അപൂര്‍വ ജീവജാലങ്ങളുമായി കല്ലു കൊണ്ടൊരു കാട്; ലോകത്ത് ഒരിടത്ത് മാത്രം

Tsingy-de-Bemaraha-National-Park-Madagascar
SHARE

മഡഗാസ്കറിന്‍റെ പടിഞ്ഞാറൻ തീരത്തെ മെലാക്കി മേഖലയിൽ സ്ഥിതിചെയ്യുന്ന സിങ്കി ഡി ബെമരാഹ നാഷണൽ പാർക്ക് ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഒരു വന്യജീവി ആവാസ കേന്ദ്രമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ജീവികളും സസ്യങ്ങളുമാണ്‌ ഇവിടെയുള്ളത്. മഡഗാസ്കറിലുള്ള 90% ജീവജാലങ്ങളും ഭൂമിയിൽത്തന്നെ മറ്റൊരിടത്തും കാണപ്പെടാത്തതാണ്.

എവിടെ നോക്കിയാലും ചുണ്ണാമ്പ് കല്ലുകള്‍ കോട്ട പോലെ ഉയര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് ഈ നാഷണല്‍ പാര്‍ക്കിനുള്ളിലെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. സസ്യങ്ങള്‍ക്കിടയില്‍ പുറ്റുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഇവയുടെ ആകാശക്കാഴ്ച അതിമനോഹരമാണ്. ദ്വാരങ്ങളുള്ള ചുണ്ണാമ്പുകല്ലുകളില്‍ മഴയുടെയും മറ്റു പ്രകൃതിപ്രതിഭാസങ്ങളുടെയും പ്രവര്‍ത്തന ഫലമായാണ് ഇവയ്ക്ക് ഇന്ന് കാണുന്ന തരത്തിലുള്ള പ്രത്യേകതരം രൂപം കൈവന്നത്. വളരെ സങ്കീർണ്ണവും അപൂർവവുമാണ് ഈ രൂപങ്ങള്‍. 

മഡഗാസ്കറിന് പുറത്ത് ഇതിനു സമാനമായ രൂപങ്ങള്‍ കാണപ്പെടുന്നത് വളരെ കുറവാണ്. ഭൂഗർഭജലം വലിയ ചുണ്ണാമ്പുകല്ലുകളിലേക്ക് പ്രവേശിച്ച് അവയുടെ പലഭാഗങ്ങളും അലിഞ്ഞു പോയിരിക്കാം എന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഇങ്ങനെ 120 മീറ്റർ വരെ ഉയരമുള്ള ഘടനകള്‍ ഇവിടെ കാണാം. ഇവയ്ക്കുള്ളിലൂടെ കടന്നു പോവുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പാര്‍ക്കിന്‍റെ പേരു തന്നെ വന്നത് അങ്ങനെയാണെന്ന് പറയാം; 'സിങ്കി' എന്നാല്‍ മഡഗാസ്കറിന്‍റെ പ്രാദേശിക ഭാഷയായ മലഗാസിയില്‍ 'നഗ്നപാദങ്ങള്‍ കൊണ്ട് നടക്കാനാവാത്ത സ്ഥലം' എന്നാണര്‍ത്ഥം.

Tsingy-de-Bemaraha-National-Park-Madagascar1
By Dennis van de Water/shutterstock

ഈ ചുണ്ണാമ്പുകല്ലുകള്‍ പല പല തട്ടുകളായാണ് കാണപ്പെടുന്നത്. ഓരോ തട്ടിലും ഓരോ തരം ജീവികള്‍ വസിക്കുന്നു. ഏറ്റവും ഉയർന്ന സ്ഥലങ്ങളില്‍ താപനില പലപ്പോഴും മുപ്പതു ഡിഗ്രിയിൽ കൂടുതലായിരിക്കും. ഇത്തരം സവിശേഷതകള്‍ അതിജീവിക്കാന്‍ കഴിവുള്ള ജീവജാലങ്ങള്‍ മാത്രമാണ് ഇവിടെ കാണപ്പെടുന്നത്. 

വെളുത്ത രോമങ്ങളുള്ള 'ഡെക്കന്‍റെ സിഫാക്ക' എന്നയിനം ലെമറുകൾ പാറക്കെട്ടുകളെ ഹൈവേയായി ഉപയോഗിക്കുന്നു. ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കാനായി അവ ഈ  കല്‍ഘടനകള്‍ ഉപയോഗിക്കുന്നു. മഡഗാസ്കറിന്‍റെ ഏറ്റവും വലിയ സവിശേഷതയാണ് ലെമറുകള്‍. 30-ലധികം വ്യത്യസ്ത ഇനം ലെമറുകൾ ഇവിടെ കാണപ്പെടുന്നു. 

മൊറോണ്ടോവ പട്ടണത്തിൽ നിന്ന് റോഡ് മാർഗം സിങ്കി ഡി ബെമരാഹ നാഷണൽ പാർക്കിലേക്ക് പ്രവേശിക്കാം. ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്താണ് ഇവിടെ സന്ദര്‍ശകരെ അനുവദിക്കുന്നത്. ഗ്രേറ്റ് സിങ്കി, ലിറ്റിൽ സിങ്കി, സിങ്കി ഡി ബെമാരാഹ പ്രകൃതി സംരക്ഷണ കേന്ദ്രം എന്നിങ്ങനെ മൂന്നു പ്രദേശങ്ങള്‍ ഒരുമിച്ചാണ് സിങ്കി ഡി ബെമരാഹ നാഷണൽ പാർക്ക് എന്ന് വിളിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നു കൂടിയാണ് ഇത്.

English Summary: Tsingy de Bemaraha National Park 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA