ADVERTISEMENT

ഇറ്റലിയിലെ ഗാര്‍ഗാനോ പെനിന്‍സുലയ്ക്ക് വടക്കായി അഡ്രിയാറ്റിക്‌ സമുദ്രത്തിലുള്ള മനോഹരമായ ദ്വീപുസമൂഹമാണ് ഐസോള്‍ ട്രെമിറ്റി. ഗാര്‍ഗാനോ നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമായ ഇവിടം ഇറ്റലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. പതിനായിരക്കണക്കിന് സഞ്ചാരികളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടം സന്ദര്‍ശിക്കാന്‍ വര്‍ഷംതോറും എത്തുന്നത്. 

ഡൈവിങ്ങിനും സ്നോർക്കെല്ലിങ്ങിനും സ്കൂബ ഡൈവിങ്ങിനും അനുയോജ്യമായ തെളിഞ്ഞ വെള്ളമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇവിടം സമുദ്രസാഹസിക വിനോദ പ്രേമികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. മോട്ടോർ വാഹനങ്ങളുടെ അഭാവമാണ് ഈ ദ്വീപുകളെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം.

ദ്വീപുകളിൽ ഏറ്റവും വികസിതമായത് സാൻ ഡൊമിനോയാണ്. മനോഹരമായ തീരപ്രദേശത്തു കൂടി നടക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. ചുറ്റിക്കറങ്ങാന്‍ സൈക്കിളുകള്‍ വാടകയ്ക്ക് കൊടുക്കുന്ന സംവിധാനവുമുണ്ട്. കാലാ അരീനയിലെ മണല്‍ ബീച്ചും ഏറെ ജനപ്രിയമാണ്. സുഗന്ധമുള്ള അലപ്പോ പൈൻ മരങ്ങളും സസ്യജാലങ്ങളുടെ സമൃദ്ധിയും ഇവിടുത്തെ യാത്രാനുഭവം കൂടുതല്‍ ഹൃദ്യമാക്കുന്നു. 

Tremiti-Islands1
By maudanros/shutterstock

സാൻ ഡൊമിനോയിലെ കാലാ മാറ്റാനോയ്ക്കടുത്തായി ആനയുടെ ആകൃതിയില്‍ കാണുന്ന 'ദ എലിഫന്റ്' എന്നു പേരുള്ള 20 മീറ്റർ ഉയരമുള്ള വലിയ പാറയും അദ്ഭുതകരമായ കാഴ്ചയാണ്. കടലില്‍ നിന്നും വെള്ളം കുടിക്കുന്ന ആനയുടെ തലയാണ് ഈ പാറ കണ്ടാല്‍ ഓര്‍മ വരിക. സ്ഫടികം പോലെ തെളിഞ്ഞ ജലത്തിനടിയില്‍ മത്സ്യങ്ങള്‍ നീന്തുന്ന 'കേവ് ഓഫ് സ്വാലോസ്', കടലിനടിയില്‍ 24 മീറ്റർ താഴെയായി പൊട്ടിത്തകര്‍ന്ന ഒരു റോമൻ കപ്പൽ അവശിഷ്ടങ്ങള്‍ കാണാനാവുന്ന കാല സിയോ സിസേര്‍ എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. 

ഇറ്റലിയിലെ ഫോഗ്ജിയ പ്രവിശ്യയിലെ ടെർമോലി തുറമുഖത്ത് നിന്ന് ഒരു മണിക്കൂർ കടത്തുവള്ളത്തില്‍ യാത്ര ചെയ്താണ് ഐസോൾ ട്രെമിറ്റിയില്‍ എത്തുന്നത്. 'അഡ്രിയാറ്റിക് മുത്തുകൾ' എന്ന് വിളിക്കപ്പെടുന്ന അഞ്ച് ദ്വീപുകൾ ചേർന്നതാണ് ഈ ദ്വീപസമൂഹം. കടലിനടിയിലെ ഭൂകമ്പങ്ങള്‍ക്ക് പ്രസിദ്ധമാണ് ഇവിടം. 'ട്രെമിറ്റി' എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ 'ഭൂചലനം' എന്നാണ്. 

നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട് ഈ ദ്വീപുകള്‍ക്ക്. 19 ബിസി - 29 എഡി കാലഘട്ടത്തില്‍, റോമൻ സെനറ്റർ ഡെസിമസ് ജൂനിയസ് സിലാനസുമായി ബന്ധം പുലർത്തിയ ജൂലിയ ദി യംഗറിനെ, മുത്തച്ഛനായ അഗസ്റ്റസ് ചക്രവർത്തി ഈ ദ്വീപുകളില്‍ ഒന്നിലേക്ക് നാടുകടത്തി. കൂടാതെ, റോമൻ ചക്രവർത്തിയായിരുന്ന കാറൽമാൻ തന്‍റെ അമ്മായിയച്ഛന്‍റെ കണ്ണും കൈകാലുകളും ക്രൂരമായി നീക്കം ചെയ്ത ശേഷം ഇവിടെ ഉപേക്ഷിച്ചു എന്നും ചരിത്രം പറയുന്നു. ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകാലത്ത്, രാഷ്ട്രീയ തടവുകാരെയും സ്വവർഗരതി ആരോപിക്കപ്പെടുന്ന പുരുഷന്മാരെയും തടവിലാക്കാൻ ഈ ദ്വീപുകൾ ഉപയോഗിച്ചിരുന്നു.

ദ്വീപുകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും ദ്വീപസമൂഹത്തിന്‍റെ മത-ചരിത്ര കേന്ദ്രവുമാണ് സാൻ നിക്കോള. നിക്കോള എന്ന സന്യാസിയുടെ അവശിഷ്ടങ്ങൾ ഇവിടെയുണ്ടെന്നും അവ നീക്കം ചെയ്യാന്‍ തുനിഞ്ഞാല്‍ കൊടുങ്കാറ്റടിക്കുമെന്നും ഒരു വിശ്വാസം ഇവിടെ നിലനില്‍ക്കുന്നുണ്ട്. 42 ഹെക്ടർ വിസ്തൃതിയുള്ള ദ്വീപിനെ പ്രകൃതിദത്തമായ ഒരു ഓപ്പൺ എയർ മ്യൂസിയമായി കണക്കാക്കുന്നു. സാന്താ മരിയ എ മാരെയിലെ മനോഹരമായ പള്ളിയും ഗോപുരങ്ങളും സ്മാരകങ്ങളുമെല്ലാം ഇവിടെ കാണാവുന്ന കാഴ്ചകളാണ്. ക്രെറ്റാസിയോ, കാപ്രിയ, പിയാനോസ എന്നിവയാണ് മറ്റു മൂന്നു ദ്വീപുകള്‍.

English Summary: Tremiti Islands, Tourist Attraction in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com