റോളര്‍കോസ്റ്റര്‍ കേടായി; 200 അടി ഉയരത്തില്‍ കുടുങ്ങി യാത്രക്കാർ: വിഡിയോ

Roller-coaster
Image From Facebook
SHARE

ആകാശത്ത് കറങ്ങുന്ന റോളര്‍കോസ്റ്ററുകളില്‍ കയറി എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? ഒരേ സമയം ത്രില്ലടിപ്പിക്കുന്നതും എന്നാല്‍ പേടിപ്പെടുത്തുന്നത്തുന്നതുമായ അനുഭവമാണത്. കറക്കത്തിനിടെ വായുവില്‍ റോളര്‍കോസ്റ്റര്‍ നിന്നുപോയാലോ? താഴേക്കിറങ്ങാന്‍ എന്തു പാടായിരിക്കും, അല്ലേ? അത്തരമൊരു അനുഭവമാണ് കഴിഞ്ഞയാഴ്ച യുകെയിലെ ഏറ്റവും വലിയ റോളര്‍കോസ്റ്ററില്‍ കയറിയ യാത്രക്കാര്‍ക്കുണ്ടായത്.

യാത്രക്കാരുമായി നന്നായി കറങ്ങിക്കൊണ്ടിരുന്ന റോളര്‍കോസ്റ്റര്‍ 200 അടി ഉയരത്തില്‍ വച്ച് കേടായി. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട് റൈഡ് നിര്‍ത്തുകയും കുടുങ്ങിപ്പോയ യാത്രികരെ സുരക്ഷിതമായി താഴെ എത്തിക്കുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഉച്ചയോടെ റോളര്‍കോസ്റ്റര്‍ വീണ്ടും യാത്രക്ക് സജ്ജമായി. ഇതുമായി ബന്ധപ്പെട്ട വി ഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലെങ്ങും വൈറലായി.

യുകെയിലെ ലങ്കാഷയറിലുള്ള ബ്ലാക്ക്പൂള്‍ പ്ലെഷര്‍ ബീച്ച് തീംപാര്‍ക്കിലുള്ള 'ദി ബിഗ്‌ വണ്‍' എന്ന് പേരുള്ള ഭീമന്‍ റോളര്‍കോസ്റ്ററാണ് കേടായത്. 1994- ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇത് രണ്ടുവര്‍ഷത്തോളം, ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റോളര്‍കോസ്റ്റര്‍ എന്ന ബഹുമതി നിലനിര്‍ത്തിയിരുന്നു. മേയ് 2005 മുതല്‍ അമേരിക്കയിലെ സിക്സ് ഫ്ലാഗ്സ് ഗ്രേറ്റ് അഡ്വഞ്ചര്‍ പാര്‍ക്കിലുള്ള 'കിംഗ് ഡ കാ' ആണ് ലോകത്തെ ഏറ്റവും ഉയരമുള്ള റോളര്‍കോസ്റ്റര്‍. 456 അടിയാണ് ഇതിന്‍റെ ഉയരം.

ഇന്ന് യുകെയിലെ ഏറ്റവും ഉയരമുള്ള റോളര്‍കോസ്റ്ററാണ് ദി ബിഗ്‌ വണ്‍, 213 അടി ആണ് ഇതിന്‍റെ ഉയരം. കഴിഞ്ഞ 125 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്പൂള്‍ പ്ലെഷര്‍ ബീച്ച് തീംപാര്‍ക്കിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. റോണ്‍ ടൂമര്‍ രൂപകല്‍പ്പന ചെയ്ത ഈ റോളര്‍കോസ്റ്റര്‍ ആദ്യം അറിയപ്പെട്ടിരുന്നത് 'പെപ്സി മാക്സ് ബിഗ്‌ വണ്‍' എന്നായിരുന്നു.

ഇതാദ്യമായല്ല ഈ റോളര്‍കോസ്റ്ററില്‍ അപകടം ഉണ്ടാകുന്നത്. ഉദ്ഘാടന സമയത്ത്, കമ്പ്യൂട്ടറില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം ഉണ്ടായ അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഏപ്രില്‍ പന്ത്രണ്ടിനാണ് ബ്ലാക്ക്പൂള്‍ പ്ലെഷര്‍ ബീച്ച് തീംപാര്‍ക്ക് വീണ്ടും തുറന്നത്. യു.കെയിലെ ഒരു ഐക്കോണിക് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇവിടം. ഏറ്റവും കൂടുതല്‍ വുഡന്‍ റോളര്‍കോസ്റ്റര്‍ ഉള്ള തീം പാര്‍ക്ക് എന്ന ബഹുമതി കൂടി ഈ പാര്‍ക്കിനുണ്ട്.

English Summary: Roller coaster breaks mid-ride in UK park

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA