ADVERTISEMENT

കൊറോണ വൈറസ് ലോകത്തിന്‍റെ ഗതി തന്നെ മാറ്റി മറിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളെല്ലാവരും കടന്നുപോകുന്നത്. എല്ലാ മേഖലകളിലും മാറ്റം വന്നു. പഴയതുപോലെ ഇനിയെന്ന് യാത്ര ചെയ്യാനാവും എന്ന കാര്യം ആര്‍ക്കുമറിയില്ല. എന്നാല്‍ ഈ ബഹളങ്ങള്‍ക്കിടയിലും മാറാത്ത ഒന്നുണ്ട്; ഇറ്റലിയിലെ 1 യൂറോ വിലയുള്ള വീടുകള്‍! (89.87ഇന്ത്യൻ രൂപ)ഇപ്പോഴിതാ തുച്ഛമായ വിലയില്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഇറ്റലിയിലെ മറ്റൊരു പട്ടണം.

എറ്റ്ന പർവതത്തിന്‍റെ വടക്കൻ ചരിവില്‍ സ്ഥിതിചെയ്യുന്ന കാസ്റ്റിഗ്ലിയോൺ ഡി സിസിലിയ്ക്ക് ചുറ്റും അതിമനോഹരമായ പ്രദേശമാണ്. അൽകന്റാര താഴ്‌വരയും നിരവധി അരുവികളും കുളങ്ങൾ, വെള്ളച്ചാട്ടങ്ങള്‍ എന്നിവയും ഒലിവ്, ഓറഞ്ച് തോട്ടങ്ങളും വൈൻ എസ്റ്റേറ്റുകളുമെല്ലാം ചേര്‍ന്ന് സ്വര്‍ഗമനോഹരമാണ് ഇവിടം. കൂടാതെ നിരവധി സുന്ദരമായ ബീച്ചുകളും ഈ പട്ടണത്തിലുണ്ട്.

സിസിലിയിലുള്ള 'കാസ്റ്റിഗ്ലിയോൺ ഡി സിസിലിയ'യിലാണ് ഇപ്പോള്‍ ഈ അപൂര്‍വ അവസരമുള്ളത്. ചിക് ടോർമിനയ്ക്കടുത്തുള്ള എറ്റ്ന പർവതത്തിന്‍റെ ചരിവിലും സിസിലിയിലെ കിഴക്കൻ കടൽത്തീരങ്ങളിലുമുള്ള വീടുകളാണ് വില്‍പ്പനയ്ക്കായി ഒരുങ്ങുന്നത്. ഈ പ്രദേശത്തുള്ള ഉപേക്ഷിക്കപ്പെട്ട ഏകദേശം 900 വീടുകള്‍ ഇപ്പോള്‍ വാങ്ങാം.

മിക്ക വീടുകളും പട്ടണത്തിന്‍റെ പുരാതനമായ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഇവയില്‍ പകുതിയോളം നശിച്ച നിലയിലാണ്. ഈ വീടുകളാണ് ഒരു യൂറോ നിരക്കില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. മെച്ചപ്പെട്ട അവസ്ഥയിലുള്ള ബാക്കി വീടുകളുടെ വില 4,000-5,000 യൂറോ മുതല്‍ ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഇവ വാങ്ങാം. ഇവയ്ക്ക് അധികം അറ്റകുറ്റപ്പണികള്‍ വേണ്ടിവരില്ല.

1900 കളുടെ തുടക്കത്തിൽ ഈ പ്രദേശത്തെ ജനസംഖ്യ 14,000 ആയിരുന്നു, ഇന്നത് 3,000 ആയി ചുരുങ്ങി. ഈ പട്ടണത്തിന് പുതുജീവൻ പകരാനുള്ള മഹത്തായ പദ്ധതി എന്ന നിലയിലാണ് നഗരത്തിന്‍റെ മേയർ അന്റോണിനോ കമാർഡ ഇതിനു നേതൃത്വം നല്‍കുന്നത്. നവോത്ഥാന കാലഘട്ടത്തോളം പഴക്കമുള്ള ചരിത്രമുള്ള നഗരമാണിത്‌. തനതായ വാസ്തുവിദ്യാ പാരമ്പര്യം പിന്തുടരുന്നതിനാല്‍ ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് അതുല്യമായ സൗന്ദര്യമുണ്ട്. പഴമയും പാരമ്പര്യവും കൈകോര്‍ക്കുന്ന നിര്‍മ്മിതികള്‍ മാത്രമല്ല, പ്രകൃതിമനോഹാരിതയും ഇവിടത്തെ വലിയൊരു പ്രത്യേകതയാണ്.  

മാപ്പുകളും ലാൻഡ് രജിസ്ട്രി ഡാറ്റയും അടിസ്ഥാനമാക്കിയാണ് ഓരോ വീടിനും വില നിശ്ചയിച്ചിട്ടുള്ളത്. ഒരേ വീടിന് ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ലേലം നടക്കും. 2021 മാർച്ചിൽ ആരംഭിച്ച ഈ പദ്ധതി ഇത്തരത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണ്.

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ,തങ്ങൾ ഏതുതരം വീടാണ് ആഗ്രഹിക്കുന്നതെന്നും അത് എങ്ങനെയാണ് പുതുക്കിപ്പണിയാന്‍ ഉദ്ദേശിക്കുന്നത് എന്നതും സംബന്ധിച്ച വിശദമായ പ്ലാനുമായി അധികൃതരെ ബന്ധപ്പെടണം. കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. വാങ്ങിയ വീടുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഉടമകള്‍ നവീകരിക്കണം. മാത്രമല്ല, ഏതെങ്കിലും ബാങ്കില്‍ നിന്നും 4,000 യൂറോയുടെ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. ലോകമെങ്ങു നിന്നുമുള്ള നിക്ഷേപകരില്‍ നിന്നും ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മേയര്‍ പറയുന്നു.

ഇറ്റലിയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സിസിലിയിൽ പ്രാദേശിക നികുതി കുറവാണ്. വീടുകൾ പരിസ്ഥിതി സൗഹൃദപരമാക്കുന്ന തരത്തിലുള്ള നവീകരണത്തിനായി 110% നികുതി ക്രെഡിറ്റുകൾ ഒഴിവാക്കുന്ന, ഇറ്റാലിയൻ സർക്കാരിന്‍റെ "സൂപ്പർബോണസ്" പദ്ധതിയും വാങ്ങുന്നവർക്ക് പ്രയോജനപ്പെടുത്താം.

English Summary: Castiglione di Sicilia one Euro House Itali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com