ADVERTISEMENT

കാലിഫോര്‍ണിയയിലെ മോണോ കൗണ്ടിയില്‍ രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു മനുഷ്യനിര്‍മിത തടാകമാണ് ക്രൌളി തടാകം. 1941 ൽ ഓവന്‍സ് നദിയില്‍ ലോംങ് വാലി ഡാം നിർമിച്ചപ്പോള്‍ ജലസംഭരണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായാണ് ഈ തടാകം ഉണ്ടാക്കിയത്. കാലിഫോര്‍ണിയയിലെ ഹൈവേ 395- ലൂടെ സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്. അപൂര്‍വമായ കാഴ്ചകളും മനോഹരമായ അനുഭവങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Crowley-Lake
By Purplexsu/shutterstock

ഇവിടുത്തെ അപൂര്‍വ കാഴ്ചയാണ് തടാകത്തിന്‍റെ കിഴക്കന്‍ തീരത്തായി കാണുന്ന വിചിത്രാകൃതിയുള്ള തൂണുകള്‍ പോലെയുള്ള രൂപങ്ങള്‍. ഇരുപതു മീറ്ററിലധികം നീളമുണ്ട് ഇവയില്‍ പലതിനും. കല്ലു കൊണ്ടുള്ള ഏകദേശം അയ്യായിരത്തിലധികം തൂണുകള്‍ ഈ പ്രദേശത്തൊട്ടാകെ കാണാം. ഓരോന്നിനും ഓരോ നിറവും ആകൃതിയുമാണ്. എല്ലാത്തിലും ആയിരക്കണക്കിന് സൂക്ഷ്മമായ സുഷിരങ്ങളും കാണാം. 

ഇവ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ സംബന്ധിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. 2015 വരെ ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഗവേഷകര്‍ക്കുണ്ടായിരുന്നില്ല.  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഭാഗമായി രൂപപ്പെട്ടതാണ് ഈ കല്‍ത്തൂണുകള്‍ എന്ന് പിന്നീട് ഗവേഷകര്‍ കണ്ടെത്തി. അഗ്നിപർവതത്തിന്‍റെ പ്രവര്‍ത്തനഫലമായി ഉണ്ടായ ചൂടുള്ള ചാരത്തിലേക്ക് മഞ്ഞ്‌ ഉരുകി ഒഴുകിയെന്നും തുടര്‍ന്ന് ഈ ചാരത്തില്‍ നിറഞ്ഞ വെള്ളം നീരാവിയായി പുറത്തേക്ക് പോയപ്പോള്‍ അവയില്‍ സുഷിരങ്ങള്‍ ഉണ്ടായെന്നും പിന്നീട് ഈ ചാരം ഉറച്ച് അവ ദ്വാരങ്ങളുള്ള കല്ലുകളായി രൂപപ്പെട്ടെന്നുമാണ് അവര്‍ കണ്ടെത്തിയത്. ഏകദേശം നാലായിരം ഏക്കറോളം പരന്നുകിടക്കുന്ന ഈ കല്‍ത്തൂണ്‍ കാട് കാണാനായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. 

Crowley-Lake4
By Alla Gill/shutterstock

"മരുഭൂമിയിലെ പാതിരി" എന്നറിയപ്പെട്ടിരുന്ന ഫാദര്‍ ജോണ്‍ ജെ ക്രൗളിയുടെ ഓര്‍മയ്ക്കായാണ് തടാകത്തിന് ആ പേര് നല്‍കിയത്. ഓവൻസ് നദിയുടെ ചരിത്രത്തില്‍ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. ലോസ് ഏഞ്ചൽസ് നഗരം ജലവിതരണം ഏറ്റെടുക്കുന്നത് ഓവൻസ് താഴ്‌വരയിൽ കാർഷിക മേഖലയെ നശിപ്പിക്കും എന്നൊരു സാഹചര്യം വന്നപ്പോള്‍ ഫാദര്‍ ക്രൗളി അവരെ സമാധാനിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. അദ്ദേഹം താഴ്‍‍‍‍‍വരയിലുടനീളമുള്ള വീടുകളില്‍ കയറിയിറങ്ങുകയും ഈ പ്രദേശം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാമെന്നും അതിലൂടെ വരുമാനം നേടാമെന്നും അവരെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് പില്‍ക്കാലത്ത് യാഥാര്‍ത്ഥ്യമായി.

മനോഹരമായ കാഴ്ചകള്‍ മാത്രമല്ല, ഫിഷിങ്ങിനും പേരുകേട്ടതാണ് ഇവിടം. എല്ലാ വര്‍ഷവും ലോസ് ഏഞ്ചൽസ് ജല-വൈദ്യുതി വകുപ്പിന്‍റെ സഹകരണത്തോടെ ഇവിടെ ഫിഷിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഉദ്ഘാടന ദിവസം തന്നെ 6,000 മുതൽ 10,000 വരെ ആളുകള്‍ ഇതിനായി എത്തിച്ചേർന്നിട്ടുണ്ട്. ഈ സമയത്ത് സന്ദർശകർക്ക് ബോട്ടുകൾ വാടകയ്‌ക്കെടുക്കാനും ക്യാമ്പിങ് സൈറ്റുകൾ ബുക്ക് ചെയ്യാനുമെല്ലാം സൗകര്യം ഒരുക്കാറുണ്ട്‌. 

 

English Summary: Crowley Lake Stone Columns California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com