ADVERTISEMENT

ദക്ഷിണ പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന, ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ വിൻഡ്വേഡ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപായ താഹിതി ഒരു അടിപൊളി ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. അതിമനോഹരമായ ഭൂപ്രകൃതിയും ആരെയും മയക്കുന്ന കാലാവസ്ഥയുമുള്ള താഹിതി ഇപ്പോള്‍ വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഒപ്പം, ഫ്രഞ്ച് പോളിനേഷ്യയുടെ തന്നെ ഭാഗമായ ബോറ ബോറയും മോറിയ ദ്വീപുമുണ്ട്. മേയ് ഒന്ന് മുതല്‍ സഞ്ചാരികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിക്കാനാണ് തീരുമാനം.

നാലായിരത്തിലധികം കിലോമീറ്റര്‍ വിസ്തൃതിയില്‍, പസഫിക് സമുദ്രത്തില്‍ പരന്നുകിടക്കുന്ന 118 ദ്വീപുകളുടെ സമൂഹമാണ് ഫ്രഞ്ച് പോളിനേഷ്യ. ഈ ദ്വീപുകളെ അഞ്ചു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ദ്വീപാണ് തലസ്ഥാനമായ താഹിതി. ടൂറിസമാണ് ഫ്രഞ്ച് പോളിനേഷ്യയുടെ പ്രധാന വരുമാനമാര്‍ഗ്ഗം. എല്ലാ ദ്വീപുകളിലും ടൂറിസ്റ്റുകള്‍ക്ക് വേണ്ട മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സര്‍ഫിങ്, കൈറ്റ് സര്‍ഫിങ്, ഡൈവിങ്, റഗ്ബി മുതലായ വിനോദങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്.

Tahiti

കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി പാരീസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന് ഫ്രഞ്ച് പോളിനേഷ്യ പ്രസിഡന്‍റ് എഡ്വാർഡ് ഫ്രിച് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചതെന്ന് ഫ്രഞ്ച് പത്രം ലെ ഫിഗാരോ റിപ്പോർട്ട് ചെയ്തു. കോവിഡ് 19 മൂലം, പസഫിക് സമുദ്രത്തിലെ 118 ദ്വീപുകളുടെ സമൂഹമായ ഫ്രഞ്ച് പോളിനേഷ്യയില്‍ ഈ വര്‍ഷം ജനുവരിയില്‍ മരണങ്ങളൊന്നും ഉണ്ടായില്ല. മാത്രമല്ല, ജനുവരി മുതൽ കേസുകളുടെ എണ്ണം കുറഞ്ഞു വന്നതായും ഫ്രിച് പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് ഫ്രഞ്ച് പോളിനേഷ്യ എല്ലാ തരത്തിലുമുള്ള യാത്രകള്‍ താൽക്കാലികമായി നിർത്തിവച്ചത്.  ആരോഗ്യം, ജോലി, കുടുംബം, വീട്ടിലേക്കുള്ള മടക്കയാത്ര എന്നീ വിഭാഗങ്ങളിൽപ്പെട്ട "നിർബന്ധിത കാരണങ്ങൾ" ഉള്ളവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുന്നുള്ളു. തഹിതി ടൂറിസം സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ നടപടി മൂന്ന് മാസത്തേക്ക് നടപ്പാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഫ്രിചിന്‍റെ ഏപ്രിൽ 7 ലെ പ്രഖ്യാപനത്തില്‍ ഈ കാലാവധി ചെറുതായി കുറച്ചെങ്കിലും ഏപ്രിൽ 30 വരെ രാത്രി 10 മുതൽ രാവിലെ 4 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിർത്തി തുറക്കുന്ന തീയതി പ്രഖ്യാപിച്ചെങ്കിലും, നിർദ്ദിഷ്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും ഇപ്പോഴും നടപ്പാക്കുന്നുണ്ട്. എല്ലാ രാജ്യാന്തര യാത്രക്കാർക്കും ഒരേ പോലെ പ്രവേശനം നല്‍കുമോ അതോ ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണോ പ്രവേശനം എന്ന കാര്യം ഫ്രിച് വ്യക്തമാക്കിയിട്ടില്ല. സഞ്ചാരികള്‍ക്കായി, അതിർത്തികളില്‍ വൈറോളജിക്കൽ ടെസ്റ്റിംഗ്, സീറോളജിക്കൽ ടെസ്റ്റിംഗ്, വാക്സിൻ, ഇടിഐഎസ് (ഇലക്ട്രോണിക് ട്രാവൽ ഇൻഫർമേഷൻ സിസ്റ്റം) എന്നിവ സ്ഥാപിക്കുമെന്ന് ഫ്രിച് പറഞ്ഞതായി പ്രാദേശിക വിമാനക്കമ്പനികളിലൊന്നായ എയർ തഹിതി ന്യൂയി പറഞ്ഞു.

കോവിഡ് തുടക്കം മുതൽ ഇതുവരെയുള്ള സമയത്ത് ഫ്രഞ്ച് പോളിനേഷ്യയില്‍ 18,666 കേസുകളും 141 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്സിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗിക വിശദീകരണമില്ല. അതേസമയം, ഈ ദ്വീപുകൾ ഒരു സുരക്ഷിത യാത്രാ ലക്ഷ്യസ്ഥാനമായി വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ സാക്ഷ്യപ്പെടുത്തിയതായി 'ട്രാവല്‍ വീക്ക്ലി' പറയുന്നു.

English Summary: Stunning Bora Bora & Tahiti Islands To Open Doors To Excited Tourists From May 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com