ADVERTISEMENT

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള എഗാക്കി നഗരത്തിലെ സായ്, നാഗര നദികളുടെ സംഗമസ്ഥാനത്താണ് സുനോമാത കൊട്ടാരം സ്ഥിതിചെയ്യുന്നത്. കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ശക്തമായ അടിത്തറയ്ക്ക് മുകളിൽ മരംകൊണ്ട് നിര്‍മിച്ച ഒരു ജാപ്പനീസ് കോട്ടയാണിത്. വലുപ്പത്തില്‍ വളരെ ചെറുതാണെങ്കിലും ഇതിനെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. ഒറ്റ രാത്രി കൊണ്ടാണ് ഈ കൊട്ടാരം നിര്‍മിച്ചതെന്നാണ് ഐതിഹ്യം. ഒരു രാത്രി കൊണ്ട് നിര്‍മിച്ചതെന്ന അര്‍ത്ഥത്തില്‍ 'ഇച്ചിയ കാസിൽ' എന്നും സുനോമാതയ്ക്ക് പേരുണ്ട്. 

തൊട്ടടുത്തുള്ള ഒഗാക്കി കോട്ടയുടെ മാതൃകയിൽ 1991ൽ പുനര്‍നിര്‍മിച്ച കോട്ടയാണ് ഇന്നിവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് കാണാനാവുക. ഒരു മ്യൂസിയമായാണ് സുനോമാത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സമുറായി കവചങ്ങളും അക്കാലത്തെ ആയുധങ്ങളുമെല്ലാം ഇന്നിവിടെ കാണാം. കോട്ടയുടെ പരിസരം നിറയെ  നൂറുകണക്കിന് ചെറി മരങ്ങളാണ്. വസന്തകാലത്ത് പൂത്തുലയുന്ന ചെറി മരങ്ങള്‍ കണ്ണിനുല്‍സവം പകരുന്ന കാഴ്ചയാണ്.

ജെആര്‍ ഒഗാക്കി സ്റ്റേഷനില്‍ നിന്നും മീഹാന്‍ കിന്‍കെറ്റ്സു ബസില്‍ കയറി സുനോമാത സ്റ്റോപ്പില്‍ ഇറങ്ങി അഞ്ചു മിനിട്ട് ദൂരം നടന്നാല്‍ കോട്ടയിലെത്താം. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിച്ച സമയം. തിങ്കളാഴ്ചകളിലും പൊതു അവധിദിനങ്ങളിലും സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. മുതിര്‍ന്നവര്‍ക്ക് 200 യെന്‍ ആണ് ടിക്കറ്റ് നിരക്ക്.

കഥ ഇങ്ങനെ

Sunomata-Castle-Japan1
By daisai/shutterstock

പതിനാറാം നൂറ്റാണ്ടിലെ ശക്തനായ ഫ്യൂഡൽ പ്രഭു ഓഡാ നോബുനാഗയുടെ ജനറലുകളിലൊരാളായിരുന്ന ടൊയോട്ടോമി ഹിഡയോഷിയാണ് ഈ കൊട്ടാരം പണിതത്. അയൽപ്രദേശമായ മിനോ പ്രവിശ്യയിലെ സെയ്റ്റ് വംശമായിരുന്നു ഓഡാ നോബുനാഗയുടെ ഏറ്റവും വലിയ എതിരാളികള്‍. അവരുടെ നേതാവായ സെയ്റ്റോ ദോസന്‍റെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. രണ്ടു കുലങ്ങൾ തമ്മിലുള്ള ശത്രുത അവസാനിക്കുമെന്ന പ്രതീക്ഷയിൽ നോബുനാഗയുടെ പിതാവ് ഉണ്ടാക്കിയെടുത്ത ഒരു രാഷ്ട്രീയ ഉടമ്പടിയായിരുന്നു ആ വിവാഹം.

സാധാരണയായി ഭരണാധികാരികള്‍ ചെയ്യാറുള്ളതുപോലെ തന്നെ മൂത്തമകൻ സെയ്റ്റ യോഷിതത്സുവിനെ അടുത്ത അവകാശിയാക്കാനായിരുന്നു സെയ്റ്റോ ദോസന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഡാ നോബുനാഗയുടെ കഴിവും പ്രാപ്തിയും കണ്ടപ്പോള്‍, തന്‍റെ അവകാശിയാകാന്‍ സ്വന്തം മക്കളേക്കാൾ അർഹതയുള്ളത് മരുമകനാണ് എന്നദ്ദേഹം ചിന്തിക്കാന്‍ തുടങ്ങി. ഇക്കാര്യം മണത്തറിഞ്ഞ യോഷിതത്സു 1556-ൽ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു, തുടർന്ന് പിതാവിനെയും ഇളയ സഹോദരന്മാരെയും കൊലപ്പെടുത്തി.

1561-ൽ യോഷിതത്സു ഒരു അസുഖത്തെ തുടർന്ന് മരിച്ചു, അദ്ദേഹത്തിന്‍റെ മകൻ സെയ്റ്റ തത്സുവോക്കിയായിരുന്നു അടുത്ത ഭരണാവകാശി. എന്നാല്‍ അയാള്‍ അച്ഛനെപ്പോലെ നേതൃത്വശേഷി ഉള്ള ആളായിരുന്നില്ല. കീഴുദ്യോഗസ്ഥർ അദ്ദേഹത്തെ പുച്ഛത്തോടെ വീക്ഷിക്കുകയും കർഷകർ പോലും പുച്ഛിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്ത്, മിനോ പ്രദേശത്തെ സെയ്റ്റോ അനുഭാവികളെയും യുദ്ധപ്രഭുക്കളെയും തങ്ങളുടെ കഴിവില്ലാത്ത ഭരണാധികാരിയെ ഉപേക്ഷിക്കാനും തന്‍റെ മേധാവിത്വം അംഗീകരിക്കാനുമായി നോബുനാഗ ബോധ്യപ്പെടുത്താന്‍ ശ്രമം തുടങ്ങി.

പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് തന്‍റെ സാമ്രാജ്യത്തിന്‍റെ നെടുംതൂണായി സായ്, നാഗര നദികളുടെ സംഗമസ്ഥാനത്ത് ഒരു കോട്ട പണിയാന്‍ നോബുനാഗ തീരുമാനിച്ചു. അതിനായി തന്‍റെ വിശ്വസ്തനായ ടൊയോട്ടോമി ഹിഡയോഷിയെ നോബുനാഗ നിയോഗിച്ചു. തുടര്‍ന്ന് ഹിഡയോഷി നാഗര നദിയുടെ എതിർവശത്ത് ഉണ്ടായിരുന്ന മരങ്ങൾ വെട്ടി ഒറ്റ രാത്രി കൊണ്ട് ഈ കോട്ട നിര്‍മ്മിച്ചെന്നാണ് കഥ. നേരം പുലര്‍ന്നു നോക്കിയപ്പോള്‍ ഒറ്റ രാത്രി കൊണ്ട് പൊങ്ങി വന്ന കോട്ട കണ്ട് എതിരാളികള്‍ സ്തംഭിച്ചു പോവുകയും ആ അവസരം മുതലെടുത്ത്‌ വരും ദിനങ്ങളില്‍ നോബുനാഗ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു.

English Summary: Sunomata Castle Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com