ADVERTISEMENT

പസഫിക് സമുദ്രത്തിലെ ദ്വീപുരാജ്യമായ പലാവുവിലെ ദ്വീപുസമൂഹമായ മെച്ചർചാർ ദ്വീപുകളില്‍പ്പെടുന്ന ഒരു ദ്വീപാണ് ഈൽ മാൽക്ക്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'Y' എന്ന അക്ഷരത്തിന്‍റെ ആകൃതിയില്‍ കാണുന്നതും 6 കിലോമീറ്റർ നീളവും 4.5 കിലോമീറ്റർ വീതിയുമുള്ളതുമായ ഈ ദ്വീപ്‌ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഈ ദ്വീപില്‍ നിരവധി ചെറിയ തടാകങ്ങളുണ്ട്. ദ്വീപിന്‍റെ കിഴക്ക് ഭാഗത്തുള്ള ജെല്ലിഫിഷ് തടാകമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം. 

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിറയെ ജെല്ലിഫിഷുകള്‍ ആണ് ഈ തടാകത്തില്‍. സാധാരണ കാണുന്നതുപോലെ വിഷമുള്ള വിഭാഗത്തില്‍പ്പെട്ടവയല്ല ഇവ. മാത്രമല്ല, തിളങ്ങുന്ന സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ഇവയെ കാണാന്‍ തന്നെ അതിമനോഹരമാണ്. സഞ്ചാരികള്‍ക്ക് ഇവയ്ക്കൊപ്പം നീന്തിത്തുടിക്കാനുള്ള അവസരമുണ്ട്. 

പുരാതന മയോസെൻ യുഗത്തിലെ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള പാറക്കെട്ടുകളിലെ പിളർന്ന തുരങ്കങ്ങളിലൂടെയും മടക്കുകളിലൂടെയും കടലുമായി ഈ തടാകം ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പ്, സമുദ്രനിരപ്പ് ഉയർന്ന സമയത്ത്, തടാകത്തിലെത്തിയ ജെല്ലിഫിഷുകള്‍ ഇവിടെ കുടുങ്ങിപ്പോയതാകാമെന്നും കാലക്രമേണ അവയ്ക്ക് സ്വന്തമായ ജീവിതരീതികളും സ്വഭാവവും കൈവന്നുവെന്നുമാണ് ഗവേഷകര്‍ കരുതുന്നത്. അവയെ വേട്ടയാടാന്‍ മറ്റു ജീവികള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവയുടെ ആക്രമണാത്മക പ്രവണതകള്‍ പൂര്‍ണ്ണമായും ഇല്ലാതായതാകാം എന്നും അവര്‍ പറയുന്നു. 

Jelly-Fish-Lake-in-Palau1

മാസ്റ്റിഗിയാസ് പപ്പുവ നുവോവ പാസ്ത, ഓറേലിയ ഓറിറ്റ എന്നിങ്ങനെയുള്ള രണ്ടിനം ജെല്ലിഫിഷുകള്‍ ആണ് ഇവിടെ കാണപ്പെടുന്നത്. ഏകകോശ ആൽഗകളായ സൂക്സാന്തെല്ലെയുമായുള്ള സിംബയോട്ടിക് ബന്ധം വഴിയാണ് ഇവ നിലനിൽക്കുന്നത്. രാത്രികാലങ്ങളിൽ ഭക്ഷണം തേടി ജെല്ലിഫിഷുകള്‍ തടാകത്തിന്‍റെ ആഴങ്ങളിലേക്ക് പോകും. പകൽ സമയത്ത് ഇവ കൂട്ടമായി മുകളിലേക്ക് പൊങ്ങിവരികയും ചെയ്യും.

വിനോദസഞ്ചാരികൾക്ക് ജെല്ലിഫിഷ് തടാകത്തില്‍ നീന്താന്‍ പാസ് ആവശ്യമാണ്. 10 ദിവസത്തേക്കുള്ള പാസിന് നൂറു ഡോളറാണ് ഈടാക്കുന്നത്. ജെല്ലിഫിഷ് തടാകത്തിലെ സ്നോർക്കെലിംഗ് ഏറെ ജനപ്രിയമാണ്. സഞ്ചാരികള്‍ക്കായി ഇത്തരം ട്രിപ്പുകള്‍ ഒരുക്കുന്ന നിരവധി ടൂർ ഓപ്പറേറ്റർമാരുണ്ട് ഇവിടെ. അടുത്തുള്ള കൊറോറിൽ നിന്ന് ഏകദേശം 45 മിനിറ്റ് ബോട്ട് യാത്ര ചെയ്താണ് ഈൽ മാൽക്ക് ദ്വീപിലെത്തുന്നത്. ഈല്‍ മാൽക്കിലെ കടൽത്തീരത്തുനിന്ന്, തടാകത്തിലേക്കുള്ള ഒരു ചെറിയ നടപ്പാതയിലൂടെ തടാകത്തിലെത്താം.

സ്കൂബ ഡൈവിങ് ഇവിടെ അനുവദനീയമല്ല. ജെല്ലിഫിഷുകള്‍ക്ക് ഇത് ഹാനികരമാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, തടാകത്തിന്‍റെ പതിനഞ്ചു മീറ്ററില്‍ താഴേക്കുള്ള ഭാഗത്ത് ഹൈഡ്രജന്‍ സള്‍ഫൈഡ് നിക്ഷേപമുള്ളതിനാല്‍, ഇവ ഡൈവര്‍മാര്‍ക്കും അപകടകരമായേക്കാം. 

തടാകത്തിൽ വസിക്കുന്ന രണ്ടിനം ജെല്ലിഫിഷുകള്‍ക്കും, മറ്റു വിഷമുള്ള ജെല്ലിഫിഷുകളില്‍ കാണപ്പെടുന്ന പോലെയുള്ള സ്റ്റിംഗ് സെല്ലുകൾ (നെമറ്റോസൈറ്റുകൾ) ഉണ്ടെങ്കിലും അവ മനുഷ്യർക്ക് ദോഷം വരുത്താൻ പര്യാപ്തമല്ല. വായയ്ക്ക് ചുറ്റുമുള്ള ഭാഗം പോലെയുള്ള സെൻസിറ്റീവ് ഏരിയകളില്‍ ഇവയുടെ കടിയേറ്റാല്‍ മാത്രം ഒന്ന് ശ്രദ്ധിക്കണം എന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. 

 

English Summary: Swim With Golden Jellyfish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com