50 സ്ഥിര താമസക്കാരെ തേടി സ്കോട്ടിഷ് ദ്വീപ്‌: കോവിഡ് പേടിയും വേണ്ട

ulva-island-scotland1
By robert f cooke/shutterstock
SHARE

കോവിഡ് മഹാമാരിയുടെ ആരംഭത്തോടെ, ലോകത്തെ വിസ്മരിക്കപ്പെട്ട വിദൂര ദ്വീപുകള്‍ക്കെല്ലാം നല്ല കാലമാണ്. മനുഷ്യ സമ്പര്‍ക്കമില്ലാതെ കഴിയാനാവുന്ന നിരവധി മനോഹര ദ്വീപുകള്‍ കോടീശ്വരന്‍മാര്‍ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. മറ്റു പലയിടങ്ങളിലും റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മിച്ച്, അവ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാന്‍ തുടങ്ങി. യുകെയിലെ അതിസുന്ദരവും എന്നാല്‍ അത്ര പ്രശസ്തമല്ലാത്തതുമായ ഉല്‍വ ദ്വീപും ഇപ്പോള്‍ താമസക്കാരെ തേടുകയാണ്.

നാഗരികതയുടെ അടയാളങ്ങള്‍ ഒന്നും തന്നെയില്ലാത്ത കന്യാഭൂമിയാണ് ഈ ദ്വീപ്‌. കാറുകളോ ഷോപ്പുകളോ ആധുനികത വഴിഞ്ഞൊഴുകുന്ന കെട്ടിടങ്ങളോ ഒന്നും തന്നെ ഇവിടെ നിങ്ങള്‍ക്ക് കാണാനാവില്ല. ഒരിക്കല്‍ അറുനൂറോളം ആളുകള്‍ വസിച്ചിരുന്ന ദ്വീപിലെ ഇന്നത്തെ ജനസംഖ്യയാവട്ടെ വെറും പതിനൊന്നു മാത്രമാണ്.

'വരുംതലമുറക്കായി ദ്വീപിന്‍റെ ഭാവി സുരക്ഷിതമാക്കുക', 'തനിമ നശിപ്പിക്കാതെ സാമൂഹിക സാമ്പത്തിക വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക' എന്നിവ ലക്ഷ്യമിട്ട് 2018-ലാണ് നോർത്ത് വെസ്റ്റ് മുള്ളിൽ നിന്നുള്ളവരും ഇന്ന് ഇവിടെ താമസിക്കുന്നവരുമായ ആളുകള്‍ ഈ പ്രദേശം വാങ്ങിയത്. താമസക്കാരുടെ എണ്ണത്തിൽ അതിനുശേഷം നേരിയ തോതിൽ വര്‍ധനവുണ്ടായി.

ulva-island-scotland
By Coatesy/shutterstock

നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ താമസക്കാർക്കായി ഉപേക്ഷിക്കപ്പെട്ട വീടുകൾ പുതുക്കിപ്പണിയുന്ന നടപടികള്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞു. സ്റ്റോറസ് ഉൽബ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പ്രോജക്റ്റില്‍, ഒരു വിദ്യാഭ്യാസ കേന്ദ്രവും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇലക്ട്രോണിക് മൗണ്ടൻ ബൈക്കുകൾ, ഇ-കാർഗോ ബൈക്കുകൾ എന്നിവ ദ്വീപില്‍ ഉപയോഗിച്ച് തുടങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

ദ്വീപിലേക്ക് 50 ഓളം പുതിയ താമസക്കാര്‍ക്കാണ് ഇപ്പോള്‍ അവസരമുള്ളത്. ദ്വീപില്‍ സ്ഥിരതാമസം നടത്താന്‍ തയ്യാറുള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. കോവിഡിനു മുന്‍പേ നടത്തിയ ഒരു സര്‍വേ പ്രകാരം, 26 രാജ്യങ്ങളിൽ നിന്നുള്ള 500 ഓളം ആളുകൾ ഇതിനു സന്നദ്ധത അറിയിച്ചിരുന്നു. 

താമസക്കാര്‍ ഇല്ലെങ്കിലും ശാന്തത ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ ഇവിടേക്ക് എത്താറുണ്ട്. വര്‍ഷംതോറും ശരാശരി പതിനായിരത്തില്‍ താഴെയാണ് ഇപ്പോള്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം. ആളുകളുടെ ബഹളമില്ലാതെ സമുദ്രവിനോദങ്ങളും മറ്റും ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഇപ്പോള്‍ ഇവിടേക്ക് എത്തിച്ചേരുന്നത്. കൂടാതെ ജൈവവൈവിധ്യമുള്ള പ്രദേശമായതിനാല്‍ പക്ഷിനിരീക്ഷണത്തിനും ഇവിടെ അവസരമുണ്ട്. കടൽ പക്ഷികളുടെ പ്രജനന കേന്ദ്രമാണ് ഇവിടം; മാത്രമല്ല, സീസണ്‍ അനുസരിച്ച് വിവിധ ഇടങ്ങളില്‍ നിന്നും പറന്നെത്തുന്ന ദേശാടനപ്പക്ഷികളെയും കാണാം.

നിലവിലുള്ള താമസക്കാര്‍ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തുകഴിഞ്ഞതിനാല്‍, ഇവിടെയെത്തുന്നവര്‍ എല്ലാവരും കൊറോണ വൈറസില്‍ നിന്നും താരതമ്യേന സുരക്ഷിതരാണ് എന്നൊരു കാര്യം കൂടിയുണ്ട്.  

ഉൽവ ദ്വീപിന് ഏകദേശം 7,500 വർഷത്തെ പഴക്കമുണ്ട്. 800 എ.ഡിയിൽ വൈക്കിംഗുകള്‍ പിടിച്ചടക്കിയ ശേഷം നോഴ്സ് സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു ഇവിടം. വിലയേറിയ നിരവധി ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്‍റെ ചരിത്രഭൂപടത്തില്‍ മൂല്യവത്തായ സ്ഥാനം ഉണ്ടായിരുന്നിട്ടും ഉല്‍വയ്ക്ക് ഇതുവരെ ലോകത്തിനു മുന്നില്‍ അര്‍ഹിക്കുന്ന ഒരു പ്രാധാന്യം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അതിനായുള്ള പോരാട്ടം ആരംഭിക്കുകയാണ് ഈ മനോഹര ദ്വീപ്‌.

English Summary: Ulva Island Scotland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA