ADVERTISEMENT

യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് കൊച്ചിയില്‍ ബിസിനസ് നടത്തുന്ന ബല്‍റാം മേനോന്‍. എത്ര തിരക്കുണ്ടെങ്കിലും എല്ലാ വര്‍ഷവും മുടങ്ങാതെ ബല്‍റാം യാത്രകള്‍ നടത്താറുണ്ട്. അധികമാരും പോകാനിടയില്ലാത്ത രാജ്യങ്ങളും സ്ഥലങ്ങളും അന്വേഷിച്ച് അവിടുത്തെ പ്രത്യേകതകളൊക്കെ അറിഞ്ഞൊരു യാത്ര, അതാണ് ബൽറാമിന് പ്രിയം. മംഗോളിയയയിലേക്കു നടത്തിയ യാത്രയെപ്പറ്റിയും അവിടുത്തെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ബല്‍റാം. 

Mongolia-Travel6

തണുത്തുറഞ്ഞ മഞ്ഞിന്റെ നാട്

മംഗോളിയ അറിയപ്പെടുന്നത് നീലാകാശത്തിന്റെ നാടെന്നാണ്. എന്നാല്‍ വര്‍ഷത്തില്‍ നാലുമാസം മാത്രമാണ് ഇവിടെ നല്ല കാലാവസ്ഥ. ബാക്കി മുഴുവന്‍ സമയത്തും നല്ല കിടിലന്‍ തണുപ്പാണ്. ലോകത്തെ അതിശൈത്യപ്രദേശങ്ങളിലൊന്നാണ് മംഗോളിയ. നാടോടികളുടെ, ചെങ്കിസ്ഖാന്റെ മംഗോളിയയെ യാത്രയ്ക്ക് തിരഞ്ഞെടുക്കാന്‍ ബല്‍റാമിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ സമൂഹമാധ്യമത്തിൽ കണ്ട ഒരു പോസ്റ്റും അതിലൂടെ പരിചയപ്പെട്ട മംഗോളിയക്കാരനുമാണ് തന്നെ ആ സ്ഥലത്ത് എത്തിച്ചതെന്നു ബല്‍റാം പറയുന്നു. 

Mongolia-Travel9

‘സമൂഹമാധ്യമത്തിൽനിന്നാണ് ഡോഗ് സ്‌ളെഡ്ജിങ്ങിനെക്കുറിച്ചുളള വിവരങ്ങള്‍ അറിയുന്നത്. ആ ലേഖനം സൈബീരിയന്‍ ഹസ്‌ക്കി ഇനത്തില്‍പ്പെട്ട നായ്ക്കള്‍ വലിച്ചു കൊണ്ടോടുന്ന സ്‌ളെഡ്ജ് എന്ന വണ്ടിയെക്കുറിച്ചായിരുന്നു. സാധാരണ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇത് നടത്താറുള്ളത്. എന്നാല്‍ എവിടെയൊക്കെ ഡോഗ് സ്‌ളെഡ്ജിങ് നടക്കുന്നു എന്ന അന്വേഷിച്ചപ്പോൾ എന്റെ കണ്ണില്‍ മംഗോളിയ എന്ന പേര് പെട്ടെന്നുടക്കി. മംഗോളിയയെക്കുറിച്ച് കൂടുതല്‍ വായിച്ചറിഞ്ഞപ്പോള്‍ നാടോടികളുടെ ആ നാടും ഡോഗ് സ്‌ളെഡ്ജിങ്ങും ഒന്നു കണ്ടുകളയാം എന്നു തീരുമാനിക്കുകയായിരുന്നു.

മംഗോളിയ സ്വദേശിയായ ബോള്‍ഡ് എന്നയാളുടെ സഹായം തേടി. പുള്ളിക്ക് ഇംഗ്ലിഷ് വശമില്ലാത്തതിനാലും എനിക്ക് മംഗോളിയൻ അറിയാത്തതിനാലും അദ്ദേഹത്തിന്റെ ബ്രിട്ടിഷുകാരിയായ ഭാര്യയാണ് സംസാരിച്ചത്. യാത്രാ സൗകര്യങ്ങളും ചെലവ് കുറഞ്ഞ ഡോഗ് സ്‌ളെഡ്ജിങ്ങും ഒരുക്കിത്തരാെമന്ന് അവർ പറഞ്ഞു. യാത്രയ്ക്കായുള്ള തയാറെടുപ്പുകളും നടത്തി. അവിടുത്തെ കാര്യങ്ങള്‍ക്കുള്ള പണവും അവർക്ക് അയച്ചു. മറ്റു രാജ്യങ്ങളിലേക്ക് പണമിടപാടുകള്‍ നടത്തുന്നതുപോലെ അത്ര എളുപ്പമല്ല മംഗോളിയയിലേക്ക് പണം ട്രാസ്ഫര്‍ ചെയ്യാന്‍. കുറച്ച് കഷ്ടപ്പെട്ടു.

മംഗോളിയ ന്‍യാത്ര അത്ര എളുപ്പമല്ല

മംഗോളിയന്‍ യാത്രാസ്വപ്‌നത്തിന്റെ ചിറകുമുളച്ചു. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല അവിടേയ്ക്കുള്ള യാത്ര. ഒന്നാമത് ഇന്ത്യയില്‍ നിന്നു നേരിട്ട് മംഗോളിയയ്ക്ക് വിമാനസര്‍വീസില്ല. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളൊക്കെ കടന്നുവേണം അവിടെയെത്താന്‍. ആ യാത്ര ചെലവേറിയതാണ്. പരമാവധി ചെലവുകുറച്ച് യാത്ര ആയിരുന്നു ലക്ഷ്യം. അതുകൊണ്ട് ശ്രീലങ്ക വഴി പോകാം എന്നു തീരുമാനിച്ചു. അപ്പോഴും കുരുക്കഴിഞ്ഞിട്ടില്ല. കാരണം അന്യരാജ്യക്കാര്‍ക്ക് മംഗോളിയയില്‍ പ്രവേശിക്കണമെങ്കില്‍ അവിടുത്തുകാരുടെ ഒരു ക്ഷണക്കത്ത് നിര്‍ബന്ധമാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആ മംഗോളിയന്‍ സുഹൃത്ത് എന്നെ അതിനും സഹായിച്ചു. 

Mongolia-Travel7

അടുത്തപടി വീസയ്ക്ക് അപേക്ഷിക്കുക എന്നതാണ്. അതിനായി ഡല്‍ഹിയിലെ മംഗോളിയന്‍ എംബസിയെ സമീപിച്ചു. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മംഗോളിയന്‍ വീസയ്ക്കായുള്ള അപേക്ഷയുടെ തീയതി മുതല്‍ 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മംഗോളിയയ്ക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഒരു മംഗോളിയന്‍ ടൂര്‍ ഏജന്‍സിയില്‍ നിന്നുമുള്ള ക്ഷണപത്രം, ഹോട്ടല്‍ ബുക്കിങ് വൗച്ചറുകള്‍, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്. അതില്‍ മിനിമം ബാലന്‍സ് 1,60,000 ഉണ്ടായിരിക്കണം, സന്ദര്‍ശനോദ്ദേശ്യവും യാത്രയുടെ ദൈര്‍ഘ്യവും വ്യക്തമാക്കിക്കൊണ്ട് മംഗോളിയന്‍ എംബസിക്ക് ഒരു കത്ത് എന്നീ കാര്യങ്ങള്‍ ആവശ്യമാണ്.

Mongolia-Travel

ചെങ്കിസ്ഖാന്റെ സാമ്രാജ്യത്തിലേക്ക്

മംഗോളിയയുടെ പേര് ലോകമാസകലം എത്തിച്ച ഭരണാധികാരിയാണ് ചെങ്കിസ് ഖാന്‍. ചെങ്കിസ് ഖാന്റെ മംഗോളിയന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു മംഗോളിയ. അദ്ദേഹത്തിന്റെ ഭരണകാലത്ത് ലോകത്തിലെ ഏറ്റവും വലിയ രാജ്യം മംഗോളിയ ആയിരുന്നുവത്രേ. അക്കാലത്ത് ലോകം കണ്ടതില്‍ ഏറ്റവും വലിയ, ഒരു ചക്രവര്‍ത്തിക്കു കീഴിലുള്ള സാമ്രാജ്യം മംഗോളിയ ആയിരുന്നു. ചരിത്രത്തില്‍ ചെങ്കിസ്ഖാന് അത്ര നല്ല പേര് അല്ലെങ്കിലും മംഗോളിയക്കാര്‍ ദൈവമായിട്ടാണ് അദ്ദേഹത്തെ ആരാധിക്കുന്നത്. മധ്യ- കിഴക്കനേഷ്യയില്‍ റഷ്യയുടെയും ചൈനയുടെയും മധ്യേയാണ് മംഗോളിയ സ്ഥിതി ചെയ്യുന്നത്. കരഭൂമിയാല്‍ ചുറ്റപ്പെട്ട മംഗോളിയയില്‍ കടുത്ത തണുപ്പുള്ള ശൈത്യകാലവും ദൈര്‍ഘ്യം കുറഞ്ഞ ഉഷ്ണകാലവുമാണുള്ളത്.

Mongolia-Travel1

ശൈത്യകാല രാത്രികളില്‍ താപനില മൈനസ് 40 ഡിഗ്രി വരെ താഴാറുണ്ടെങ്കിലും വര്‍ഷത്തില്‍ 250 ലധികം ദിവസം നല്ല സൂര്യപ്രകാശം ലഭിക്കുന്നത് കൊണ്ടാണ് മംഗോളിയയെ നീലാകാശത്തിന്റെ നാടെന്ന് വിളിക്കുന്നത്. വെറും മൂന്ന് ദശലക്ഷം മാത്രം ജനസംഖ്യയുള്ള മംഗോളിയ ലോകത്തിലെ തന്നെ ഏറ്റവും കുറവ് ജനങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ്. മംഗോളിയയെക്കുറിച്ചുള്ള രസകരമായ ഒരു കാര്യം എണ്ണത്തില്‍ മനുഷ്യരേക്കാള്‍ 13 ഇരട്ടി കുതിരകളും 35 ഇരട്ടി ആടുകളും ഉള്ള ഒരു രാജ്യമാണിത്. ലോകത്തിലെ അവശേഷിക്കുന്ന നാടോടി സംസ്‌ക്കാരങ്ങളില്‍ ഏറ്റവും വലിയ ഒന്നാണ് മംഗോളിയയിലെ ജനവിഭാഗം. അവിടുത്തെ ഭൂരിഭാഗം ജനങ്ങളും കാലികളെയും കുതിരകളെയും മേയ്ച്ചാണ് ജീവിക്കുന്നത്. 

Mongolia-Travel5

നല്ല തണുപ്പുള്ള സമയത്തായിരുന്നു എന്റെ യാത്ര. കുറച്ചു ചുറ്റിക്കറങ്ങി രണ്ടുദിവസം വൈകിയാണ് ഞാന്‍ അവിടെയെത്തുന്നത്. ഒരു പരിചയവുമില്ലാത്ത നാട്ടിലേക്ക് ഒരു പരിചയക്കാരൻ പോലുമില്ലാതെ, നേരിട്ടു കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ടതാണ്. വിശ്വാസം അതാണല്ലോ എല്ലാം. എത്തിച്ചേരാന്‍ വൈകിയപ്പോള്‍ ബോള്‍ഡ് എന്ന ആ മംഗോളിയക്കാരന്‍ വരില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എന്നെ കാത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഡോഗ് സ്‌ളെഡ്ജിങ് നടക്കുന്നയിടത്തേക്കാണ് ബോള്‍ഡ് ആദ്യം കൊണ്ടു പോയത്. ഡോഗ് സ്‌ളെഡ്ജിങ് കൂടാതെ സ്‌നോ പാരാഗ്‌ളൈഡിങ്, ഐസ് ഓഫ് റോഡിങ്, മലമ്പാതകളിലൂടെയുളള ട്രെക്കിങ്, കുതിരസവാരി പോലുള്ള സാഹസിക വിനോദങ്ങളെല്ലാം ഇവിടെയെത്തിയാല്‍ ചെയ്യാം. ശൈത്യകാലമാണ് മംഗോളിയ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം എന്ന് ഞാന്‍ കരുതുന്നു. കാരണം ഇതുപോലെയുള്ള അത്യന്തം ആവേശകരമായ വിനോദങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലേ സാധ്യമാകുകയുള്ളു. അങ്ങനെ ഞാന്‍ ജീവിതത്തിലാദ്യമായി, നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ കയറി. 

മറക്കാനാവില്ല ആ മഞ്ഞുകാലം

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ് ഡോഗ് സ്‌ളെഡ്ജിങ്ങിലെ യാത്ര. നമ്മള്‍ തന്നെയാണ് വണ്ടിയും അതു വലിക്കുന്ന ഹസ്‌കിയെന്ന നായ്ക്കളെയും നിയന്ത്രിക്കുക. ഇതിനായി പ്രത്യേകം പരിശീലനം നല്‍കും. മംഗോളിയന്‍ ഭാഷയിലാണ് നായ്ക്കളെ പരിശീലിപ്പിച്ചിരിക്കുന്നത്. നമ്മള്‍ അവയോട് നില്‍ക്കാന്‍ പറഞ്ഞില്ലെങ്കില്‍ നായ്ക്കള്‍ ഓടിക്കൊണ്ടേയിരിക്കും. തണുത്തുറഞ്ഞ ടെറല്‍ജ് തടാകത്തിലൂടെയും നദിയിലൂടെയും സൈബീരിയന്‍ ഹസ്‌ക്കി നായ്ക്കള്‍ വലിച്ചു കൊണ്ടോടുന്ന വണ്ടിയില്‍ 35 കിലോമീറ്റര്‍ യാത്ര എനിക്ക് തികച്ചും അവിസ്മരണീയമായ ഒരനുഭവമായിരുന്നു.

ഒത്തിരി നാടോടികള്‍ ടെറല്‍ജ് താഴ്‍‍‍‍വാരത്തില്‍ ജീവിക്കുന്നുണ്ടെങ്കിലും ജന്തുജാലങ്ങളുടെ വൈവിധ്യമുള്ള ഈ ഭൂപ്രദേശം ഇപ്പോഴും വളരെ വന്യവും മനോഹരവുമാണ്. ഡോഗ് സ്‌ളെഡ്ജിങ് വണ്ടിയിലുള്ള യാത്രയ്ക്കിടെ കാടിന്റെ നടുവില്‍ ക്യാംപ് ഫയറും ബാര്‍ബിക്യൂവുമൊക്കെയായിട്ടുള്ള ലഞ്ച് ബ്രേയ്ക്കും മറക്കാനാവാത്ത അനുഭവമായിരുന്നു. എന്നാല്‍ എടുത്തുപറയേണ്ട കാര്യം, ഞാന്‍ ഈ യാത്രയ്ക്കിടെ വണ്ടിയില്‍നിന്നു വീണു. ഞാന്‍ വീണെങ്കിലും നായ്ക്കള്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നു, അവയോട് നില്‍ക്കാന്‍ പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ നമ്മളെയും വലിച്ചുകൊണ്ടായിരിക്കും പോക്ക്. 

കുതിരവാലും കാലികളുടെ തോലും കൊണ്ടുണ്ടാക്കിയ ടെന്റ്

അതിനുശേഷം ബോള്‍ഡ് എന്നെ കൊണ്ടുപോയത് നൊമാഡുകള്‍ എന്നറിയപ്പെടുന്ന മംഗോളിയക്കാര്‍ താമസിക്കുന്ന 'ഗെര്‍' എന്നയിടത്തേക്കായിരുന്നു കുതിരവാലും കാലികളുടെ തോലും കൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള ടെന്റിലായിരുന്നു താമസം. കാലികളെ മേയ്ച്ചു ജീവിക്കുന്ന നാടോടി കുടുംബത്തോടൊപ്പം ഒരു ഹിമക്കാടിന്റെ നടുവില്‍ മൈനസ് 20 ഡിഗ്രി തണുപ്പില്‍ വൈദ്യുതിയും പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു വിധ വാര്‍ത്താവിനിമയ സംവിധാനങ്ങളുമില്ലാതെയുള്ള ആ രണ്ടു ദിനങ്ങളുടെ അവിസ്മരണീയമായ അനുഭവം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അവര്‍ എനിക്ക് കുടിക്കാന്‍ ഐറാഗ് എന്ന പാനീയം തന്നു. ഇത് മംഗോളിയയുടെ ദേശീയ പാനീയമാണ്. വളരെ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ, കുതിരപ്പാലില്‍നിന്നു വാറ്റിയെടുക്കുന്ന ഇത് കൊടും തണുപ്പിനെ പ്രതിരോധിക്കാനായിട്ടാണ് ഇവര്‍ കഴിയ്ക്കുന്നത്. 

Mongolia-Travel8

ആത്മാക്കളോട് സംവദിക്കുന്നവര്‍

മംഗോളിയക്കാര്‍ അറിയപ്പെടുന്നത് ആത്മാക്കളോട് സംസാരിക്കുന്നവര്‍ എന്നാണ്. ചെങ്കിസ്‌ഖാന്‍ പോലും ആത്മാക്കളുടെ നിര്‍ദ്ദേശം സ്വീകരിച്ചാണ് യുദ്ധങ്ങള്‍ക്ക് പുറപ്പെട്ടിരുന്നതെന്ന് ചരിത്രരേഖകളില്‍ പറയുന്നു. ഷാമനിസം എന്നാണ് ഈ മതം അറിയപ്പെടുന്നത്. മംഗോളിയയില്‍ ബുദ്ധമതമാണ് പ്രധാനമെങ്കിലും ഷാമനിസത്തില്‍ വിശ്വസിക്കുന്ന ആളുകളും നിരവധിയാണ്. മംഗോളിയന്‍ ഷാമനിസം, കൂടുതല്‍ വിശാലമായി പറഞ്ഞാല്‍ മംഗോളിയന്‍ നാടോടി മതം അല്ലെങ്കില്‍ ഇടയ്ക്കിടെ ടെന്‍ജറിസം എന്നും വിളിക്കപ്പെടുന്നു. മംഗോളിയയിലും പരിസര പ്രദേശങ്ങളിലും (ബുറേഷ്യ, ഇന്നര്‍ മംഗോളിയ എന്നിവയുള്‍പ്പെടെ) നിലവിലുണ്ടായിരുന്ന ആനിമിസ്റ്റിക്, ഷാമനിക് വംശത്തെയാണ് ഈ മതം സൂചിപ്പിക്കുന്നത്. ആദ്യകാലഘട്ടങ്ങളില്‍ ഇത് സാമൂഹിക ജീവിതത്തിന്റെ മറ്റെല്ലാ വശങ്ങളുമായും മംഗോളിയന്‍ സമൂഹത്തിന്റെ ഗോത്രസംഘടനയുമായും സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരുന്നു.പിന്നീട് ബുദ്ധമതവുമായി അത് ഇടപഴകുകയും കൂടിച്ചേരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് വര്‍ഷങ്ങളില്‍ ഇത് വളരെയധികം അടിച്ചമര്‍ത്തപ്പെട്ടു. എന്നാലിപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഈ മതവിശ്വാസം. 

നിരവധി ഷാമെനിസ്റ്റ് ക്ഷേത്രങ്ങള്‍ നമുക്ക് മംഗോളിയയില്‍ കാണാം.അതില്‍ ചിലത് സന്ദര്‍ശിക്കാനും ഷാമെനിസത്തെക്കുറിച്ച് കൂടുതലറിയാനും എനിക്ക് സാധിച്ചു. പുരാതന കാലം മുതലേ ആത്മാക്കളുമായി സംവദിക്കുന്ന ഒരു ടര്‍ക്ക് - മംഗോള്‍ ആചാരാനുഷ്ഠാനമാണ് ഷാമെനിസം.  ഷാമെനിസ്റ്റ് പൂജാവിധികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആത്മാക്കളുടെ സഹായത്തോടെ രോഗശാന്തി ഉള്‍പ്പടെയുള്ള ദിവ്യശക്തികള്‍ ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ യുദ്ധങ്ങള്‍ക്കും മുന്‍പായി ചെങ്കിസ് ഖാന്‍ ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആത്മാക്കളുമായി സംവദിച്ച് ശക്തിയാര്‍ജിച്ചിരുന്നുവെന്നാണ് ഐതിഹ്യം. 

ലോകത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ബല്‍റാമിന് പങ്കുവയ്ക്കാന്‍ ഇനിയുമേറെ യാത്രാവിശേഷങ്ങളുണ്ട്.

 

English Summary: Mongolia Travel Guide 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com