ഇൗ വർഷത്തെ മൂന്നാമത്തെ ട്രിപ്; ഇവിടെ സ്ഥിരതാമസമാക്കിയാലോ? നടിയോട് സഹോദരന്‍ സിദ്ധാന്ത്!

sharaddha-kapoor
SHARE

ബോളിവുഡ് ന‍ടി ശ്രദ്ധ കപൂറിന്‍റെ ഈ വര്‍ഷത്തെ യാത്രകള്‍ കണ്ടാല്‍ സഞ്ചാരികള്‍ക്ക് അല്‍പ്പം അസൂയയൊക്കെ തോന്നിപ്പോകും, വര്‍ഷം തുടങ്ങിയതേയുള്ളൂ; അപ്പോഴേക്കും മാലദ്വീപിലേക്ക് മൂന്നു ട്രിപ്പാണ് ശ്രദ്ധ പോയിരിക്കുന്നത്! ഇപ്പോഴിതാ മൂന്നാമത്തെ മാലദ്വീപ് യാത്രയിലാണ് ഈ 34-കാരി. ഇതിന്‍റെ ചിത്രങ്ങളും ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

തിളങ്ങുന്ന മഞ്ഞ നിറമുള്ള ടോപ്പും വെളുത്ത സ്കര്‍ട്ടുമണിഞ്ഞു കൊണ്ട് റിസോര്‍ട്ടില്‍ കടലിനരികെ വുഡന്‍ ഡെക്കില്‍ നില്‍ക്കുന്ന ചിത്രം ശ്രദ്ധ പങ്കുവച്ചിട്ടുണ്ട്. 'പ്രകൃതിയിലേക്കുള്ള മടക്കം' എന്നാണ് ഇതിനു ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്. ഇതിനടിയില്‍ ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാന്ത് കപൂര്‍ കമന്‍റ് ചെയ്തതും കാണാം; "നമുക്കവിടെ സെറ്റില്‍ ചെയ്യാം" എന്നാണ് സിദ്ധാന്ത് സഹോദരിയുടെ പോസ്റ്റിനടിയില്‍ കുറിച്ചിരിക്കുന്നത്. 

കസിനും നടനുമായ പ്രിയാങ്ക് ശര്‍മ്മയും ഷസ മോറാനിയുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ശ്രദ്ധ കഴിഞ്ഞ മാര്‍ച്ചില്‍ മാലദ്വീപില്‍ എത്തിയത്. ആ യാത്രയില്‍ തന്നെ പിറന്നാള്‍ ദിനവും മാലദ്വീപില്‍ ആഘോഷിച്ച് അവിസ്മരണീയമാക്കിയിരുന്നു ശ്രദ്ധ. പ്രിയാങ്കിന്‍റെ വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ശ്രദ്ധ കപൂറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പേസ്റ്റൽ നീല നിറത്തിലുള്ള ലെഹങ്ക ധരിച്ചു കൊണ്ട് അതിമനോഹരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു

ബാരോസ് റിസോര്‍ട്ട്

മാലദ്വീപിലെ ബാരോസ് റിസോര്‍ട്ടിലാണ് ശ്രദ്ധയുടെ ഈ തവണത്തെ വെക്കേഷന്‍. ലോകത്തിലെ ഏറ്റവും മികച്ച 25 ആഡംബര റിസോര്‍ട്ടുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് ഈ റിസോര്‍ട്ട്. അതിഥികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഒരു സമയം പരിമിതമായ അതിഥികള്‍ക്ക് മാത്രമേ ഇവിടെ താമസിക്കാനാവൂ. പരിസ്ഥിതിയുടെ സംരക്ഷണത്തിനായി മോട്ടറൈസ്ഡ് വാട്ടർ സ്പോർട്സ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, പരമ്പരാഗത മാൽദീവിയൻ കപ്പലായ 'ധോണി'യില്‍ സൂര്യാസ്തമയക്കാഴ്ച കണ്ടുള്ള കപ്പൽ യാത്രയും മറ്റു ജലവിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സൗകര്യമുണ്ട്. 

എല്ലാ വില്ലകളില്‍ നിന്നും സമുദ്രത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാകും എന്നതാണ് ബാരോസ് റിസോര്‍ട്ടിലെ മറ്റൊരു പ്രത്യേകത. കപ്പിള്‍സ് മസാജ് പോലെയുള്ള അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. രുചികരമായ വിഭവങ്ങള്‍ വിളമ്പുന്ന അതുല്യമായ ഡൈനിംഗ് അനുഭവത്തിനു പുറമേ ഓരോ അതിഥികള്‍ക്കും ഒരു സ്വകാര്യ ബട്ട്ലറും ഉണ്ടാകും. ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് നിരക്കുകള്‍. പുതിയ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ ഉൾപ്പെടുത്തി 2020 ഒക്ടോബർ 1 നാണ് ബാരോസ് വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയത്. 

നിരവധി പ്രമുഖ താരങ്ങള്‍ അവധി ആഘോഷിക്കാനായി മാലദ്വീപിലേക്കാണ് ഇപ്പോള്‍ പോകുന്നത്. വീണ്ടും ടൂറിസത്തിന്‍റെ സുവര്‍ണ്ണ കാലമാണ് മാലദ്വീപില്‍ ഇപ്പോള്‍. യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു നീക്കിയതിനാല്‍ അധികം തലവേദനയില്ലാതെ തന്നെ യാത്ര തരപ്പെടുത്താം എന്നതും സ്വപ്നസമാനമായ സൗകര്യങ്ങളും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ വിനോദസഞ്ചാരം വീണ്ടും പുനരാരംഭിച്ച ശേഷം സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള എല്ലാ നടപടികളും മാലിദ്വീപ് കൈക്കൊണ്ടിരുന്നു. റിസോര്‍ട്ടുകളും ഹോട്ടലുകളും സഞ്ചാരികള്‍ക്കായുള്ള നിരവധി ഓഫറുകളുമായി രംഗത്തുണ്ട്.

English Summary: Shraddha Kapoor is back to Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA