ്രകള്‍ അങ്ങനെ ഒരുപാട് വന്യജീവികളെ കാണാൻ സാധിച്ചു. സഫാരി പുറപ്പെട്ടു. രാവിലെയായിരുന്നു ഞങ്ങള്‍ പോയത്. അപ്പോഴാണത്രേ സിംഹങ്ങള്‍ ഇരതേടിയിറങ്ങുന്നത്. ഗംഭീരകാഴ്ചയായിരുന്നു. പലയിടത്തും വാഹനം നിര്‍ത്തി വളരെ പതുക്കെയാണ് പോയിരുന്നത്.

vineeth-travel

മൃഗങ്ങളെ കാണുമ്പോൾ ശ്വാസമടക്കിപ്പിടിച്ചാണ് ഇരിക്കുക. വല്ലാത്തൊരു അനുഭവമായിരുന്നു അത്. അവിടെ തങ്ങിയ അത്രയും ദിവസം എല്ലാവരും നന്നായി ആസ്വദിച്ചു. 

ബാലിയിലെ മറക്കാനാവാത്ത അവധിക്കാലം

ഭാര്യ ടീച്ചറായതിനാലും മകള്‍ പഠിക്കുന്ന സമയമായതിനാലും ഞങ്ങളുടെ ഒരുമിച്ചുള്ള ട്രിപ്പ് വെക്കേഷന്‍ കാലത്താണ്. എല്ലാ വര്‍ഷവും വെക്കേഷന് ഒരു യാത്ര നടത്തും. ഒടുവിൽ പോയത് കൊറോണയ്ക്ക് മുമ്പ് ബാലിയിലേക്കായിരുന്നു. അവിടുത്തെ അതിഗംഭീര വാസ്തുവിദ്യയാണ് ഞങ്ങളെ ഏറെ ആകര്‍ഷിച്ചത്.

vineeth-travel9

വളരെ മനോഹരമായൊരു കൊച്ചുദ്വീപുരാജ്യമാണ് ബാലിയെങ്കിലും അവിടെ കണ്ടാലും തീരാത്തത്ര കാഴ്ചകളുണ്ട്. ആയിരക്കണക്കിനു ക്ഷേത്രങ്ങളുള്ള ബാലിയിലെത്തുന്ന ആരേയും ആകര്‍ഷിക്കുന്നത് അവിടുത്തെ അഭൂതപൂര്‍വമായ വാസ്തുവിസ്മയങ്ങളാണ്.

vineeth-travel13

ദൈവത്തിന്റെ സ്വന്തം ദ്വീപായിട്ടാണ് ഇന്തൊനീഷ്യയിലെ ബാലി അറിയപ്പെടുന്നത്. ബാലിയിലെ ഓരോ നിമിഷവും നമ്മള്‍ കേരളത്തിലാണോ എന്ന് ചിന്തിച്ചുപോകും. പച്ചപ്പ്, കടല്‍ത്തീരം, കൃഷിയിടം, തെങ്ങിന്‍ തോപ്പ് എന്നിവയെല്ലാം കേരളത്തിലെപ്പോലെ നിറഞ്ഞ് നില്‍ക്കുന്ന ബാലിയിലെ പല ഗ്രാമങ്ങളും നാഗരികത കടന്നാക്രമിക്കാതെ മനോഹരമായി ഇന്നും നിലനില്‍ക്കുന്നുണ്ട്.

vineeth-travel11

ശില്‍പ ചാതുര്യം കൊണ്ട് മനം മയക്കുന്ന പുരാതന ക്ഷേത്രങ്ങളും തലയെടുപ്പോടെ നില്‍ക്കുന്ന അഗ്നിപര്‍വതങ്ങളും സഞ്ചാരികളെ അദ്ഭുതപ്പെടുത്തും. ഒരാഴ്ചയോളം നീണ്ട ആ അവധിക്കാലയാത്രയില്‍ എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഓര്‍മകള്‍ ആ നാട് സമ്മാനിച്ചു.

vineeth-travel1

ഇനിയും ഒരുപാട് യാത്രകൾ നടത്താനുണ്ട്. അവസരം ഒത്തുവന്നാൽ പ്ലാൻ ചെയ്യും. യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല. 

English Summary: Actor Vineeth about his African travel Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA