ADVERTISEMENT

ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസിലൻഡ് യാത്രാപ്രിയരുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രദേശങ്ങൾ, മലനിരകൾ, ബീച്ചുകൾ, അഗ്‌നിപർവ്വതങ്ങൾ, തടാകങ്ങൾ തുടങ്ങി ഒരു സഞ്ചാരിയുടെ അഭിരുചികൾക്കനുസരിച്ചുള്ള എല്ലാ വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് ആ രാജ്യം. 

ആരെയും ആകർഷിക്കും ന്യൂസിലന്‍ഡിലെ ടാസ്മാന്‍ ഉള്‍ക്കടലിലെ ഇൗ കാഴ്ച. ഒരു ആപ്പിള്‍ നെടുകെ പിളര്‍ന്നതുപോലെ കൃത്യമായി മുറിച്ചുവച്ചിരിക്കുന്ന ഒരു പാറ. സ്പ്ലിറ്റ് ആപ്പിള്‍ റോക്ക് എന്നറിയപ്പെടുന്ന അസാധാരണ പ്രതിഭാസമാണിത്. ഒറ്റനോട്ടത്തിൽ ആരെയും അതിശയിപ്പിക്കും ഇൗ കാഴ്ച. ഓപ്പണ്‍ റോക്ക് എന്നര്‍ത്ഥമുള്ള എന്‍ഗാവ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്.

വിചിത്രം ഇൗ കാഴ്ച

ഒരു ഗോളത്തെ അക്ഷരാര്‍ത്ഥത്തില്‍ പകുതിയായി വിഭജിച്ചിരിക്കുന്ന ഈ കാഴ്ച തേടി നിരവധി സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്. സഞ്ചാരികളെ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ജിയോളജിസ്റ്റുകളുടെ ശ്രദ്ധകൂടി പതിഞ്ഞ ഇടമാണിത്. ഒരു ഗ്രാനൈറ്റ് പാറയാണിത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നതിന് വ്യക്തമായ വിശദീകരണം ഇപ്പോഴും ഇല്ല. പാറയുടെ താഴെ ഭാഗത്തെ ചെറിയ വിള്ളലിലൂടെ വെള്ളം കയറി കാലക്രമേണ പാറ രണ്ടായി പൊട്ടിപിളര്‍ന്നതാകാം എന്ന അനുമാനത്തിലാണ് വിദഗ്ധര്‍. കരയില്‍ നിന്നും മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഈ പാറയുടെ വിദൂര കാഴ്ച ആരേയും അമ്പരിപ്പിക്കും

split-apple-rock1
By Graphic55/shutterstock

ഈ വിചിത്ര രൂപികരണത്തിനെ ചുറ്റിപ്പറ്റി അനേകം ഐതിഹ്യങ്ങളും നിലനില്‍ക്കുന്നു. അതിലൊന്ന് ഈ പാറ കൈവശപ്പെടുത്താന്‍ രണ്ട് മാവോരി ദേവതകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതിനായി പാറ പകുതിയായി വിഭജിച്ച് തര്‍ക്കം പരിഹരിച്ചു എന്നുമാണ് പറയപ്പെടുന്നത്. ഈ ഐതിഹ്യമാണ് ഇവിടുത്തുകാര്‍ ഏറ്റവും അധികം വിശ്വസിക്കുന്നതും. പ്രകൃതിയുടെ അദ്ഭുതകരങ്ങളാല്‍ പിറവിയെടുത്ത അതിശയ സൃഷ്ടി തന്നെയാണ് സ്പ്ലിറ്റ് ആപ്പിള്‍ റോക്ക്.

English Summary: Split Apple Rock in Abel Tasman National Park Newzealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com