വില 39 കോടി, അതിശയമായി ദുബായിലെ ഒഴുകും കടല്‍വീട്

Floating-House--in-Ras-Al-Khaimah
SHARE

കടലിലൂടെ ബോട്ടിലും കപ്പലിലുമെല്ലാം യാത്ര ചെയ്യുമ്പോള്‍ സഞ്ചാരികളില്‍ പലരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന്. എന്നും കടലിനരികില്‍ താമസിക്കാന്‍ കഴിയുന്ന അനുഭവം എങ്ങനെയായിരിക്കും എന്ന് ഓര്‍ത്തു നോക്കിയിട്ടുണ്ടോ? കടല്‍ക്കാറ്റിനോട്‌ കിന്നാരം പറഞ്ഞിരിക്കാം... ചുവന്ന തളികപോലെ സൂര്യന്‍ കടലിലേക്ക് ആഴ്ന്നു പോകുന്ന സുന്ദരമായ അസ്തയക്കാഴ്ച കാണാം... ഇഷ്ടം പോലെ കടല്‍ത്തിരകളുടെ സംഗീതം കേള്‍ക്കാം... ഇപ്പോഴിതാ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് ദുബായ്. കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയില്‍ നിര്‍മ്മിച്ച വീടുകളുടെ വില്‍പ്പന ദുബായ് ആരംഭിച്ചു. ഇത്തരത്തിലുള്ള ആദ്യ വീടിന്‍റെ വില്‍പ്പന കഴിഞ്ഞ ദിവസം നടന്നു.

റാസൽഖൈമയിലെ അൽഹംറ തുറമുഖത്താണ് ഈ വീടുകള്‍ സ്ഥിരമായുണ്ടാവുക. ഈ വീടിനു ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് കടലിൽ സഞ്ചരിക്കാനാവും. റാസൽഖൈമയിൽ നിന്ന് ദുബായിലെ ജുമൈറയിലേക്ക് വീടിനുള്ളില്‍ ഇരുന്നുതന്നെ ഉല്ലാസയാത്ര നടത്താം. 

floting-housejpg.jpg.image.845.440

156 സ്യൂട്ടുകളുള്ള ആഡംബര ഹോട്ടൽ, ഒഴുകി നടക്കുന്ന 12 വീടുകള്‍ എന്നിവയടക്കമുള്ള ഭീമൻ റിസോർട്ട് പദ്ധതി 2023ൽ പൂർത്തിയാകും. വിനോദ സഞ്ചാര മേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും ദുബായുടെ കുതിപ്പിന് ഈ പദ്ധതി സഹായിക്കും എന്നാണ് കരുതുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഈ വീടുകള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.

നെപ്റ്റ്യൂൺ സീ റിസോർട്ട് എന്ന പേരിലാണ് ദുബായ് കടലിലെ ഈ പാർപ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കുന്നത്. കപ്പൽ നിർമാണ കമ്പനിയായ സീഗേറ്റാണ് ഈ പദ്ധതിയുടെ നടത്തിപ്പ്. ഇത്തരത്തിലുള്ള ആദ്യവീട് 200 ലക്ഷം ദിർഹമിനാണ് വിറ്റത്. ഇന്ത്യന്‍ രൂപ ഏകദേശം 39 കോടിയോളം വരും ഇത്. ഇന്ത്യൻ വ്യവസായിയായ ബൽവീന്ദർ സഹാനിയാണ് ആദ്യവീട് സ്വന്തമാക്കിയത്. 

എല്ലാവിധ സുഖസൗകര്യങ്ങളും ഈ കടല്‍വീടിനകത്തുണ്ട്. ആകെ 900 ചതുരശ്രമീറ്റർ വലുപ്പമുള്ള ഈ ഇരുനില ഫ്ലോട്ടിങ് ഹൗസിനുള്ളില്‍ ആഡംബരപൂര്‍ണ്ണമായ നാല് ബെഡ് റൂമുകളുണ്ട്. കൂടാതെ, ജോലിക്കാർക്കുള്ള രണ്ട് മുറികൾ, കടൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള വിശാലമായ ബാൽക്കണി, ഗ്ലാസ് സ്വിമ്മിങ്പൂൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഓരോ നിലയും 300 ചതുരശ്ര മീറ്ററാണ്. ഒന്നാം നിലയിൽ 4 കിടപ്പു മുറികളും ശുചിമുറികളുമുണ്ട്. താഴത്തെ നിലയിൽ  വീട്ടുജോലിക്കാരുടെ മുറികളും അടുക്കളയും പൂമുഖവും കൂടാതെ രണ്ട് ബെഡ് റൂമുകളും ഒരുക്കിയിരിക്കുന്നു. 

മലിനജല സംസ്കരണത്തിനും വീടിനുള്ളില്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. സൗരോർജത്തിലാണ് ഉള്ളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ പകര്‍ച്ചവ്യാധികള്‍ പ്രതീക്ഷിക്കാവുന്ന ഭാവികാലത്ത് ആളുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും ഇത്തരത്തിലുള്ള താമസ കേന്ദ്രങ്ങള്‍. 

English Summary: Floating Houses Launched in UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA