അസീസയുടെ ഈ മൗനം ലോകത്തിനുള്ള സമ്മാനം

travel-azer1
SHARE

പ്രക‍ൃതിയിലേക്ക് മടങ്ങാനുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിവാഞ്ഛയാണ് അസീസയെന്ന നാട്ടുമ്പുറത്തുകാരി വീട്ടമ്മയെ ലോകപ്രശസ്തയാക്കിയത്. പാടത്തും പറമ്പിലും കറങ്ങിനടന്ന്, കോഴിയെയും താറാവിനെയും പശുക്കളെയും താലോലിച്ച്, ബീൻസും പച്ചക്കറിയും തൊടിയിൽ നിന്നു നേരിട്ടു പറിച്ചെടുത്ത് അടുക്കളയിലെത്തിക്കുന്ന അസീസ. കുടിലിന് തെല്ലു മുകളിൽ മാത്രം പെടുത്താവുന്ന, എന്നാൽ അതീവഭംഗിയുള്ള വീട്ടിന്റെ മുറ്റത്തിരുന്നു ഭക്ഷണം പാകം ചെയ്ത് ഭർത്താവിനും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമിരുന്നു കഴിക്കുന്ന നമ്മളിലൊരാൾ. ദേശഭാഷാന്തരങ്ങളില്ലാത്ത പച്ചയായ മനുഷ്യജീവന്റെ പ്രതിനിധിയാണ് അറുപതുകൾ പിന്നിട്ട ഈ തനി ഗ്രാമീണ വനിത.

അസർബയ്ജാനിലെ ഗ്രാമീണ ഭംഗി

ഏഷ്യയും യൂറോപ്പും സമം ചേരുന്ന പഴയ സോവിയറ്റ് റഷ്യയിലെ അസർബയ്ജാനിലാണ് കഥ. അതിമനോഹരമായ കാരക്കാസ് കുന്നുകളുടെ മടിത്തട്ടിലെ സുന്ദരമായ ഗ്രാമത്തിലെ വീട്ടമ്മയാണ് അസീസ. പൂർണനാമം അസീസ റാമിഖനോവ.

മഞ്ഞു കാലത്ത് സമൃദ്ധമായ വെണ്മ കൊണ്ടും വസന്തത്തിൽ മനോഹരമായ കടുംനിറത്തിലുള്ള പൂക്കളും മരങ്ങളും കൊണ്ടും, പ്രകൃതി മനോഹര ചിത്രങ്ങൾ വരയ്ക്കുന്ന ലാസ എന്ന ഗ്രാമം. അസീസയും ഭർത്താവും മക്കളും കൊച്ചുമക്കളും ഭർതൃ മാതാവുമടങ്ങുന്ന വലിയ കുടുംബം. ചെറിയൊരു വീട്. മുകളിൽ പുല്ലുപാകി തൂവെള്ള നിറമുള്ള ഭിത്തികളും കടും പച്ച പൂശിയ വാതിലും ജനാലകളുമുള്ള, പൂച്ചെടികളുടെ സമൃദ്ധികൊണ്ടലംകൃതമായ വീട്; പിക്ചർ പെർഫെക്ട്.

T2
Rocks above Laza village in Caucasus mountains, Azerbaijan

ചെറിയൊരു വരാന്ത. രാവിലെ പുരയ്ക്കകത്തു നിന്നു വരാന്തയിൽ പിടിച്ചിടുന്ന ചെറുമേശയിലാണ് ഭൂരിപക്ഷം സീനുകളും. വേലി കെട്ടിത്തിരിച്ച തൊടിയിലും വേലിക്കു പുറത്തേക്കുമൊക്കെ വല്ലപ്പോഴുമൊക്കെ അസീസ പാചകത്തിന്റെ പുതു ലോകവും രുചികളും കണ്ടെത്താനായി ശ്രമിക്കാറുണ്ട്.

ഗ്രാമീണ ജീവിതം ചലച്ചിത്രമായപ്പോൾ

കൺട്രി ലൈഫ് വ്ലോഗ്. അസീസയുടെ വ്ലോഗിനും യൂ ട്യൂബ് ചാനലിനും നൽകിയിരിക്കുന്ന പേരതാണ്. ഭക്ഷണം പാകം ചെയ്യലാണ് യഥാർത്ഥ ദൗത്യമെങ്കിലും ഗ്രാമീണ ജീവിതവും നമുക്ക് കണ്ടു പഠിക്കാം. ട്രാക്ടറിനു പിന്നിലെ ട്രെയ്​ലറിൽ ചാടിക്കയറി, കുശ്രുതി കാട്ടുന്ന കൊച്ചു മകനെ കരുതലോടെ കയ്യിലൊതുക്കി കാബേജ് കൊയ്തിനു പോകുന്ന റോൾ മുതൽ താറാവു കുഞ്ഞുങ്ങളെ കുളത്തിൽ എങ്ങനെ ഇറക്കിവിടണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നതു വരെ സീനുകളിലുണ്ട്.

തേനീച്ച വളർത്തി തേൻ വിൽക്കുന്നതും പശുക്കളെ തലോടിതാലോലിച്ച് സ്നേഹത്തോടെ പാൽ കറന്നെടുക്കുന്നതും കണ്ടാൽ കേരളത്തിലെ ഏതോ വീട്ടമ്മയുടെ ദിനചര്യകൾ ഓർമ വന്നേക്കാം. ഗ്രാമത്തിലെ ഏറ്റവും മികച്ച പാചകക്കാരിയാണ് അസീസ. നാട്ടിലെ വിവാഹസദ്യകളിൽ അസീസയുടെ ഒരു വിഭവമെങ്കിലും കാണും. അതു കഴിക്കാൻ പൊതുവെ പിടിച്ചുപറിയാണത്രെ.

Saj-cooked chicken with vegetables

ജീവിച്ചു ജീവിച്ചൊരു വ്ലോഗ്

കഥയല്ല, ജീവിതമാണ് അസീസയും ഭർത്താവും മുഖ്യവേഷമിടുന്ന വ്ലോഗ് സീരീസിലെ കാതൽ. ഏതാനും മാസങ്ങൾ കൊണ്ട് 15 ലക്ഷം കാഴ്ചക്കാരും കോടിക്കണക്കിനു വിഡിയോ കാഴ്ചയും ഈ നൈർമല്യത്തിന്റെ വിജയത്തിനു നേരേ പിടിച്ചകണ്ണാടിയാണ്. 

രാവിലെ ഭർത്താവ് മരത്തടി വെട്ടി വിറകൊരുക്കും. പിന്നെ അടുപ്പു കൂട്ടൽ. മുറ്റത്ത് മൂന്ന് അടുപ്പുകളുണ്ട്. വെള്ളം ചൂടാക്കാൻ ഇരുമ്പ് ജഗ് കമ്പിൽ തൂക്കിയിട്ട് തീ കത്തിക്കുന്ന ഒരടുപ്പ്. ഇത് രാവിലെമുതൽ വെള്ളം ചൂടാക്കിക്കൊണ്ടിരിക്കും. മഞ്ഞിലും വെയിലത്തും പരമാവധി നേരം ഈ അടുപ്പ് കത്തിക്കൊണ്ടേയിരിക്കും. രണ്ടാമത്തെ അടുപ്പ് ഭക്ഷണം പാകം ചെയ്യാനുള്ള പ്രധാന അടുപ്പാണ്. ഇത് മുന്നു കല്ലു കൂട്ടി വിറകിട്ടു കത്തിക്കുന്ന തരം അടുപ്പാണ്. ആവശ്യാനുസരണം തീ കൊടുക്കും. 

അടുപ്പിനു മുകളിൽ സദാ കാണുന്ന മധ്യം കുഴിഞ്ഞ ചീനച്ചട്ടിപോലുള്ള പാത്രം ചരിത്രത്തിൽ നിന്നെത്തിയതാണ്. സാജ് എന്നാണ് ഈ പാത്രം അറിയപ്പെടുന്നത്. അസർ ബയ്​ജാനികളുടെ നോർമാഡിക് പാരമ്പര്യത്തിൽ നിന്നുവന്നത്. വറുക്കാനും പൊരിക്കാനും വേവിക്കാനും കറിവയ്ക്കാനുമൊക്കെ പറ്റുന്ന പാത്രം. പാകം ചെയ്യാനും വെള്ളം ചൂടാക്കാനുമൊക്കെ പണ്ട് നമ്മുടെ നാട്ടിൽ ധാരാളമായുണ്ടായിരുന്ന ഇനാമൽ പൂശിയ ലോഹ പാത്രങ്ങൾ.

travel-azer

മൂന്നാമത്തെ അടുപ്പ് മണ്ണു കൊണ്ടുള്ള ബോർമ. ഇതും ആവശ്യാനുസരണം ബേക്കിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. മരം തന്നെ ഇന്ധനം. വല്ലപ്പോഴുമെത്തുന്ന നാലാമത്തെ അടുപ്പ് പോർട്ടബിളാണ്. ഒരു ഇരുമ്പ് ബക്കറ്റ്. അതിലും മരക്കൊള്ളികൾ ഇല്ലു തീ കൊടുക്കാം.

ഗതികേടാണു ഭായ് ഈ വ്ലോഗ്...

അസീസയുടെ മകന്റെ ഗതികേടാണ് ഈ മനോഹര ലോകവും അവിടുത്തെ നിഷ്കളങ്കരായ മനുഷ്യരും വ്ലോഗ് രൂപത്തിൽ ലോകത്തെത്താൻ കാരണം. ശാസ്ത്രീയമായി പാചകം പഠിച്ചിട്ടുള്ള മകൻ അമിരാ സലാൻ റാമിഖനോവ് അസർബയ്ജാൻ തലസ്ഥാനമായ ബാക്കുവിലുള്ള ഒരു പ്രമുഖ റസ്റ്റൊറൻറിലെ ഷെഫ് ആയിരുന്നു. കോവിഡ് കടയടപ്പിച്ചതോടെ ഗതിയില്ലാതെ വീട്ടിലെത്തിയ അമിരാ സലാൻറെ ബുദ്ധിയാണ് കൺട്രി ലൈഫ് വ്ലോഗ്.

T3

ഒരു സീനിൽപ്പോലും പ്രത്യക്ഷപ്പെടാത്ത അദ്ദഹത്തിന്റെ ലക്ഷ്യം വെറുതെയിരിക്കുന്ന സമയം അസർബയ്ജാൻ പാരമ്പര്യരുചികൾ ലോകത്തിനു കൂടി നൽകുക. സംഭവം വിചാരിച്ചതിലും ക്ലിക്കായതിനു പിന്നിൽ അമ്മയുടെയും അച്ഛന്റെയും സ്വാഭാവിക അഭിനയം തന്നെ. ഒപ്പം ആ നാടിന്റെ നൈസർഗിക സൗന്ദര്യവും. ഇടയ്ക്കൊക്കെ മക്കളും വലിയമ്മയും വ്ലോഗിൽ ജീവിതം ‘അഭിനയിക്കും’.

ആഴ്ചയിൽ രണ്ടു വിഡിയോ എന്നതാണ് കണക്ക്. കാമറയും എഡിറ്റിങ്ങും എല്ലാം അമിരസലാൻ. ഷൂട്ടിങ്ങിൽ കാണുന്ന വീട്ടിലല്ല സ്ഥിര താമസം. ഈ ചെറു വീട് കൃഷിയിടത്തിലുള്ള വിശ്രമ കേന്ദ്രമാണ്. ഷോട്ടുകൾ ഗ്രാമീണതനിമ ലഭിക്കാൻ ഈ വീട് ലൊക്കേഷനാക്കി. പരമ്പരാഗത അസർബയ്ജാൻ വീടുകളുടെ തനിപ്പകർപ്പാണ് ഈ വീട്.

അസീസയുടെ കത്തിയും ഭർത്താവിന്റെ മൗനവും

laza-village-3
Mountain view on village Laza in Azerbaijan,

മൗനമാണ് ഈ വ്ലോഗിന്റെ ശക്തി. കഥാപാത്രങ്ങൾ മിണ്ടുന്നില്ല. മൗനം പക്ഷെ വാചാലം. രാവിലെ മുറ്റം തൂക്കുന്നു. മരം മുറിച്ച് കഷ്ണങ്ങളാക്കുന്നു. അടുപ്പിനു തീ കൊളുത്തുന്നു. ഇറച്ചിയും മീനും പച്ചക്കറിയും നുറുക്കുന്നു. കത്തിയാണ് ഒരു മുഖ്യ കഥാപാത്രം. വലിയൊരു കത്തി. പലക പോലെയുണ്ട്. പോരാത്തതിന് പിൻവശം ചീങ്കണ്ണിയുടെ പുറം പോലെ. ഈ കത്തി കൊണ്ടാണ് പണി മുഴുവൻ, ഇറച്ചി വെട്ടു മുതൽ വെളുത്തുള്ളി ചതയ്ക്കുന്നതു വരെ.

laza-village-azerbaijan

ഇടയ്ക്കു മടുക്കുമ്പോൾ അടുപ്പിലെ തിളയ്ക്കുന്ന ജഗിൽ നിന്നു തെല്ലു ചൂടുവെള്ളമെടുത്ത് ഉണക്കിയ റോസാ പൂ നിറച്ച പാനിയം വിളമ്പുന്നത് ഭാര്യയല്ല, ഭർത്താവാണ്. മരം കഷ്ണങ്ങളാക്കുന്നത് പുരുഷന്റെ ജോലിയാണെങ്കിലുംവല്ലപ്പോഴുമൊക്കെ ഈ ദൗത്യം അസീസ ഭർത്താവിനെ വെല്ലുന്ന രീതിയിൽ ചെയ്യുന്നതു കാണാം. മഴു കൊണ്ട് ഒറ്റക്കൊത്തിന് മരം പാളികളായി വീഴുന്നത് കാണാനൊരു ചന്തമുണ്ട്. ഭക്ഷണം കഴിക്കാൻ മാത്രമല്ല, എല്ലായ്പ്പോഴും ഭാര്യയ്ക്ക് കൈത്താങ്ങായി ഭർത്താവുണ്ട്.

പരമ്പരാഗതമായി കർഷകരാണ് ഈ കുടുംബം. ആടുമാടുകളെ പോറ്റുന്നതും ക്യാബേജ് കൃഷി നടത്തുന്നതും കപ്പ പറിക്കുംപോലെ ഉരുളക്കിഴങ്ങ് വിളവെടുക്കുന്നതുമൊക്കെ വ്ലോഗിൽ കാണുന്നത് അതുകൊണ്ടാണ്. അതവരുടെ ജീവിതരീതിയാണ്, അഭിനയമല്ല.

T1

ഇറച്ചി, ഇറച്ചി, ഇറച്ചി... പിന്നെ ധാരാളം പച്ചക്കറി

ഇറച്ചിയാണ് മുഖ്യം. തണുത്ത കാലാവസ്ഥയിൽ അവശ്യം വേണ്ട ഭക്ഷണം. മാടും ആടും കോഴിയും എല്ലാമുണ്ട്. വല്ലപ്പോഴും മീനും. പന്നി ഇല്ല. ഇസ്ലാമിക വിശ്വാസികളാവണം. പൊതുവെ ഒലിവ് ഓയിലിലാണ് വറുക്കലെങ്കിലുംഇറച്ചി ചിലപ്പോഴൊക്കെ വറുക്കുന്നത് ഇറച്ചിയുടെ നെയ്യിൽത്തന്നെ. ആടിന്റെ നെയ്യ് നുറുക്കി ചൂടാക്കി അതിൽ പാകം ചെയ്ത ധാരാളം വിഭവങ്ങളുണ്ട്. ചേരുവകൾ ഇവിടെയും കിട്ടും എന്നതിനാൽ പല വിഭവങ്ങളും നാട്ടിൽ പരീക്ഷിക്കാവുന്നതേയുള്ളൂ.

laza-village-azerbaijan1
Surrounded by mountains in the Laza village

പലതരം റൊട്ടികളും മറ്റുമുണ്ടെങ്കിലും ബിരിയാണിക്കു സമമുള്ള റൈസ് വിഭവങ്ങളുമുണ്ട്. എല്ലാത്തിലും സാലഡായും അല്ലാതെയും നല്ല തോട്ടത്തിൽ നിന്നു പറിച്ചെടുത്ത ഫ്രഷ് പച്ചക്കറികൾ ധാരാളം. ആവശ്യത്തിനു കുരുമുളകും പച്ചമുളകും ഉണക്ക മുളകും മഞ്ഞളുമൊക്കെ ചേർക്കുന്നു. എങ്ങനെ കിട്ടി ഈ ഇന്ത്യൻ അല്ലെങ്കിൽ മലബാർ സ്റ്റൈൽ? അതാണ് കഥയ്ക്കു പിന്നിലെ കഥ. ശാസ്ത്രീയമായി പാചകം പഠിച്ച അമിരാസ്​ലാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങളിലും വിദഗ്ധനാണ്. ഇന്ത്യയിൽ നിന്നുള്ള പാചകവും അദ്ദേഹത്തിനു വശം. മാത്രമല്ല വ്ലോഗിൽ ഇടയ്ക്കൊക്കെ ടർക്കിഷ്, സ്പാനിഷ്, ഡച്ച് വിഭവങ്ങൾ വരുന്നത് അമ്മയുടെ വകയല്ല, മകന്റെ സ്വന്തമാണ്. പാചകം അമ്മയാണെന്നു മാത്രം.

എന്തൊരു ഗ്രാമീണ ഭംഗി, ഒന്നു പോകേണ്ടേ?

ലാസ ഗ്രാമം ഉൾക്കൊള്ളുന്ന ഗുസാർ പ്രവിശ്യ കാരക്കാസ് മലനിരകളിലെ മനോഹര ഗ്രാമമാണ്. ചരിത്ര പ്രാധാന്യമുണ്ട്, ധാരാളം സംരക്ഷിത സ്മാരകങ്ങളും ഇവിടെയുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ അനിഗോഫ് ഗ്രാമീണകോട്ട, ഷേഖ് ജുനൈദിന്റെ കൊട്ടാരം പഴയ മോസ്കുകൾ എന്നിവ ചരിത്രശേഷിപ്പുകൾ. പ്രകൃതി ഭംഗിക്കു പുറമെ ലാസയിലെ 300 കൊല്ലത്തിലധികം പഴക്കമുള്ള മോസ്കും വെള്ളച്ചാട്ടങ്ങളും കാണാം. കലർപ്പില്ലാത്ത ഭക്ഷണം കഴിക്കാം. ശുദ്ധവായും ശ്വസിക്കാം.

Laza-Village-Azerbaijan5

കോവിഡ് ഒഴിയുമ്പോൾ ഇങ്ങോട്ടേക്ക് ഒരു സന്ദർശനമാവാം. ദുബായ് വഴി വലിയ ചിലവില്ലാതെ ബാക്കുവിലെത്തി അവിടെ നിന്ന് ഏതെങ്കിലും ടൂർ ഓപ്പറേറ്റർമാർ വഴി എത്തിപ്പെടാം. എല്ലാം മറന്ന് ഏതാനും ദിനങ്ങളോ, ആഴ്ചകളോ ഇവിടെയാകാം... ചിലവും താരതമ്യേന കുറവാണ്.

English Summary: Cooking the Azerbaijani Way, story of country life vlog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA