ADVERTISEMENT

സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ എല്ലാക്കാലത്തും ഭൂട്ടാന്‍ എന്നുള്ള പേരുണ്ടാവും. സംസ്കാരം കൊണ്ടും പ്രകൃതിസൗന്ദര്യം കൊണ്ടും സമ്പന്നമായ ഭൂട്ടാന്‍, ബാക്ക്പാക്കര്‍മാരുടെ പറുദീസയാണ്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ഇപ്പോൾ, ഭൂട്ടാന്‍ യാത്ര പണ്ടത്തെപ്പോലെ അത്ര ചെലവു കുറഞ്ഞതല്ല; ഭൂട്ടാന്‍റെ പരിസ്ഥിതിയും സംസ്കാരവും സംരക്ഷിക്കുന്നതിനായി സന്ദര്‍ശകരില്‍നിന്നു ഭൂട്ടാന്‍ സര്‍ക്കാര്‍ ഫീസ്‌ ഈടാക്കുന്നുണ്ട്. 

എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഈ ഫീസ്‌ അടയ്ക്കേണ്ടതില്ല! ഏകദേശം 15,000 രൂപയാണ് ഈയിനത്തിൽ ലാഭം! ബജറ്റ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം മൂന്നു യാത്രകള്‍ക്കുള്ള ചെലവ് അങ്ങനെ ലാഭം! അതിനാല്‍, ഇന്ത്യക്കാര്‍ക്ക് എത്ര പണം കൊടുത്താലും മതിയാകാത്തത്ര മൂല്യമുള്ള കാഴ്ചകളും അനുഭവങ്ങളും തികച്ചും സൗജന്യമായി കാണാനുള്ള അപൂര്‍വ അവസരമാണിത്. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദാരിദ്ര്യ നിർമാർജനം എന്നിവക്കായുള്ള സർക്കാർ പരിപാടികള്‍ക്കായി ഇന്ത്യക്കാര്‍ ഒഴിച്ചുള്ള വിദേശ സഞ്ചാരികളില്‍നിന്ന് ഇരുനൂറു ഡോളര്‍ ആണ് ഭൂട്ടാന്‍ സര്‍ക്കാര്‍ സന്ദര്‍ശക ഫീസ്‌ ഈടാക്കുന്നത്.

ഭൂട്ടാന്‍ യാത്രയ്ക്ക് എന്തു ചെലവു വരും?

ജനുവരി, ഫെബ്രുവരി, ജൂൺ, ജൂലൈ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് ഭൂട്ടാൻ സന്ദർശിക്കുന്നതെങ്കില്‍ ഒരാള്‍ക്ക് ഒരു ദിവസം ശരാശരി 5000 രൂപ ചെലവു വരും. മാർച്ച്, ഏപ്രിൽ, മേയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇത് കൂടാം. ഇതില്‍ ഭക്ഷണവും താമസവുമെല്ലാം ഉള്‍പ്പെടും. മാർച്ച്, ഏപ്രിൽ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പൊതുവേ സഞ്ചാരികളുടെ എണ്ണത്തിൽ വർധന ഉണ്ടാകാറുണ്ട്. അതിനാല്‍ ഈ മാസങ്ങളിലാണ് യാത്രയെങ്കിൽ മാസങ്ങൾക്കു മുൻപേ ടിക്കറ്റുകളും ഹോട്ടല്‍ മുറികളുമെല്ലാം റിസർവ് ചെയ്യുന്നത് ഉപകാരപ്പെടും.

പല തരത്തിലുള്ള താമസ സൗകര്യങ്ങളും ഭക്ഷണവും ലഭ്യമാണ് ഇവിടെ. അതിനാല്‍ ബജറ്റിനനുസരിച്ച് ചെലവാക്കിയാല്‍ പണം ലാഭിക്കാം. 

bhutan-trip
By MC_Noppadol /shutterstock

*ചെലവ് കുറവ് എപ്പോഴാണ്?

സീസൺ സമയങ്ങളിൽ ചെലവാകുന്നതിന്‍റെ പകുതി പണം മാത്രമേ ഓഫ് സീസണില്‍ ചെലവാകുകയുള്ളൂ. കീശ കാലിയാകാതെ യാത്ര ചെയ്യാന്‍ ഡിസംബർ മുതൽ ജനുവരി വരെയോ ജൂൺ മുതൽ ഓഗസ്റ്റ് വരെയോ യാത്ര പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. മാത്രമല്ല, ഒറ്റയ്ക്കുള്ള യാത്രയേക്കാള്‍ കൂട്ടുകാര്‍ക്കൊപ്പം പോകുന്നതാണ് ചെലവു കുറക്കാന്‍ നല്ലത്. 

ഉത്സവങ്ങളുടെ ഭൂട്ടാന്‍

ഋതുഭേദങ്ങള്‍ക്കനുസരിച്ച് വർഷം മുഴുവൻ പലവിധ ആഘോഷങ്ങൾ ഉള്ള രാജ്യമാണ് ഭൂട്ടാൻ. ഉത്സവകാലങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുത്താല്‍ വേറിട്ട കാഴ്ചകളും അനുഭവങ്ങളും കാണാം. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും വര്‍ണ്ണാഭമായ നൃത്തത്തിന്‍റെ അകമ്പടിയോടെയുമായിരിക്കും ഈ ആഘോഷങ്ങള്‍. മതപരമായ ഉത്സവങ്ങൾക്കു പുറമേ റോഡോഡെൻഡ്രോൺ ഫെസ്റ്റിവൽ, ബ്ലാക്ക് നെക്ക്ഡ് ക്രെയിൻ ഫെസ്റ്റിവൽ, റോയൽ ഹൈലാൻഡർ ഫെസ്റ്റിവൽ, ഹാ സമ്മർ ഫെസ്റ്റിവൽ തുടങ്ങി നിരവധി ആഘോഷങ്ങൾ വേറെയുമുണ്ട്. വേനൽക്കാലങ്ങളിൽ ഇവിടുത്തെ പ്രധാനപ്പെട്ട വിനോദങ്ങളിൽ ഒന്നായ മഷ്‌റൂം പിക്കിങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളും പതിവുണ്ട്.

ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങള്‍ ഭൂട്ടാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമാണ്. തെളിഞ്ഞ കാലാവസ്ഥയാണ് ഈ സമയങ്ങളില്‍. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തണുപ്പാണ്. ഏപ്രിൽ മുതൽ കാലാവസ്ഥ മനോഹരമാണ്. വസന്തകാലത്ത് താഴ്‌വരകളില്‍ നിറയെ  റോഡോഡെൻഡ്രോണുകൾ വിരിഞ്ഞ് നില്‍ക്കുന്ന അപൂര്‍വ മനോഹരമായ കാഴ്ച കാണാം. ട്രെക്കിങ്ങിന് ഏറ്റവും മികച്ച സമയം മാർച്ച് - ഏപ്രിൽ, ഓഗസ്റ്റ് - ഒക്ടോബർ എന്നിവയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭൂട്ടാനിലെ ഔദ്യോഗിക ഭാഷ ദ്സോങ്ക ആണെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ഇംഗ്ലിഷ് അറിയാം എന്നതിനാല്‍ ഭൂട്ടാൻ സന്ദർശനത്തിൽ ഭാഷ ഒരു പ്രശ്നമാകില്ല. ഭൂട്ടാനിലെ ഏകദേശം എല്ലാ ഹോട്ടലുകളിലും വൈഫൈ സൗകര്യമുണ്ട്, പക്ഷേ കൂടുതൽ വേഗതയുള്ള നെറ്റ് കണക്‌ഷൻ ആണ് വേണ്ടതെങ്കില്‍ ഒരു പ്രീപെയ്ഡ് സിം കാർഡ് എടുക്കുന്നതാണ് നല്ലത്.  പ്രധാന പട്ടണങ്ങളിൽ മാത്രമേ എടിഎമ്മുകൾ ഉള്ളൂ. എന്നാല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടക്കാനുള്ള സൗകര്യങ്ങൾ ഭൂരിപക്ഷം ഹോട്ടലുകളിലും കടകളിലുമുണ്ട്. 

പുകയില ഉത്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിച്ചിട്ടുണ്ടെന്നു മാത്രമല്ല, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കപ്പെട്ടിട്ടുമുണ്ട്. നിയമം ലംഘിച്ചാല്‍ പിഴ അടയ്ക്കേണ്ടി വരും. ചൊവ്വാഴ്ചകളിൽ മദ്യം  ലഭ്യമാകില്ല. കടകളില്‍നിന്നു സാധനങ്ങൾ വാങ്ങുമ്പോൾ വില പേശിയാല്‍ പണം ലാഭിക്കാം. ബുദ്ധമത കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമൊക്കെ പോലെയുള്ള ചരിത്രനിര്‍മ്മിതികളുടെയും മറ്റും ചിത്രങ്ങൾ പകർത്തുമ്പോൾ അനുമതിയുണ്ടോ എന്ന് ഗൈഡിനോട് അന്വേഷിച്ചതിനുശേഷം മാത്രം ഫോട്ടോകൾ എടുക്കുക.

 

English Summary: Backpacking Bhutan Travel Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com