കാണുമ്പോൾ തലകറങ്ങും, പാറമുകളിലെ കുത്തനെയുളള ആകാശ ഗോവണി!

Climbing-Giant-Rock
SHARE

കൊളംബിയയുടെ മുഖമുദ്ര എന്ന് പറയാവുന്ന കാഴ്ചകളില്‍ ഒന്നാണ് റോക്ക് ഓഫ് ഗ്വാട്ടപ്പെ. അന്തിയോക്വിയ പ്രവിശ്യയിലെ ഗ്വാട്ടപ്പെ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ പാറക്കെട്ടാണ് ഇത്. ഗ്വാട്ടപ്പെയുമായി അതിര്‍ത്തി പങ്കിടുന്ന എൽ പെനോൾ പട്ടണത്തിലാണ് ഈ പാറയുടെ മറുഭാഗം. അതുകൊണ്ടുതന്നെ അവിടുത്തുകാര്‍ ഇതിനെ 'ലാ പിയേഡ്ര ഡെൽ പെനോൾ' എന്നും വിളിക്കുന്നു.

ഏകദേശം 66 ദശലക്ഷം ടൺ ഭാരമുള്ള ഈ കൂറ്റൻ പാറയ്ക്ക് ആയിരക്കണക്കിന് വർഷം പഴക്കമുണ്ട്. 200 മീറ്റർ ഉയരമുള്ള ഈ പാറയുടെ ഏറ്റവും മുകള്‍വശത്തേക്ക് നടന്നു കയറാനായി  649ൽ കൂടുതൽ പടികളുള്ള ഒരു ഗോവണിയുണ്ട്. കുത്തനെ സിഗ്സാഗ് മോഡലില്‍ നിര്‍മിച്ച ഈ പടികളിലൂടെ കയറിപ്പോകുന്നത് അല്‍പ്പം ശ്രമകരമായ ജോലിയാണ്. എന്നാല്‍പ്പോലും പാറയുടെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ച ആസ്വദിക്കുന്നതിനായി നിരവധി സഞ്ചാരികളാണ് അവധിദിനങ്ങളില്‍ ഇവിടെയെത്തുന്നത്.

പാറയുടെ ഏറ്റവും അടിഭാഗത്ത് സഞ്ചാരികള്‍ക്കായുള്ള ഭക്ഷണ, മാർക്കറ്റ് സ്റ്റാളുകളുണ്ട്. പടികൾ പകുതിയോളം മുകളിലേക്ക് കയറിയാല്‍ കന്യാമറിയത്തിന്‍റെ ദേവാലയം കാണാം. ഏറ്റവും മുകളില്‍ എത്തിയാല്‍ മൂന്ന് നിലകളുള്ള വ്യൂപോയിന്‍റ്  ടവർ, ഒരു കൺവീനിയൻസ് സ്റ്റോർ, ഇരിക്കാനുള്ള സ്ഥലം എന്നിവയുമുണ്ട്. യാത്രയുടെ ഓര്‍മ്മക്കായി കരകൌശല വസ്തുക്കൾ, പോസ്റ്റ്കാർഡുകൾ, മറ്റ് പ്രാദേശിക വസ്തുക്കൾ എന്നിവ ഇവിടെ നിന്നും വാങ്ങാം. വ്യൂപോയിന്‍റ് ടവറിന്‍റെ ഏറ്റവും മുകളിലേക്കെത്താന്‍ വീണ്ടും പടികള്‍ കയറണം. ഇവിടെ നിന്ന് നോക്കിയാല്‍ കാണുന്ന അഞ്ഞൂറ് കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഡാമിന്‍റെ കാഴ്ചയാണ് മറ്റൊരു പ്രത്യേകത. 

ഈ പ്രദേശത്തെ മുൻ നിവാസികളായ തഹാമി ഗോത്രക്കാര്‍ ഈ പാറയെ ആരാധിച്ചിരുന്നു. പാറ എന്നര്‍ത്ഥം വരുന്ന 'മുജാരെ' എന്നായിരുന്നു അവര്‍ ഇതിനെ വിളിച്ചിരുന്നത്. ഗ്വാട്ടപ്പെയിലെയും പെനോളിലെയും ആളുകളുടെ വിശ്വാസവുമായി ഈ പാറ ബന്ധപ്പെട്ടു കിടക്കുന്നു. വര്‍ഷങ്ങളായി ആര്‍ക്കാണ് ഇതിന്‍റെ ഉടമസ്ഥാവകാശം എന്നതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കല്ലിന്‍റെ പടിഞ്ഞാറൻ മുഖത്ത് ഇംഗ്ലീഷ് അക്ഷരമാലയിലെ "ജി" യും അപൂർണ്ണമായ "യു" ഉം കാണാം. ഗ്വാട്ടപ്പെ നിവാസികള്‍ തങ്ങളുടെ പട്ടണത്തിന്‍റെ പേര് ഇതിന്മേല്‍ വരച്ചു വെക്കാന്‍ ശ്രമിച്ചിരുന്നു. ഇത് കണ്ട എൽ പെനോൾ നിവാസികൾ ആ ശ്രമം തടഞ്ഞു. അതോടെ നഗരത്തിന്‍റെ പേര് പാറമേല്‍ അപൂര്‍ണമായി അവശേഷിച്ചു.

ഗ്രാനൈറ്റ് കൊണ്ടാണ് ഈ പാറ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥയെയും മണ്ണൊലിപ്പിനെയും പ്രതിരോധിക്കുന്നതിനാല്‍ വര്‍ഷങ്ങളായി പറയത്തക്ക നാശമൊന്നും ഈ പാറയ്ക്ക് സംഭവിച്ചിട്ടില്ല. 1940 കളിൽ കൊളംബിയൻ സർക്കാർ ഈ പറയെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.

1954 ജൂലൈയിൽ ലൂയിസ് വില്ലെഗാസ്, പെഡ്രോ നെൽ റാമിറെസ്, റാമൻ ഡിയാസ് എന്നീ സാഹസിക സഞ്ചാരികളാണ് ആദ്യമായി ഈ പാറയിൽ കയറിയത്. അഞ്ച് ദിവസമെടുത്തു അവര്‍ ഏറ്റവും മുകളിലെത്താന്‍. മരത്തടികള്‍ ഉപയോഗിച്ചാണ് അവര്‍ മുകളിലേക്കെത്തിയത്. 

English Summary: Piedra Del Penol Colombia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA