ADVERTISEMENT

പല നിറങ്ങളിലുള്ള ജലാശയങ്ങള്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായ ഒരു കാഴ്ചയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്ന ഒന്നാണ് വടക്കന്‍ ചിലെയിലെ ആന്‍ഡീസ് പര്‍വത നിരകളില്‍, 3700 മീറ്റര്‍ ഉയരത്തിലായി സ്ഥിതിചെയ്യുന്ന ലഗുന റോജ തടാകം. കടുത്ത ചുവന്ന നിറമുള്ള വെള്ളമാണ് ഈ തടാകത്തില്‍ നിറയെ. രക്തം നിറച്ചു വച്ചതാണോ എന്ന് തോന്നിപ്പോകും വിധത്തിലുള്ള അദ്ഭുതകരമായ ചുവപ്പു നിറമാണ് ഈ വെള്ളത്തിനുള്ളത്.

2009- നു ശേഷമാണ് ഈ തടാകത്തെക്കുറിച്ച് ലോകമറിഞ്ഞു തുടങ്ങിയത്. പ്രദേശവാസികളായ അയ്മാറ ഗോത്രക്കാര്‍ വളരെ രഹസ്യമായി സംരക്ഷിച്ചു പോരുകയായിരുന്നു ഇവിടം. 'ചുവന്ന കടല്‍' എന്നാണ് അവര്‍ ഈ തടാകത്തിനു നല്‍കിയ ഓമനപ്പേര്. തടാകത്തിലെ ജലത്തിന്‍റെ അസാധാരണമായ നിറവുമായി ബന്ധപ്പെട്ട് അവര്‍ക്ക് ധാരാളം വിശ്വാസങ്ങളുണ്ട്. ഇതിനുള്ളില്‍ ഒരു ചെകുത്താന്‍ വസിക്കുന്നതായി അവര്‍ വിശ്വസിക്കുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ട നിരവധി ആളുകള്‍ ഈ വെള്ളം കുടിച്ച് മരണപ്പെടുകയും കുറേപ്പേരെ തടാകത്തില്‍ കാണാതാവുകയും ചെയ്തിരുന്നു. 

തടാകത്തിന്‍റെ ആഴം ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല. ചില സമയങ്ങളില്‍ 50°C വരെ ഇതിനുള്ളിലെ ജലത്തിന്‍റെ താപനില ഉയരാറുണ്ട്. വെള്ളത്തില്‍ വസിക്കുന്ന പ്രത്യേക തരം ആല്‍ഗകളാണ് ചുവന്ന നിറത്തിന് കാരണം എന്ന് ഗവേഷകര്‍ പറയുന്നു. 

മരുഭൂമിക്ക് സമാനമായ വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്തുള്ളത്. എന്നാല്‍ താപനില പരമാവധി 18 ° C വരെയേ പോകാറുള്ളൂ. കാമറോൺസ് മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് ലഗുന റോജ. ഇവിടേക്ക് എത്തിച്ചേരാന്‍ പൊതുഗതാഗത മാര്‍ഗങ്ങളില്ല. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്കെത്താന്‍ അരിക്കയിൽ നിന്നും നിരവധി ഏജൻസികള്‍ ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പോകും മുന്‍പ് വെള്ളം കയ്യില്‍ കരുതാനും മാലിന്യങ്ങള്‍ വഴിയിലെങ്ങും കളയാതിരിക്കാനും ടൂര്‍ കമ്പനികള്‍ സഞ്ചാരികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കാറുണ്ട്.

ചുവപ്പന്‍ തടാകത്തിനരികെയായി പച്ചയും മഞ്ഞയും നിറങ്ങളിലുള്ള വെള്ളം നിറഞ്ഞ മറ്റു രണ്ടു തടാകങ്ങള്‍ കൂടിയുണ്ട്. ഇത്തരം അദ്ഭുതങ്ങള്‍ ഈ സ്ഥലത്തിന് നിഗൂഡമായ ഒരു അഭൗമ സൗന്ദര്യം പകര്‍ന്നു നല്‍കുന്നു. സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.  സഞ്ചാരികള്‍ക്ക് അടുത്തുള്ള ഇക്വിക്, കാമിയ പോലുള്ള പട്ടണങ്ങൾ സന്ദർശിച്ച് അയ്മാറ സംസ്കാരത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കാഴ്ചകളും കാണാം. 

English Summary: Laguna Roja Natural Wonder in Chile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com