ADVERTISEMENT

ഒറ്റ നോട്ടത്തില്‍ കടല്‍ത്തീരത്ത് നിര്‍മിച്ച മാര്‍ബിള്‍ പടികള്‍ ആണെന്നേ തോന്നൂ. കടല്‍ത്തിരകള്‍ വന്നടിക്കുമ്പോഴുള്ള സംഗീതം എവിടെ നിന്നാണ് വരുന്നതെന്ന് നോക്കുമ്പോള്‍ മാത്രമാണ് ഈ പടികള്‍ ഒരു സംഗീതോപകരണം കൂടിയാണെന്ന് തിരിച്ചറിയുക.  ക്രൊയേഷ്യയിലെ സാദറിലാണ് സഞ്ചാരികളുടെ കണ്ണിനും കാതിനും കുളിരേകുന്ന ഈ അദ്ഭുതക്കാഴ്ച ഉള്ളത്. വലിയ മാർബിൾ പടികൾക്കടിയിൽ ദ്വാരങ്ങളിട്ട് നിര്‍മിച്ച ഒരു പരീക്ഷണാത്മക സംഗീത ഉപകരണമാണ് ഇത്. ക്രൊയേഷ്യൻ ഭാഷയില്‍ 'മോർസ്‌കെ ഓർഗുൾജെ' എന്നാണ് ഈ ഭീമന്‍ ഓര്‍ഗന്‍റെ പേര്.

രണ്ടാംലോക മഹായുദ്ധകാലത്ത് ഏറെ നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന നഗരമായിരുന്നു സാദര്‍. നഗര തീരത്തെ പുനർരൂപകൽപ്പന ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ആർക്കിടെക്റ്റ് നിക്കോള ബാസിക് ആണ് ഈ ഓര്‍ഗന്‍ നിര്‍മിച്ചത്. 2005 ഏപ്രിൽ 15 ന് ഇവിടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അന്നുമുതല്‍ വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ് ഇത്. തിരമാലകൾ വന്നടിക്കുമ്പോള്‍ ഈ ഓര്‍ഗന്‍ ക്രമരഹിതമായതും എന്നാല്‍ ആകർഷണീയവുമായ ശബ്ദങ്ങളാണ് ഉണ്ടാക്കുന്നത്. തിമിംഗലങ്ങളുടെ ശബ്ദത്തോട് ഇതിനു സാമ്യമുണ്ട്.

The-Sea-Organ--Sightseeing-Zadar3
By Rozhnovskaya Tanya/shutterstock

വ്യത്യസ്ത നീളത്തിലും വലുപ്പത്തിലുമുള്ള 35 പോളിയെത്തിലീൻ പൈപ്പുകളാണ് ഈ 'സംഗീതം' ഉണ്ടാക്കുന്നത്. ഇവയ്ക്കുള്ളില്‍ അഞ്ച് ടോണുകളുള്ള ഏഴ് വിസിലുകളുണ്ട്. തിരമാലകള്‍ അടിക്കുമ്പോള്‍ ഉണ്ടാകുന്ന കാറ്റ്, ഇതിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇവയില്‍ നിന്നും നാദങ്ങള്‍ ഉണ്ടാകുന്നു. ഡാൽമേഷ്യൻ ക്ലാപ സംഗീതത്തോടാണ് ഇതിനു കൂടുതല്‍ സ്വരച്ചേർച്ചയുള്ളത്.

മൊത്തം 70 മീറ്റർ നീളമുണ്ട് ഈ ഓര്‍ഗന്. ഏഴു സ്റ്റെപ്പുകളില്‍ ആയാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. സാദറിന്‍റെ തെക്കൻ ഭാഗത്തുള്ള ഈ പ്രദേശത്ത് തിരമാലകളും കാറ്റും ശക്തമാണ് എന്നതിനാലാണ് ഈ കലാസൃഷ്ടി ഇവിടെത്തന്നെ നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം പൊഴിക്കാത്ത സമയത്ത് പോലും തൂവെള്ള നിറത്തിലുള്ള ഈ മാര്‍ബിള്‍ പടികള്‍ അതീവ സുന്ദരമാണ്. സാദറിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമനക്കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു കാഴ്ച. വൈകുന്നേരങ്ങളില്‍, ഈ പടികളില്‍ ഓറഞ്ച് ച്ഛായ വ്യാപിക്കുന്ന മായികമായ കാഴ്ച കാണാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. 

By xbrchx
By xbrchx/shutterstock

2006 ൽ മികച്ച കലാസൃഷ്ടികള്‍ക്ക്‌ നല്‍കുന്ന യൂറോപ്യന്‍ പ്രൈസ് ഫോര്‍ അർബൻ പബ്ലിക് സ്പേസ് മോർസ്‌കെ ഓർഗുൾജെയെ തേടിയെത്തിയിരുന്നു.

"അഡ്രിയാറ്റിന്‍റെ വിനോദ കേന്ദ്രം" എന്നറിയപ്പെടുന്ന ക്രൊയേഷ്യൻ വിനോദസഞ്ചാര കേന്ദ്രമാണ് സാദർ. 2016 ൽ ബെൽജിയൻ പോർട്ടലായ യൂറോപ്സ് ബെസ്റ്റ് ഡെസ്റ്റിനേഷൻസ്.കോം സാദറിനെ "മികച്ച യൂറോപ്യൻ ലക്ഷ്യസ്ഥാന"മായി രേഖപ്പെടുത്തിയിരുന്നു.

English Summary: The Sea Organ  Sightseeing Zadar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com